ഹാഗിയ സോഫിയ പള്ളി വിഷയം; ചാണ്ടി ഉമ്മന്റേത്‌ അബദ്ധമല്ല, ഹൃദയത്തിൽനിന്ന്‌ വന്നതെന്ന്‌

Monday Feb 15, 2021

കോഴിക്കോട്‌ > തുർക്കിയിലെ ഹാഗിയ സോഫിയ പള്ളി വിഷയത്തിൽ കോൺഗ്രസ്‌ നേതാവ്‌ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ പ്രസംഗം‌ അബദ്ധമല്ല, ഹൃദയത്തിൽ നിന്ന്‌ വന്നതാണെന്ന്‌ ‌ കത്തോലിക്കാ സഭയെ അനുകൂലിക്കുന്ന ദീപിക പത്രം. ക്രൈസ്‌തവർ ഉന്നയിക്കുന്ന  വിഷയങ്ങൾക്ക്‌ കോൺഗ്രസ്‌ ചെവികൊടുക്കാറില്ല. മുമ്പ്‌ ന്യൂനപക്ഷ അവകാശം ഇല്ലാതാക്കാൻ കോൺഗ്രസ്‌ ശ്രമിച്ചിരുന്നു. അതിന്റെ തുടർച്ചയാണ്‌ യൂത്ത്‌‌കോൺഗ്രസ്‌ നേതാവായ ചാണ്ടി ഉമ്മന്റെ വാക്കുകൾ–  ദീപിക വ്യക്തമാക്കുന്നു.

‘‘കോൺഗ്രസിലെ യുവ നേതാവായ ചാണ്ടി ഉമ്മൻ മലപ്പുറത്ത്‌ ക്രൈസ്‌തവ വികാരങ്ങളെ വ്രണപ്പെടുത്തി നടത്തിയ പ്രസംഗം ശക്തമായ അടയാളമാണ്‌. ക്രൈസ്‌തവർ ശക്തമായി ഉന്നയിക്കുന്ന വിഷയങ്ങൾക്ക്‌ കോൺഗ്രസ്‌ കൊടുക്കുന്ന വിലയുടെ അടയാളം.   ചാണ്ടി ഉമ്മന്റെ വാക്കുകൾ അബദ്ധത്തിൽ വന്നവയല്ല, ഹൃദയത്തിൽ നിന്നു വന്നതുതന്നെയാണ്‌. അദ്ദേഹത്തിന്റെ  വിശദീകരണത്തിലും  അതു തന്നെയാണല്ലോ വ്യക്തമാകുന്നത്‌’’–‘-കോൺഗ്രസും ചാണ്ടി ഉമ്മനും’ എന്ന പേരിൽ ഞായറാഴ്‌ച ദീപികയിൽ എഴുതിയ കുറിപ്പിലാണ്‌ ഈ നിലപാട്. 1970കളിൽ ന്യൂനപക്ഷ അവകാശം ഇല്ലാതാക്കാൻ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ ശ്രമങ്ങളോടാണ്‌  ചാണ്ടി ഉമ്മന്റെ ക്രൈസ്‌തവ വിരുദ്ധ പ്രസംഗത്തെ വിലയിരുത്തിയത്‌. ഹാഗിയസോഫിയ കത്തീഡ്രൽ മുസ്ലിംപള്ളിയാക്കിയതിനെ ന്യായീകരിച്ച്‌ മലപ്പുറത്തായിരുന്നു ചാണ്ടി ഉമ്മന്റെ പ്രസംഗം. പ്രസംഗത്തെ നേരത്തെ ‌ കെസിബിസിയും വിമർശിച്ചിരുന്നു.