മുംബെെയിൽ പെട്രോൾ ലിറ്ററിന്‌ 
95 രൂപ കവിഞ്ഞു, ഡീസലിന്‌ 86 രൂപയും

കോവിഡിലും തുടർന്ന കൊള്ള ; പെട്രോൾ വില സെഞ്ച്വറിയിലേക്ക്‌‌

Saturday Feb 13, 2021

തിരുവനന്തപുരം
രാജ്യത്ത്‌ പെട്രോൾ വില സെഞ്ച്വറിയിലേക്ക്‌‌. തിരുവനന്തപുരം നഗരത്തിൽ 90 കടന്നു, ഡീസൽ 85ലേക്ക്‌.  കഴിഞ്ഞ ആറുദിവസം തുടർച്ചയായി  ഇന്ധന വില കൂട്ടി. 10 ദിവസത്തിനിടെ ഡീസലിന്‌ 2.61 രൂപയും പെട്രോളിന്‌ 2.18 രൂപയുമാണ്‌ കൂട്ടിയത്‌.

ലിറ്ററിന്‌ 50 രൂപയ്‌ക്ക്‌ പെട്രോൾ എന്ന്‌ വാഗ്‌ദാനം നൽകി അധികാരത്തിലെത്തിയ ബിജെപി സർക്കാരാണ്‌ പകൽക്കൊള്ള നടത്തുന്നത്‌. അടിസ്ഥാനവില 32.27 രൂപയുള്ള പെട്രോളിന്റെ കേന്ദ്രനികുതി 32.90 രൂപയാണ്. ഡീസലിന്റെ അടിസ്ഥാനവില 33.59 രൂപയാണെങ്കിൽ കേന്ദ്രനികുതി 31.8 രൂപയും സംസ്ഥാന നികുതി 16.08  രൂപയും.  മോഡി അധികാരത്തിലെത്തുമ്പോൾ പെട്രോളിന് കേന്ദ്ര നികുതി 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു. 
 ഇന്ധന വില വർധന നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കുന്നു. മോട്ടോർ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്‌. ഇപ്പോൾ പതിന്മടങ്ങായി. പാചക വാതക വിലയും 726 രൂപയായി കുതിച്ചുയർന്നു. ഈ മാസം ഒറ്റയടിക്ക് കൂട്ടിയത് 25 രൂപ. ബാങ്ക്‌ വഴിയാക്കിയ സബ്‌സിഡി നിർത്തി.


 

കോവിഡിലും തുടർന്ന കൊള്ള
കോവിഡ്‌ കാലത്തും ആശ്വാസം നൽകാതെ ഇന്ധനവില വർധിപ്പിച്ചും കൂട്ടിയ തീരുവയുടെ ആനുകൂല്യം നൽകാതെയും കേന്ദ്ര സർക്കാർ നടത്തിയത്‌ വൻകൊള്ള.‌  2020 മേയ്‌ അഞ്ചിന്‌ പെട്രോളിന്‌ അധിക എക്‌സൈസ്‌ തീരുവ എട്ടു രൂപയും പ്രത്യേക അധിക തീരുവ രണ്ടു രൂപവീതവും വർധിപ്പിച്ചു. ഡീസലിന്‌ ഇവ യഥാക്രമം എട്ടു രൂപ, അഞ്ചു രൂപ വീതം കൂട്ടി. ഈ‌വർഷം 1.2 ലക്ഷം കോടി രൂപ അധികവരുമാനമായി ഇതുവഴി കേന്ദ്രത്തിനു ലഭിക്കും. അധിക എക്‌സൈസ്‌ തീരുവ സംസ്ഥാനങ്ങളുമായി പങ്കിടില്ല.


 

രാജ്യാന്തരവിപണിയിൽ അസംസ്‌കൃത എണ്ണവില വീപ്പയ്‌ക്ക്‌ 30 ഡോളർ വരെയായി ഇടിഞ്ഞത്‌ മുതലെടുത്താണ്‌ തീരുവകൾ കൂട്ടിയത്‌. ഇതുകാരണം ചില്ലറ വിപണിയിൽ വിലവർധന പ്രതിഫലിച്ചില്ല. വിലയിടിവിന്റെ പ്രയോജനം ജനങ്ങൾക്ക്‌ നൽകാതെ കേന്ദ്രം തട്ടിയെടുത്തു. പിന്നീട്‌ അസംസ്‌കൃത എണ്ണവില വർധിക്കാൻ തുടങ്ങിയപ്പോൾ പെട്രോൾ, ഡീസൽ ചില്ലറവിൽപ്പന വില വീണ്ടും വർധിപ്പിച്ചു.  ബജറ്റിലാകട്ടെ എക്‌സൈസ്‌ തീരുവ കുറച്ച്‌ അത്‌ കാർഷിക സെസാക്കി.