തിരുവാമ്പാടി: ചെമ്പട്ടണിഞ്ഞ്‌ കുടിയേറ്റ ഗ്രാമം

Friday Feb 19, 2021
സ്വന്തം ലേഖകൻ

കോഴിക്കോട് > ജില്ലയുടെ കാർഷിക കുടിയേറ്റ ഗ്രാമങ്ങൾ ചേർന്ന മണ്ഡലമാണ്‌ തിരുവമ്പാടി. പരമ്പരാഗതമായി യുഡിഎഫിനൊപ്പംനിന്ന മണ്ഡലം നാട്ടുകാരനും സിപിഐ എം നേതാവുമായ മത്തായി ചാക്കോയിലൂടെ  2006ൽ ചുവപ്പിക്കാനായി.  മത്തായി ചാക്കോയുടെ മരണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജോർജ് എം തോമസ് വിജയിച്ചു. എണ്ണമറ്റ വികസനക്കുതിപ്പാണ്‌ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ നടന്നത്‌.  വയനാട്ടിലേക്കുള്ള തുരങ്കപാതയും  ടൂറിസം പദ്ധതികളുമെല്ലാം തിരുവമ്പാടിയുടെ  വികസന നേട്ടങ്ങളാണ്‌.  

ജനസംഖ്യയിൽ കൂടുതൽ മുസ്ലിം വിഭാഗമാണെങ്കിലും ക്രൈസ്തവ രൂപതയുടെ ആസ്ഥാനമുള്ളതിനാൽ അവർക്കും  വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയിൽ സ്വാധീനമുണ്ട്‌. തിരുവമ്പാടി, കൂടരഞ്ഞി, കൊടിയത്തൂർ, കാരശേരി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകളും മുക്കം നഗരസഭയും ഉൾപ്പെടുന്നതാണ് തിരുവമ്പാടി  മണ്ഡലം.

1977ൽ രൂപീകൃതമായ മണ്ഡലത്തിലെ ആദ്യ എംഎൽഎ കോൺഗ്രസിലെ പി സിറിയക് ജോണാണ്. മുൻ കൃഷിമന്ത്രിയായിരുന്ന ഇദ്ദേഹത്തെ തുടർച്ചയായി മൂന്നുതവണ ജയിപ്പിക്കുകയും  മൂന്നുതവണ തോൽപ്പിക്കുകയും ചെയ്തിട്ടുണ്ട്‌ തിരുവമ്പാടി. 1977ൽ ഇ ടി  മുഹമ്മദ് ബഷീറിനെയും 1980ൽ എൻ എം  ഹുസൈനെയും 1982ൽ ബേബി മാത്യുവിനെയും പരാജയപ്പെടുത്തിയാണ് സിറിയക് ജോൺ ഹാട്രിക് വിജയം നേടിയത്. 1987ൽ മത്തായി ചാക്കോയെ പരാജയപ്പെടുത്തി പി പി  ജോർജും 1991ലും 1996ലും 2001ലും സിറിയക് ജോണിനെ തോൽപ്പിച്ച് രണ്ടുതവണ എ വി അബ്ദുറിമാൻ ഹാജിയും പിന്നീട് സി മോയിൻകുട്ടിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സി  മോയിൻകുട്ടി 3833 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം യുഡിഎഫ് പാളയത്തിലെത്തിച്ചെങ്കിലും കഴിഞ്ഞ തവണ ജോർജ്‌ എം തോമസ് 3008 വോട്ടിന്റെ ഭൂരിപക്ഷത്തിൽ  ലീഗിലെ വി എം ഉമ്മറിനെ തോൽപ്പിച്ചു. എൻഡിഎയ്‌ക്ക്‌  ശക്തികുറഞ്ഞ മണ്ഡലങ്ങളിലൊന്നാണിത്. കഴിഞ്ഞതവണ ബിഡിജെഎസാണ് മത്സരിച്ചത്.  

2016 നിയമസഭ തെരഞ്ഞെടുപ്പ്

ജോർജ്‌ എം തോമസ്–- -എൽഡിഎഫ് (സിപിഐ എം) -62,324
വി എം  ഉമ്മർ–- -യുഡിഎഫ് (മുസ്ലിംലീഗ്) -59,316
 ഗിരി–- -എൻഡിഎ (ബിഡിജെഎസ്) -8,749
ഭൂരിപക്ഷം -3008

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ്
 രാഹുൽ ഗാന്ധി–- -യുഡിഎഫ് (കോൺഗ്രസ്) -91,152
 പി പി  സുധീർ–- -എൽഡിഎഫ് (സിപിഐ) -36,681
 തുഷാർ വെള്ളാപ്പള്ളി–- -എൻഡിഎ (ബിഡിജെഎസ്) -7,767
ഭൂരിപക്ഷം -54,471

2020 തദ്ദേശ തെരഞ്ഞെടുപ്പ്

തിരുവമ്പാടി, കൊടിയത്തൂർ, കാരശേരി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമപഞ്ചായത്തുകൾ യുഡിഎഫും
മുക്കം നഗരസഭയും കൂടരഞ്ഞി പഞ്ചായത്തും എൽഡിഎഫും ഭരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം നോക്കുമ്പോഴും യുഡിഎഫിന് ഭൂരിപക്ഷമുണ്ട്.

എംഎൽഎമാർ ഇതുവരെ

1977 -സിറിയക് ജോൺ (കോൺഗ്രസ്)
1980 -സിറിയക് ജോൺ (കോൺഗ്രസ്-)
1982 -സിറിയക് ജോൺ (സ്വതന്ത്രൻ)
1987 -പി പി  ജോർജ് (കോൺഗ്രസ്)
1991 -എ വി  അബ്ദുറഹിമാൻ ഹാജി (മുസ്ലിം ലീഗ്)
1996 -എ വി അബ്ദുറഹ്മാൻ ഹാജി (മുസ്ലിം ലീഗ്)
2001 -സി മോയിൻകുട്ടി (മുസ്ലിം ലീഗ്)
2006 -മത്തായി ചാക്കോ -(സിപിഐ എം)
2006 -ജോർജ് എം തോമസ് (സിപിഐ എം) ഉപതെരഞ്ഞെടുപ്പ്
2011 -സി മോയിൻകുട്ടി (മുസ്ലിം ലീഗ്)
2016 -ജോർജ് എം തോമസ് (സിപിഐ എം)

വോട്ടർമാർ: 1,73,662 (മൊത്തം)
സ്‌ത്രീകൾ: 87,384
പുരുഷൻമാർ: 86,275
ട്രാൻസ്‌ജെൻഡേഴ്‌സ്‌: 3.