അഞ്ചുപേര്‍ വിജയിച്ചു

ആദ്യ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്‌റ്റ്‌ പാർട്ടി പിന്തുണച്ചത് 14 സ്വതന്ത്രരെ

Monday Feb 15, 2021

ഒന്നാംകേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റയ്ക്കാണ് മത്സരിച്ചത്. പക്ഷേ 14 സീറ്റില്‍ പാര്‍ട്ടി സ്വതന്ത്രരെ പിന്തുണച്ചു. ഇവരില്‍ ഡോ. എ ആര്‍ മേനോനെയും വി ആര്‍ കൃഷ്ണയ്യരെയും പോലെയുള്ള പ്രമുഖര്‍ക്കൊപ്പം വി രാമകൃഷ്ണ പിള്ളയെയും ജോണ്‍ കൊടുവക്കാടിനെയും പോലെയുള്ള സാധാരണക്കാരും ഉള്‍പ്പെട്ടിരുന്നു. സ്വതന്ത്ര പരിവേഷമുള്ള വിദ്യാഭ്യാസ വിചക്ഷണനായ പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഔദ്യോഗിക ചിഹ്നത്തിലാണ് മണലൂരില്‍ മത്സരിച്ച് വിജയിച്ചത്.

ദേശാഭിമാനി 1957 ഫെബ്രുവരി 14ന് പ്രസിദ്ധീകരിച്ച പട്ടികപ്രകാരം ഇവരായിരുന്നു 14 സ്വതന്ത്രര്‍

റാന്നി – തോമസ് മാത്യു
ഹരിപ്പാട് – വി രാമകൃഷ്ണപിള്ള
അരൂര്‍ – ആവിരാ തരകന്‍
കാരിക്കോട് – അഗസ്റ്റിന്‍ വഴുതനപ്പള്ളി
ആലുവ – എം സി വര്‍ക്കി
തൃശൂര്‍ – ഡോ. എ ആര്‍ മേനോന്‍
കുഴല്‍മന്ദം – കെ വി ജോണ്‍
ഗുരുവായൂര്‍ – പി കെ കോരു
കുറ്റിപ്പുറം – രാഘവനുണ്ണി
മഞ്ചേരി – ഡോ. എം ഉസ്മാന്‍
തിരൂരങ്ങാടി – മുഹമ്മദ് നഹ
ബാലുശേരി – കെ ആലിക്കോയ
കൊയിലാണ്ടി – പത്മനാഭന്‍ മാസ്റ്റര്‍

തലശേരി വി ആര്‍ കൃഷ്ണയ്യര്‍
പ്രാദേശികമായി വിജയസാധ്യതയുള്ള സ്വതന്ത്രരെ മത്സരിപ്പിക്കുന്ന രീതി കമ്യൂണിസ്റ്റ് പാര്‍ടി ആദ്യനിയമസഭാ തെരഞ്ഞെടുപ്പില്‍ത്തന്നെ പരീക്ഷിച്ചു വിജയംകണ്ടു. സ്വതന്ത്രരായി മത്സരിച്ച 14 പേരില്‍ അഞ്ചുപേരാണ് വിജയിച്ചത്. വി ആര്‍ കൃഷ്ണയ്യര്‍ തലശ്ശേരിയിലും ഡോ. എ ആര്‍ മേനോന്‍ തൃശൂരിലുമാണ് വിജയിച്ചത്. ഹരിപ്പാട്ട് വി രാമകൃഷ്ണപിള്ളയും ഗുരുവായൂരില്‍ പി കെ കോരു എന്ന കോരു കൂളിയാടും കുഴല്‍മന്ദത്ത് ജോണ്‍ കൊടുവക്കോടും വിജയം കണ്ടു. കൃഷ്ണയ്യരും ഡോ. എ ആര്‍  മേനോനും മുണ്ടശ്ശേരിയും മന്ത്രിമാരായി. പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയെ നിലനിര്‍ത്തിയ നെടുംതൂണുകളായി ചരിത്രത്തില്‍ ഇടംനേടിയ ഇവര്‍ക്കൊപ്പം അവസാന നിമിഷംവരെ പാര്‍ടിക്കൊപ്പം നിലയുറപ്പിച്ച മറ്റ് മൂന്ന് സ്വതന്ത്രരെക്കുറിച്ച് അധികമൊന്നും ആരും അറിഞ്ഞില്ല. 
 
വി രാമകൃഷ്ണപിള്ള ഹരിപ്പാട്ടുമാത്രം അറിയപ്പെട്ടിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു. പി കെ കോരു സ്കൂള്‍ അധ്യാപകനും ശാസ്ത്രഗ്രന്ഥ രചയിതാവും ജോണ്‍ കൊടുവക്കോട് മുന്‍ കോണ്‍ഗ്രസ് നേതാവുമായിരുന്നു. രണ്ടുപേരുടെമാത്രം ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ ഇവരെ കാലുമാറ്റി മറിച്ചിടാന്‍ നടന്ന ശ്രമമൊന്നും വിജയിച്ചില്ല. മരിക്കുംവരെ ഇവര്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കൊപ്പം നില്‍ക്കുകയും ചെയ്തു.

