ബാലുശേരി: ഈ മണ്ണ്‌ ഇടതുപക്ഷത്തിനൊപ്പം

Saturday Feb 20, 2021
സ്വന്തം ലേഖകന്‍

കോഴിക്കോട്> കൃഷിപ്രിയരാണ്‌ ബാലുശേരിക്കാർ. അതുപോലെതന്നെ  രാഷ്‌ട്രീയത്തിനും പാകമുള്ള മണ്ണാണിത്‌. ഈ നല്ല മനസ്സിൽ ഇടതുപക്ഷത്തിന്‌ ശക്തമായ വേരോട്ടവുമുണ്ട്‌. മലയോരവുമായും നഗരവുമായും അതിർത്തി പങ്കിടുന്ന മണ്ഡലമാണിത്‌. ഉണ്ണികുളം, പനങ്ങാട്, ബാലുശേരി, കായണ്ണ, കോട്ടൂർ, നടുവണ്ണൂർ, ഉള്ള്യേരി, അത്തോളി, കൂരാച്ചുണ്ട് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌  ബാലുശേരി മണ്ഡലം.

1957 ലാണ് മണ്ഡലം രൂപീകൃതമായത്‌. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ണികുളം, അത്തോളി, കൂരാച്ചുണ്ട് പഞ്ചായത്തുകൾ ഒഴികെ എല്ലാ പഞ്ചായത്തുകളും എൽഡിഎഫിനൊപ്പമാണ്‌.  2008ലെ മണ്ഡല പുനർനിർണയത്തിനു ശേഷം പട്ടികജാതി സംവരണ മണ്ഡലമായി മാറി.  1980 മുതൽ 20‌ വർഷം എ സി  ഷൺമുഖദാസ്  ബാലുശേരിയെ പ്രതിനിധീകരിച്ചു. 2006 ൽ  എ കെ  ശശീന്ദ്രൻ  എംഎൽഎയായി.

രണ്ടു‌ തവണ വിജയിച്ച പുരുഷൻ കടലുണ്ടി എംഎൽഎ നിരവധി വികസന മുന്നേറ്റമാണ്‌ കൊണ്ടുവന്നത്‌. ജില്ലയിലെ  മികച്ച ബസ്‌സ്‌റ്റാൻഡ്‌, ‌ഗ്രാമ പ്രദേശങ്ങളിലെ റോഡുകളുടെ നിലവാരം എന്നിവ മെച്ചപ്പെടുത്തി.  
പ്രവൃത്തി അന്തിമഘട്ടത്തിലായ ഭൂഗർഭ ശ്മശാനം തുടങ്ങിയ എണ്ണിയൊലൊടുങ്ങാത്ത വികസനത്തിനാണ്‌ മണ്ഡലം സാക്ഷ്യം വഹിച്ചത്‌.

ജനപ്രതിനിധികൾ

1957, 1960- എം നാരായണക്കുറുപ്പ് (പിഎസ്‌പി)
1965, 67- എ കെ  അപ്പു (എസ്എസ്‌പി)
1970- എ സി  ഷൺമുഖദാസ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
1977- പി കെ  ശങ്കരൻ കുട്ടി (ഭാരതീയ ലോക്ദൾ)
1980- എ സി  ഷൺമുഖദാസ്(ഇന്ത്യൻ നാഷണൽ കോൺഗ്രസ് -യു)
1982, 1987,1991, 1996- എ സി  ഷൺമുഖദാസ് (കോൺഗ്രസ്- എസ്)
2001- എ സി  ഷൺമുഖദാസ് (എൻസിപി)
2006- എ കെ  ശശീന്ദ്രൻ (എൻസിപി)
2011, 2016- പുരുഷൻ കടലുണ്ടി (സിപിഐ എം)

2016ലെ വോട്ടുനില
പുരുഷൻ കടലുണ്ടി (എൽഡിഎഫ്‌) - 82,914
യു സി രാമൻ (യുഡിഎഫ്‌) 67,450
പി കെ സുപ്രൻ (എൻഡിഎ) 19,324
ഭൂരിപക്ഷം- 15,464
വോട്ടർമാർ
മൊത്തം: 2,17,460
പുരുഷന്മാർ: 1,05,004
സ്‌ത്രീകൾ: 1,12,454
ട്രാൻസ്‌ജെൻഡർ: 2