പാലാ സീറ്റ്‌ നൽകാമെന്ന്‌ മുല്ലപ്പള്ളി. 
അങ്ങനെ വേണ്ടെന്ന്‌ ചെന്നിത്തല

തേരാപ്പാരയാകുമോ കാപ്പനും ജോസഫും

Saturday Feb 20, 2021
കെ ശ്രീകണ‌്ഠൻ


തിരുവനന്തപുരം
മാണി സി കാപ്പനെ  മുന്നണിയിൽ എടുക്കുന്നതിനെച്ചൊല്ലിയും പി ജെ ജോസഫിന്റെ കേരള കോൺഗ്രസിനുള്ള സീറ്റ്‌ വിഹിതം സംബന്ധിച്ചും കോൺഗ്രസിൽ പൊരിഞ്ഞ തർക്കം. കാപ്പനെ കോൺഗ്രസിലെടുത്ത്‌ പാലാ സീറ്റ്‌ നൽകാമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും അങ്ങനെ വേണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ഉറച്ചുനിന്നതോടെ പ്രശ്‌നം യുഡിഎഫിന്‌ വിട്ടു.

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പുസമിതി യോഗത്തിലാണ്‌ മുല്ലപ്പള്ളിയും ചെന്നിത്തലയും നിലപാട്‌ കടുപ്പിച്ചത്‌. മുല്ലപ്പള്ളിയെ പിന്തുണച്ച്‌ കൊടിക്കുന്നിൽ സുരേഷും രംഗത്തുവന്നതോടെയാണ്‌ പ്രശ്‌നം യുഡിഎഫിന്‌ വിട്ടത്‌. പി ജെ ജോസഫിന്റ ആവശ്യത്തിനു വഴങ്ങരുതെന്നും യോഗത്തിൽ ആവശ്യമുയർന്നു. 12 സീറ്റ്‌ വേണമെന്നാണ്‌ ജോസഫ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. പാല കഴിച്ച്‌ ബാക്കി 11 എണ്ണം കിട്ടിയേ തീരൂ. വേണമെങ്കിൽ  ചില സീറ്റ്‌ വച്ചുമാറാം–- ജോസഫ് പറയുന്നതിങ്ങനെ‌. ഒരു കാരണവശാലും ഇക്കാര്യം‌ അംഗീകരിക്കരുതെന്നാണ്‌ തെരഞ്ഞെടുപ്പു സമിതിയിൽ ധാരണയായത്‌.

ഗ്ലാമർ നഷ്ടത്തിൽ 
കാപ്പൻ
കാപ്പൻ കോൺഗ്രസിൽ വന്നാൽ ഒപ്പമുള്ളവർ തിരിച്ചുപോകുമെന്നാണ്‌ ചെന്നിത്തല പറയുന്നത്‌. ഈ വാദം  മുല്ലപ്പള്ളി അംഗീകരിച്ചില്ല.  എന്നാൽ, തന്നെ യുഡിഎഫ്‌ ഘടക കക്ഷിയാക്കാമെന്ന്‌ കോൺഗ്രസിലെ ഉത്തരവാദപ്പെട്ടവർ ഉറപ്പുനൽകിയെന്നാണ്‌ കാപ്പന്റെ വാദം. ഇതും‌ മുല്ലപ്പള്ളി അടക്കമുള്ളവർ തള്ളുന്നു.

ചെന്നിത്തലയുടെ യാത്ര പാലായിൽ എത്തിയ ദിവസത്തെ ആവേശം കാപ്പൻ പക്ഷത്തിന്‌ ഇപ്പോഴില്ലെന്നാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിലെ ഭൂരിപക്ഷവും പറയുന്നത്‌. ടി പി പീതാംബരൻ അടക്കമുള്ളവർ എൻസിപി വിട്ട്‌ പുറത്തുവരുമെന്ന്‌ കാപ്പൻ ഉറപ്പുനൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. സംസ്ഥാനതലത്തിൽ അറിയപ്പെടുന്ന നേതാക്കളൊന്നും ഇതുവരെ കാപ്പൻ പക്ഷത്ത്‌ രംഗത്തുവന്നിട്ടില്ല. ഇതും കോൺഗ്രസിനെ വീണ്ടുവിചാരത്തിന്‌ പ്രേരിപ്പിച്ചു‌.

തെരഞ്ഞെടുപ്പ്‌ അടുക്കുംതോറും കാപ്പൻ ദുർബലനാകുകയാണെന്നാണ്‌ കോൺഗ്രസ്‌ വിലയിരുത്തൽ. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ പാലായിൽ ദയനീയമായി തോൽക്കുമെന്ന്‌ മുല്ലപ്പള്ളിയെ അറിയിച്ചെന്നാണ്‌ കാപ്പൻ പറയുന്നത്‌. കാപ്പന്‌ ‘തലയെടുപ്പ്‌’ വിശേഷണം ചാർത്തിയ പി കെ കുഞ്ഞാലിക്കുട്ടിയും ഇപ്പോൾ മിണ്ടുന്നില്ല.

ജോസഫിന്‌ മറ്റുവഴിയില്ല
സീറ്റ്‌ വിഹിതം കുറച്ചാലും ജോസഫിനു മുമ്പിൽ മറ്റു വഴിയില്ലെന്ന്‌‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പുസമിതിയിലെ വികാരം. മോൻസ്‌ ജോസഫിനെ കൈയിലെടുക്കാനാണ്‌ യുഡിഎഫിനും താൽപ്പര്യം. ഇക്കാര്യം ജോസഫിനും അറിയാം.