കമ്യൂണിസ്റ്റ് പിന്തുണയോടെ മത്സരിച്ച് വിജയിക്കാതിരുന്ന സ്വതന്ത്രരില്‍ തിരൂരങ്ങാടിയിലെ മുഹമ്മദ് നഹ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസ് നയങ്ങളോട് കലഹിച്ച് കോണ്‍ഗ്രസ്മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജിവെച്ചാണ് മത്സരിച്ചത്.

മഞ്ചേരിയില്‍ പരാജയപ്പെട്ട ഡോ. എം ഉസ്മാന്‍ കമ്യൂണിസ്റ്റ് സഹയാത്രികനും നാടകപ്രവര്‍ത്തകനും ജനകീയനായ ഡോക്ടറുമായിരുന്നു. നിലമ്പൂര്‍ അയിഷയെ നാടകരംഗത്തുകൊണ്ടുവന്നവരില്‍ പ്രമുഖനുമാണദ്ദേഹം. മറ്റ് സ്വതന്ത്രര്‍ പ്രാദേശിക തലത്തില്‍ ജനപിന്തുണയുള്ളവരായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വിജയിച്ച സ്വതന്ത്രരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നകറ്റുവാന്‍നായി ശ്രമം. വ്യാജപ്രചാരണങ്ങളും നടന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ പി ടി ഐ വഴി നടന്ന ഈ പ്രചരണത്തെപ്പറ്റി 1957 മാര്‍ച്ച് 18ന് ദേശാഭിമാനി എഴുതി.

കമ്യുണിസ്റ്റ് സ്വതന്ത്രന്മാര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കണമെന്നില്ല എന്ന പ്രതീതിയുണ്ടാക്കാനാണ് പിടിഐ വാര്‍ത്തയില്‍ ശ്രമിച്ചത്. എന്നാല്‍ അവര്‍ പ്രതികരണം തേടിയപ്പോള്‍ വി ആര്‍ കൃഷ്ണന്‍ (കൃഷ്ണയ്യര്‍) താന്‍ പാര്‍ട്ടിക്കൊപ്പമാണെന്ന് പ്രതികരിച്ചതായി ആ വാര്‍ത്തയില്‍ തന്നെയുണ്ട്. തുടര്‍ദിവസങ്ങളില്‍ ഡോ. എ ആര്‍ മേനോന്‍, പി കെ കോരു, കെ വി ജോണ്‍, വി രാമകൃഷ്ണപിള്ള എന്നിവരുടെ സമാനമായ പ്രതികരണങ്ങളും പത്രം പ്രസിദ്ധീകരിച്ചു. കക്ഷിനേതാവിനെ തെരഞ്ഞെടുക്കാന്‍ എറണാകുളത്ത് മാര്‍ച്ച് 25നു ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമസഭാകക്ഷി യോഗത്തില്‍ ഇവര്‍ പങ്കെടുക്കുകയും ചെയ്തു. എങ്കിലും പലഘട്ടത്തിലും ഇവരെ പാര്‍ട്ടിയുമായി തെറ്റിക്കാന്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല.

വിജയിച്ച അഞ്ചുപേരില്‍ പി കെ കോരു പിന്നീട് മത്സരിച്ചില്ല. എന്നാല്‍ 1960 ലെ തെരഞ്ഞെടുപ്പില്‍ ഡോ. എ ആര്‍ മേനോന്‍ പറളി മണ്ഡലത്തിലും ജോണ്‍ കൊടുവക്കോട് കുഴല്‍മന്ദത്തും കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ത്ഥികളായി ചിഹ്നത്തില്‍ തന്നെ മത്സരിച്ച് വിജയിച്ചു. എ ആര്‍ മേനോന്‍ 1960 ഒക്ടോബറില്‍ എം എല്‍ എ ആ‍ായിരിക്കെ അന്തരിച്ചു. സ്വതന്ത്രരായി വീണ്ടും മത്സരിച്ച വി ആര്‍ കൃഷ്ണയ്യരും വി രാമകൃഷ്ണപിള്ളയും '60 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ല. കൃഷ്ണയ്യര്‍ വെറും 23 വോട്ടിനാണ് തോറ്റത്. പിന്നീട് തെരഞ്ഞെടുപ്പ് കേസില്‍ കോടതി കൃഷ്ണയ്യരെ വിജയിയായി പ്രഖ്യാപിച്ചു. അദ്ദേഹം 1961 നവംബര്‍ 13 ന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു.