തിരുവഞ്ചൂരിന്റെ ആകാശപ്പാത വെറൈറ്റി അല്ലെ

Saturday Feb 20, 2021
പി സി പ്രശോഭ്‌


കോട്ടയം
‘ആകാശപ്പാത’ പണിയാനെന്ന പേരിൽ നഗര നടുവിൽ കെട്ടിപ്പൊക്കിയത്‌ ഇരുമ്പുവലയം. ഇത്‌ എന്തിനാണെന്ന്‌ ചോദിച്ചാൽ ഒറ്റ കോട്ടയത്തുകാരനും പിടിയില്ല. എന്തിന്‌, ഇത്‌ സ്ഥാപിക്കാൻ മുൻകൈ എടുത്ത എംഎൽഎയ്‌ക്ക്‌ പോലും മറുപടിയില്ല. പറയുന്നത്‌ നാട്ടകം ഗവ. കോളേജിലെ റിട്ട.‌ പ്രിൻസിപ്പൽ പ്രൊഫ. ടി ആർ കൃഷ്‌ണൻകുട്ടി. സാമൂഹ്യ നിരീക്ഷകനും എഴുത്തുകാരനുമായ ഇദ്ദേഹം‌ തന്റെ അമർഷം മറച്ചുവയ്‌ക്കുന്നില്ല.

ചിലന്തിവല പോലെ നഗരത്തിനു മീതെ വ്യാപിച്ചു കിടക്കുന്ന വലിയ ഇരുമ്പു റൗണ്ട് റോഡ്‌ മുറിച്ചുകടക്കാനാണ്‌ നിർമിക്കുന്നതെന്ന്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ പറഞ്ഞിരുന്നു. പിന്നീട്‌ ഗാന്ധി സ്‌മാരകം പണിയുമെന്നും അതിനുശേഷം  കടമുറികൾ തുടങ്ങുമെന്നും പലതവണ മാറ്റിപ്പറഞ്ഞു. ഇപ്പോൾ ഒന്നും പറയുന്നില്ല.

നഗരമധ്യത്തിൽ  കാൽനട യാത്രക്കാർക്കായി ഉമ്മൻചാണ്ടിയുടെ ഭരണകാലത്താണ്‌ പദ്ധതി വിഭാവനം ചെയ്‌ത്‌.‌‌ 2016 ഫെബ്രുവരിയിൽ‌ തറക്കല്ലിട്ടു‌. 1.95 കോടി രൂപ ചെലവിട്ടപ്പോഴാണ്‌ സംഗതി ഇവിടെയൊന്നും നിൽക്കില്ലെന്ന്‌‌ ബോധ്യമായത്‌. മറ്റൊരു പാലാരിവട്ടത്തിന്‌ കോട്ടയം സാക്ഷിയായി–- അദ്ദേഹം പറഞ്ഞു. രണ്ടു കോടിയോളം രൂപ പാഴാക്കിയതിന്‌ എംഎൽഎ മറുപടി പറയണം. തുടക്കത്തിൽ തന്നെ പില്ലറും റൗണ്ടും തമ്മിൽ ചേരാതെ വന്നു. പിന്നെ ഏച്ചുകെട്ടി ഒപ്പിച്ചു.

സ്കൈവാക്ക്‌  മറ്റിടങ്ങളിൽ നടപ്പാക്കിയത്‌ കണ്ടുപഠിക്കേണ്ടിയിരുന്നു. അണ്ടർപാസ്‌ പോലെയുള്ള മാർഗങ്ങളുടെ സാധ്യത പരിശോധിച്ചില്ല. നഗരസഭയിലെ എൽഡിഎഫ്‌ കൗൺസിലർമാർ ഇതിനെ എതിർത്തതാണ്‌; അന്നത്‌ കേട്ടില്ല. കൂറ്റൻ ഇരുമ്പുകൂടാരത്തിന്റെ ഭാവി എന്താകുമെന്ന്‌ കോട്ടയം കാത്തിരിക്കുകയാണെന്നും പ്രൊഫസർ പറഞ്ഞു.