ഏത്‌ സർവേ നടത്തിയാലും മണ്ഡലം 
വിട്ടുകൊടുക്കില്ലെന്ന്‌ ഗ്രൂപ്പുകൾ

ഗ്രൂപ്പ്‌ വിട്ടൊരു കളിക്കില്ലെന്ന്‌ "എ'യും "ഐ'യും

Friday Feb 19, 2021
പ്രത്യേക ലേഖകൻ



തിരുവനന്തപുരം
കോൺഗ്രസ്‌ സ്ഥാനാർഥി നിർണയത്തിന്‌ സർവേ നടത്തുന്ന ഏജൻസികൾക്കെതിരെ ഗ്രൂപ്പുകളിൽ എതിർപ്പ്‌ ശക്തമായി. ഗ്രൂപ്പുകളെ തഴഞ്ഞുള്ള സ്ഥാനാർഥി നിർണയത്തിനെതിരെ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി നീങ്ങാൻ തീരുമാനിച്ചു.
എ കെ ആന്റണിയുടെയും ഉമ്മൻചാണ്ടിയുടെയും മക്കളെ ഉൾപ്പെടുത്തി മുംബൈ ആസ്ഥാനമായ പി ആർ ഏജൻസി നൽകിയ പട്ടികയോടാണ്‌‌ എതിർപ്പ്‌ രൂക്ഷമാക്കിയത്‌. ഗ്രൂപ്പുകളെ തഴഞ്ഞുള്ള നീക്കം കൈയ്യുംകെട്ടി നോക്കിയിരിക്കാൻ കഴിയില്ലെന്ന വികാരം നേതൃത്വം അണികളുമായി പങ്കുവച്ചു.

സീറ്റുകൾ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ വീതംവയ്‌ക്കുന്ന പരമ്പരാഗത രീതി പൊളിക്കാനും സ്ഥാനാർഥി നിർണയത്തിൽ പിടിമുറുക്കാനും ഹൈക്കമാൻഡ്‌ നീക്കം ശക്തമാക്കിയതോടെയാണ്‌ ഗ്രൂപ്പുകളും നീക്കം കടുപ്പിക്കുന്നത്‌.
വിജയ സാധ്യതയുടെ പേരിൽ വേണ്ടപ്പെട്ടവരെ തിരുകി കയറ്റാനും കെട്ടിയിറക്കാനുമാണ്‌ ഹൈക്കമാൻഡ്‌ നീക്കമെന്നാണ്‌ ആരോപണം.


 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിച്ച സീറ്റുകളിൽ വിട്ടുവീഴ്‌ചയില്ലെന്ന നിലപാടിലാണ്‌ എ, ഐ ഗ്രൂപ്പുകൾ. ഏത്‌ കൊലകൊമ്പൻ ഏജൻസിയായാലും ഹൈക്കമാൻഡ്‌ ‘കെണി’ തിരിച്ചറിയണമെന്ന നിലപാടിലാണ്‌ ഗ്രൂപ്പുകൾ. സ്ഥാനാർഥി മോഹികൾ ഗ്രൂപ്പ്‌ നേതാക്കളെ വിട്ട്‌ പിആർ ഏജൻസിയുമായി നേരിട്ട്‌ ഇടപെടുകയാണെന്ന ആക്ഷേപവും ഉയർന്നു. ഒരു മണ്ഡലത്തിൽ ഒമ്പതുമുതൽ പതിനഞ്ചുവരെ പേരടങ്ങിയ പട്ടികകളാണ്‌ ഏജൻസികൾ നൽകിയിട്ടുള്ളത്‌. ഇത്‌ ഹൈക്കമാൻഡ്‌ പരിശോധിച്ചശേഷം പട്ടിക ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിക്ക്‌ നൽകും. അവരുടെ പരിശോധനയ്‌ക്കുശേഷം ചുരുക്കപ്പട്ടിക ഹൈക്കമാൻഡിന്‌ തിരികെ നൽകും. അന്തിമ തീരുമാനം ഹൈക്കമാൻഡിന്റെ കൈയിലാണ്‌.

ഇതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പും കരുത്താർജിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ, കെ സുധാകരൻ തുടങ്ങിയവരുമായി ഒരു കൂടിയാലോചനയും നടത്താതെയാണ്‌ വേണുഗോപാലിന്റെ നീക്കം. കെപിസിസി ആസ്ഥാനത്ത്‌ വന്നുപോകുന്നൂവെന്നല്ലാതെ മുല്ലപ്പള്ളിക്ക്‌ ഒരു റോളുമില്ലാത്ത അവസ്ഥയാണ്‌. ഗ്രൂപ്പ്‌ രഹിതരും പഴയ എ, ഐ ഗ്രൂപ്പുകാരും ഇപ്പോൾ കെ സി വേണുഗോപാലിനൊപ്പമാണ്‌. ഹൈക്കമാൻഡിലെ സ്വാധീനം മുൻനിർത്തി സ്ഥാനാർഥികളെ തീരുമാനിക്കുന്നതിലടക്കം കെ സി വേണുഗോപാൽ നിർണായക ശക്തിയായി മാറുന്നതാണ്‌ എ, ഐ ഗ്രൂപ്പുകളുടെ ഭയപ്പാട്‌.