ഇരിങ്ങാലക്കുട: അവകാശസമരങ്ങളെ തൊട്ടറിഞ്ഞ നാട്‌

Friday Feb 19, 2021
കെ പ്രഭാത്‌

ഇരിങ്ങാലക്കുട> ക്ഷേത്രകലകളുടെ ആസ്ഥാനമായ  ഇരിങ്ങാലക്കുട പുരോഗമനപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിലും ചരിത്രം സൃഷ്ടിച്ച ഭൂമികയാണ്‌. വഴി നടക്കാനുള്ള അവകാശത്തിനുവേണ്ടി 1946ൽ നടന്ന കുട്ടംകുളം സമരം, കുടിയൊഴിപ്പിക്കലിനെ  ചെറുത്ത നടവരമ്പ് കർഷകസമരം,   പൂല്ലൂരിലെ കശുവണ്ടിത്തൊഴിലാളി  സമരം തുടങ്ങിയവ  അവകാശപ്പോരാട്ടങ്ങളിൽ തിളങ്ങിയ അനശ്വര അധ്യായങ്ങളാണ്. ‘ഇരു ചാലുകൾക്ക് ഇടെ’ പിറവികൊണ്ട പോരാട്ട ചരിത്രങ്ങളുടെ ഇടമായ ഇരിങ്ങാലക്കുട വൻ ആവേശത്തോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. ഒരു ഇടവേളയ്‌ക്കുശേഷം വികസനമെന്തെന്ന്‌ തൊട്ടറിഞ്ഞവരായി മാറുകയാണ്‌ ഇരിങ്ങാലക്കുടക്കാർ. ഇരിങ്ങാലക്കുടക്കാരുടെ ചിരകാല സ്വപ്‌നമായ ഠാണ–- ചന്തക്കുന്ന്‌ റോഡ്‌വികസനത്തിനുള്ള‌ ഭൂമിയേറ്റടുക്കൽ  നടപടി പൂർത്തീകരിച്ചു കഴിഞ്ഞു. നിർമാണപ്രവർത്തനം വ്യാഴാഴ്‌ച ആരംഭിക്കും.

ജനറൽ ആശുപത്രിയിൽ പുതിയ കെട്ടിടങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, 24 മണിക്കൂർ ആരോഗ്യസേവനം, ജില്ലാ ട്രഷറി ഓഫീസ്‌ കെട്ടിടം, ആർഡിഒ ഓഫീസ്‌, ആധുനിക സബ്‌ ജയിൽ, നിരവധി ഹൈടെക്ക്‌ സ്‌കൂളുകൾ, സൈബർ സെൽ ഓഫീസ്‌ തുടങ്ങി നാട്‌‌ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രവർത്തനങ്ങളാണ്‌ കഴിഞ്ഞ അഞ്ചുവർഷംകൊണ്ട്‌ പൂർത്തീകരിച്ചത്‌. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടതി സമുച്ചയം നിർമാണം പുരോഗമിക്കുകയാണ്‌. റൂറൽ പൊലീസ്‌ ജില്ലാ ആസ്ഥാനമന്ദിരത്തിന്റെ നിർമാണവും   പൂർത്തീകരിച്ചുകഴിഞ്ഞു.

ഐക്യകേരളത്തിനു മുമ്പേ കമ്യൂണിസ്റ്റുകാരെ വിജയിപ്പിച്ച ചരിത്രം ഇരിങ്ങാലക്കുടയ്‌ക്കുണ്ട്‌. 1957ൽ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ സി അച്യുതമേനോൻ കമ്യൂണിസ്‌റ്റ്‌ വിജയക്കുതിപ്പ്‌  തുടർന്നു. ചെറിയ ഇടവേളകളിൽ മാത്രമാണ്  വലത്തോട്ട്‌ മാറി ചിന്തിച്ചിട്ടുള്ളൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന്‌ വിജയമൊരുക്കിയ ഇരിങ്ങാലക്കുടയിലെ വോട്ടർമാർ  ഇക്കുറിയും കൂടുതൽ ഭൂരിപക്ഷത്തോടെ എൽഡിഎഫിനെ  വിജയത്തിലേക്ക്‌ നയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഇരിങ്ങാലക്കുട നഗരസഭയും ആളൂർ, കാറളം,  കാട്ടൂർ, മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര പഞ്ചായത്തുകളും അടങ്ങുന്നതാണ്  ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലം. പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ  നഗരസഭ ഒഴികെ മുഴുവൻ ഗ്രാമ–- ബ്ലോക്ക്‌പഞ്ചായത്തുകളിലും എൽഡിഎഫ്‌ തിളക്കമാർന്ന വിജയം നേടാനായത്‌ പ്രവർത്തകർക്ക്‌  ആവേശകരമായിട്ടുണ്ട്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സിപിഐ എം സ്ഥാനാർഥി പ്രൊഫ. കെ യു അരുണൻ 2711 വോട്ടിനാണ്‌ കേരള കോൺഗ്രസ്‌ എമ്മിലെ തോമസ്‌ ഉണ്ണിയാടനെ പരാജയപ്പെടുത്തിയത്‌.

ഇവർഎംഎൽഎമാർ

1957–- സി അച്യുതമേനോൻ (സിപിഐ)
1960–- സി അച്യുതമേനോൻ (സിപിഐ)
1965–- കെ ടി അച്യുതൻ (കോൺഗ്രസ്‌)
1967–- സി കെ രാജൻ (സിപിഐ)
1970–- സി എസ്‌ ഗംഗാധരൻ (കെഎസ്‌പി)
1977–- സിദ്ധാർഥൻ കാട്ടുങ്ങൽ- (കോൺഗ്രസ്‌)
1980–- ജോസ്‌ താണിക്കൽ (കോൺഗ്രസ്‌–-യു)
1982–- ലോനപ്പൻ നമ്പാടൻ (ഇടത്‌ സ്വതന്ത്രൻ)
1987–- ലോനപ്പൻ നമ്പാടൻ (ഇടത്‌ സ്വതന്ത്രൻ)
1991–- ലോനപ്പൻ നമ്പാടൻ (ഇടത്‌ സ്വതന്ത്രൻ)
1996–- ലോനപ്പൻ നമ്പാടൻ (ഇടത്‌ സ്വതന്ത്രൻ)
2001–- തോമസ്‌ ഉണ്ണിയാടൻ (കേരള കോൺഗ്രസ്‌ എം)
2006–- തോമസ്‌ ഉണ്ണിയാടൻ (കേരള കോൺഗ്രസ്‌ എം)
2011–- തോമസ്‌ ഉണ്ണിയാടൻ (കേരള കോൺഗ്രസ്‌ എം)
2016–- പ്രൊഫ. കെ യു അരുണൻ (സിപിഎ എം