ഉമ്മൻചാണ്ടിക്ക്‌ ഓർമയുണ്ടോ? ശവാസനത്തിലായ
 പിഎസ്‌സിയെ

Tuesday Feb 16, 2021


ഒരിക്കലും നടപ്പാക്കാനാകാത്ത കാര്യങ്ങൾ ഉന്നയിച്ച്‌ സെക്രട്ടറിയറ്റ്‌ നടയിൽ സമരമിരിക്കുന്ന ഉദ്യോഗാർഥികളെ കണ്ട മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുതലക്കണ്ണീർ ഇനിയും തോർന്നിട്ടില്ല.  
   യുവാക്കൾ കാലുപിടിച്ചപ്പോൾ, അദ്ദേഹത്തിന്‌ കാല്‌ പൊള്ളിയത്രെ; യുഡിഎഫ്‌ പത്രമായ മനോരമയും ഉമ്മൻചാണ്ടിക്കായി  കുടംകണക്കിന്‌ കണ്ണീർ പൊഴിക്കുന്നുണ്ട്‌.

ഇതിനിടയിലാണ്‌ ഉമ്മൻചാണ്ടിയുടെ കാലത്തെ പിഎസ്‌സിയുടെ അവസ്ഥ എന്താണെന്ന്‌ കൃത്യമായി വരച്ചുകാട്ടിയ മാതൃഭൂമി തൊഴിൽവാർത്തയിലെ പരമ്പര സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തത്‌. നിയമന നിരോധനവും പിൻവാതിൽ നിയമനവും നിറഞ്ഞ അന്നത്തെ അവസ്ഥയ്‌ക്ക്‌ മാതൃഭൂമി ഇട്ട തലക്കെട്ടിങ്ങനെ:

‘പിഎസ്‌‌സി ശവാസനത്തിൽ; ഉദ്യോഗാർഥികൾ നരകത്തിൽ’

തൊഴിൽരഹിതർക്കും അപേക്ഷകൾക്കുമിടയിൽ കൂർക്കം വലിച്ചുറങ്ങുന്ന പിഎസ്‌സിയെ ബഹുവർണത്തിൽ ചിത്രീകരിച്ചാണ്‌ മാതൃഭൂമി പരമ്പര നൽകിയത്‌.

ഉമ്മൻചാണ്ടിയുടെ അവസാനകാലമായ 2016 ഫെബ്രുവരി 13ന്‌ ഇറങ്ങിയ ലക്കത്തിലാണ്‌, പിഎസ്‌സി പ്രവർത്തനം അമ്പേ പരാജയമെന്ന്‌ തെളിവുനിരത്തി പരമ്പര സമർഥിച്ചത്‌. കൃത്യം അഞ്ചുവർഷം മുമ്പത്തെ ലോകപരാജയം മറച്ചുവച്ചാണ്‌ പ്രതിപക്ഷത്തിന്റെ ഈ മാധ്യമകോലാഹലം.