ചാലക്കുടി: അതിജീവന പുഴയൊഴുകും വഴി

Friday Feb 19, 2021
സ്വന്തം ലേഖകന്‍

ചാലക്കുടി> മഹാപ്രളയം തകർത്തെറിഞ്ഞ ഇടങ്ങളെല്ലാം ഉയർത്തെഴുന്നേറ്റു. അതിജീവനഗാഥയുമായി ചാലക്കുടിപ്പുഴ ഒഴുകുകയാണ്‌. ചാലക്കുടി മണ്ഡലം‌ വീണ്ടെടുപ്പിന്റെ പുതുചരിത്രമാണ്‌ രചിക്കുന്നത്‌. ചോര കിനിയുന്ന പരിയാരം കർഷകസമരങ്ങളുടെ ഭൂമികയാണിവിടം. വന്യസൗന്ദര്യവും അതിരപ്പിള്ളി വെള്ളച്ചാട്ടവും നിറച്ചാർത്താണ്‌. തമിഴ്നാട്‌ അതിര്‌ തൊടുന്ന മണ്ഡലത്തിൽ തമിഴ്‌ വോട്ടർമാരുമുണ്ടെന്നതും സവിശേഷത. ഗോത്രസംസ്‌കൃതിയും  തേയിലത്തോട്ടങ്ങളും  ഉൾപ്പെടുമ്പോഴും നഗരവൽക്കരണത്തോട്‌ ചേർന്നുനിൽക്കുന്നു. നഗരസഭയും  ഏഴു പഞ്ചായത്തും ഉൾപ്പെടുന്ന മണ്ഡലം വലുപ്പത്തിലും മുമ്പൻ.   

ഒരേ സമയം രണ്ടുപേരെ തെരഞ്ഞെടുക്കുന്ന ദ്വയാംഗമണ്ഡലത്തിലൂടെയാണ്‌ ചരിത്രം തുടങ്ങുന്നത്‌. 1957ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അതികായനായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ കൊമ്പുകുത്തിവീണു.

2016ലെ  തെരഞ്ഞെടുപ്പിൽ
സിപിഐ എമ്മിലെ ബി ഡി ദേവസി 26,648 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ മൂന്നാംതവണയും വിജയത്തേരിലേറിയത്‌. പ്രളയം തകർത്തെറിഞ്ഞിട്ടും വൻവികസനക്കുതിപ്പുണ്ടായി. 30 കോടി ചെലവിൽ  ലോകോത്തര റീജണൽ സയൻസ്‌ സെന്റർ, 10 കോടി ചെലവിൽ ഇൻഡോർ സ്‌റ്റേഡിയം, ദേശീയാംഗീകാരം നേടിയ ചാലക്കുടി ഗവ.ആശുപത്രി, പിഡബ്ല്യുഡി റോഡുകളെല്ലാ മെക്കാഡം ടാറിങ് എന്നിവയെല്ലാം വികസനക്കുതിപ്പിന്റെ സാക്ഷ്യങ്ങളാണ്‌. സ്‌കൂളുകൾ, ഐടിഐ, പോളിടെക്‌നിക്‌ എന്നിവിടങ്ങളിൽ മികച്ച സൗകര്യങ്ങളൊരുങ്ങി.

ചാലക്കുടി നഗരസഭയും കോടശേരി, അതിരപ്പിള്ളി, പരിയാരം, മേലൂർ, കാടുകുറ്റി, കൊരട്ടി, കൊടകര പഞ്ചായത്തുകളുമാണ് മണ്ഡലത്തിൽ വരുന്നത്. ഇതിൽ നഗരസഭയും കോടശേരിയും ഒഴികെ എൽഡിഎഫാണ്‌ ഭരണം‌. 11 ആദിവാസികോളനി മണ്ഡലത്തിലുണ്ട്. മലക്കപ്പാറ തേയിലത്തോട്ടത്തിൽ തമിഴ് വോട്ടർമാരായ തൊഴിലാളികളുമുണ്ട്‌. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടവും തുമ്പൂർമുഴി, പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളും ഇവിടെയാണ്. അനശ്വര കലാകാരൻ കലാഭവൻ മണിയുടെ നാടുകൂടിയാണ്‌.

ഇവർ എംഎൽഎമാർ

1957ലും '60ലും ദ്വയാംഗമണ്ഡലമായിരുന്നു. 57ൽ പനമ്പിള്ളി ഗോവിന്ദമേനോനെ തോൽപ്പിച്ച്‌  സി ജെ ജനാർദനൻ (പിഎസ്‌പി) വിജയിച്ചു. സംവരണസീറ്റിൽ  വിജയിച്ച പി കെ ചാത്തൻ മാസ്റ്റർ  57ലെ ഇ എം എസ് സർക്കാരിൽ മന്ത്രിയായി. 1960 സി ജെ ജനാർദനൻ (പിഎസ്‌പി),  കെ കെ ബാലകൃഷ്‌ണൻ (കോൺ–- സംവരണം) എന്നിവർ വിജയിച്ചു.

1965, 67, 70 പി പി ജോർജ്‌ (കോൺ‌.), 77, 80 പി കെ ഇട്ടൂപ്പ്‌ (കെസിപി), 82, 87 കെ ജെ ജോർജ്‌ (ജെഎൻപി), 91 റോസമ്മ ചാക്കോ ‌(കോൺ‌), 96, 2001,  സാവിത്രിലക്ഷ്‌മണൻ‌ (കോൺ.‌), 2006, 11, 16 ബി ഡി ദേവസി (സിപിഐ എം) എന്നിവരാണ്‌ എംഎൽഎമാർ.