ഓർക്കുക, മുൻഗാമികളുടെ ദുരനുഭവം

Thursday Feb 18, 2021

കൊല്ലം
കോൺഗ്രസ്‌ സ്പോൺസേർഡ് സമരങ്ങളിൽ പങ്കെടുത്ത് തല്ലുവാങ്ങുന്നവരോട്, വലിയ ആവേശമൊന്നും വേണ്ടെന്ന്‌ വനിതാകമീഷൻ അംഗം ഷാഹിത കമാൽ.  പറയുന്നത്‌ വെറുതേയല്ല, പഴയ കോൺഗ്രസുകാരിയുടെ ഉള്ളുപിടഞ്ഞ അനുഭവംകൊണ്ടുതന്നെ‌.

‘യഥാർഥ ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്’ എന്ന പേരിൽ ഷാഹിത കമാലിന്റെ  ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലാണ്‌ കോൺഗ്രസ്‌ സമരങ്ങളിൽ പങ്കെടുത്ത് തല്ലും, കേസും വാങ്ങിയ തന്റെ അനുഭവം പങ്കുവച്ചത്‌. ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌ ഇങ്ങനെ: ശരീരം കേടാകുന്നതും കോടതി കയറിയിറങ്ങുന്നതും മാത്രം മിച്ചം. കൊല്ലം കോർപറേഷൻ സമരത്തിന്റെ പേരിൽ ഇപ്പോഴും കോടതിയിൽ കേസുണ്ട് എന്റെ പേരിൽ. പാർടി വിട്ടിട്ട് 5 വർഷം കഴിഞ്ഞു. എന്നിട്ടും കോൺഗ്രസ്സിന്റെ പേരിൽ കോടതി കയറി ഇറങ്ങുകയാണ്‌. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യയാത്ര തിരുവനന്തപുരത്ത് എത്തുമ്പോൾ പൊട്ടിക്കാൻ വച്ച പടക്കം മാത്രമാണ്‌ ഈ  സമരമെന്നത് തിരിച്ചറിയുക.  സഹായിക്കാൻ ഒരു നേതാവും ഉണ്ടാകില്ല. അധികാരം കിട്ടിയാൽ അവർ നിങ്ങളെ മറക്കും. അന്ന് നിങ്ങൾ ചെന്നാൽ അവർ തിരിച്ചു ചോദിക്കും: ഏത് സമരം ? എന്തു സമരം? ആരു പറഞ്ഞു സമരം ചെയ്യാൻ? പൊലീസിനെ അടിച്ചിട്ട് തിരിഞ്ഞ് ഓടാതിരുന്നത് എന്താണ്?  നിങ്ങളുടെ ഡിമാൻഡ്‌ അംഗീകരിക്കാൻ കഴിയുന്നതല്ലന്ന് നിങ്ങൾക്കും അറിയില്ലേ? തുടങ്ങി നിരവധി ചോദ്യങ്ങൾ മാത്രമായിരിക്കും നിങ്ങൾക്ക് ലഭിക്കുക.
മറിച്ച്  സിപിഐ എമ്മിന്റെ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ എന്തു വിഷമം ഉണ്ടായാലും പാർടികൂടെ ഉണ്ടാകുമെന്നും ഷാഹിദ കമാൽ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു.