യുഡിഎഫ്‌ 
വാഗ്‌ദാനം സൂപ്പർ; കിഫ്‌ബി പൂട്ടും, കേരള ബാങ്ക്‌ അടയ്‌ക്കും, ലൈഫ്‌ വെട്ടും

Monday Feb 15, 2021
ദിനേശ്‌വർമ

തിരുവനന്തപുരം > എൽഡിഎഫ്‌ സർക്കാരിന്റെ ജനകീയ പദ്ധതികളൊന്നും തുടരില്ലെന്ന കോൺഗ്രസ്‌‌ നേതാക്കളുടെ പ്രഖ്യാപനം കേരളം കേൾക്കുന്നത്‌‌ ആശങ്കയോടെ. ജനപ്രിയ പദ്ധതി ലൈഫ്‌ മിഷനും  കിഫ്‌ബിയും നിർത്തലാക്കുമെന്നും കേരള ബാങ്ക്‌ പിരിച്ചുവിടുമെന്നുമാണ്‌‌ യുഡിഎഫിന്റെ നിലപാട്‌. 20 ലക്ഷം കുടുംബത്തിന്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും 30,000 ലേറെ സർക്കാർ ഓഫീസുകളിലും ഇന്റർനെറ്റ്‌ എത്തിക്കുന്ന കെ ഫോണിനെ തകർക്കാനും യുഡിഎഫ്‌ രംഗത്തുണ്ട്‌.

തദ്ദേശ തെരഞ്ഞെടുപ്പ്‌ വേളയിൽ യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനാണ്‌ യുഡിഎഫിന്റെ ഈ നയം പ്രഖ്യാപിച്ചത്‌. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളായ നാല്‌ മിഷനേയും ഹസ്സൻ തള്ളി. ലൈഫ്‌ മിഷൻ കൂടാതെ, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവ നിർത്തലാക്കുമെന്നായിരുന്നു പ്രഖ്യാപനം. വലിയ പ്രതിഷേധമുയർന്നതിനാൽ ലൈഫ്‌ മിഷന്റെ കാര്യം മാത്രം കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ തിരുത്തി. ലൈഫ്‌ മിഷൻ പിൻവലിക്കില്ലെന്ന്‌ അദ്ദേഹത്തിന്‌ പറയേണ്ടി വന്നു. എന്നാൽ, യുഡിഎഫ്‌ നേതാക്കൾ നാല്‌ മിഷനുമെതിരായ പ്രചാരണം തുടരുകയാണ്‌. സ്വന്തം എംഎൽഎ ആയ അനിൽ അക്കരെ തടഞ്ഞിട്ടിരിക്കുന്ന വടക്കാഞ്ചേരി ഭവന പദ്ധതിയുടെ ഭാവിയെ കുറിച്ച്‌ കോൺഗ്രസിന്‌ മിണ്ടാട്ടമില്ല. കിടപ്പാടമില്ലാത്ത ഒരു കുടുംബം പോലും കേരളത്തിലുണ്ടാകരുതെന്ന പ്രഖ്യാപിത കാഴ്‌ചപ്പാടിലാണ്‌ ലൈഫ്‌ മിഷൻ നടപ്പാക്കുന്നത്‌.  രണ്ടര ലക്ഷത്തിലധികം വീടുകൾ നിർമിച്ചു കഴിഞ്ഞു.

ആശുപത്രി വികസനവും ചികിത്സാ സൗജന്യവുമുൾപ്പെടെ ജനഹൃദയം തൊട്ട പദ്ധതികളടങ്ങിയതാണ്‌ ആർദ്രം.  വൃത്തിയുള്ള പരിസരവും ഹരിതാഭയും ജലസ്രോതസ്സുകളും തിരിച്ചുപിടിക്കാൻ നടപ്പാക്കുന്ന‌ ഹരിതകേരളം. രാജ്യത്തെ ഏതു വൻകിട സ്‌കൂളുമായും കിടപിടിക്കുംവിധം  സർക്കാർ സ്‌കൂളുകൾ ആധുനീകരിക്കുകയാണ്‌ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം. ഇവ നിർത്തലാക്കുമെന്ന്‌ രമേശ്‌ ചെന്നിത്തലയടക്കമുള്ള  നേതാക്കൾ ആവർത്തിക്കുന്നു‌.

ആദ്യഘട്ടത്തിൽ അമ്പതിനായിരം കോടി രൂപയുടെ വികസനം ലക്ഷ്യമിട്ട്‌  കിഫ്‌ബി നടപ്പാക്കുന്ന പദ്ധതികളുടെ മികവും വേഗതയും ഇതിനകം കേരളത്തിന്‌ ബോധ്യപ്പെട്ടു കഴിഞ്ഞു. റോഡുകൾ, പാലങ്ങൾ, ബൈപാസുകൾ, സ്‌കൂൾ–-ആശുപത്രി കെട്ടിടങ്ങൾ തുടങ്ങി പല പദ്ധതികൾ കേരളത്തിലെമ്പാടും ജനങ്ങളുടെ മുന്നിലുണ്ട്‌. കിഫ്‌ബി പിരിച്ചുവിടുമെന്ന്‌ യുഡിഎഫ്‌ പറയുന്നതിന്റെ അർഥം ഇത്തരം പദ്ധതികളൊന്നും കേരളത്തിന്‌ വേണ്ടെന്നാണോ ? ബാങ്കിങ്‌‌ മേഖല കൂടുതൽ ജനകീയമാക്കാനും ബാങ്ക്‌ സ്വകാര്യവൽക്കണത്തിന്റെ  ദോഷഫലങ്ങൾ നേരിടാനുമാണ്‌ കേരള ബാങ്ക്‌ രൂപീകരിച്ചത്‌.  ഗ്രാമീണ മേഖലകളിലടക്കം കുറഞ്ഞ പലിശയ്‌ക്ക്‌ ചെറുകിട വായ്‌പ നൽകി പാവപ്പെട്ടവരെ സഹായിക്കുകയാണ്‌ പ്രധാന ലക്ഷ്യം. സംസ്ഥാനത്തിന്റെ വികസനത്തിന്‌ ഗതിവേഗം പകരുന്ന കേരളത്തിന്റെ സ്വന്തം ബാങ്ക്‌ പൂട്ടുമെന്നാണ്‌ കോൺഗ്രസ്‌ നേതാക്കൾ തുടർച്ചയായി പറയുന്നത്‌.