മോഡിക്ക്‌ മുന്നിൽ 
പരാതിയുമായി ശോഭ ; കൃഷ്‌ണദാസും 
ഡൽഹിയിൽ

Saturday Feb 13, 2021
ഇ എസ്‌ സുഭാഷ്‌


തൃശൂർ
ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരായ പരാതിയുമായി ശോഭ സുരേന്ദ്രൻ നരേന്ദ്ര മോഡിയെ നേരിട്ടുകണ്ടു. കാലങ്ങളായി തുടരുന്ന പാർടി പോര്‌ ഇതോടെ പുതിയ തലത്തിലെത്തി. ഡൽഹിയിൽ  എത്തിയാണ്‌ ശോഭ മോഡിയെ കണ്ടത്‌.

കഴിഞ്ഞയാഴ്‌ച കേരളത്തിൽ എത്തിയ അഖിലേന്ത്യാ പ്രസിഡന്റ്‌ ജെ പി നദ്ദയ്‌ക്കു മുമ്പാകെ പ്രശ്‌നം അവതരിപ്പിച്ചിട്ടും തനിക്ക്‌ നീതികിട്ടിയില്ല എന്നാണ്‌ ശോഭ പറയുന്നത്‌. ഞായറാഴ്‌ച കേരളത്തിൽ എത്തുന്ന നരേന്ദ്ര മോഡി ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്‌. ഇതിനുമുമ്പ്‌ പ്രശ്‌നങ്ങൾ നേരിട്ടറിയിക്കുക എന്ന തന്ത്രമാണ്‌ ശോഭ പയറ്റിയത്‌. പ്രധാനമന്ത്രിയെ കുറിച്ച്‌ എഴുതിയ പുസ്‌തകത്തിന്റെ പ്രകാശനത്തിനാണ്‌ മോഡിയെ കണ്ടതെന്നാണ്‌ ശോഭ അവകാശപ്പെട്ടത്‌.

സംസ്ഥാന ജനറൽ സെക്രട്ടറിമാരും മുൻ പ്രസിഡന്റുമാരും ഉൾപ്പെടുന്ന സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നാണ്‌ ശോഭയുടെ പ്രധാന ആവശ്യം. ഇതുവരെയും സുരേന്ദ്രൻ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ഞായറാഴ്‌ച ചേരുന്ന കോർ കമ്മിറ്റിയിലേക്ക്‌ ശോഭയെ ക്ഷണിക്കുമോ എന്ന്‌ വ്യക്തമല്ല. മോഡി ആവശ്യപ്പെട്ടാൽ മാത്രമേ ഇവരെ വിളിക്കുകയുള്ളൂവെന്ന്‌ മുതിർന്ന ബിജെപി നേതാവ്‌ പറഞ്ഞു. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി കെ സുരേന്ദ്രൻ നടത്തുന്ന ജാഥയിലും ശോഭയില്ല. തെരഞ്ഞെടുപ്പിൽ ഇവർക്ക്‌ സീറ്റ്‌ നിഷേധിക്കാനും നീക്കമുണ്ട്‌.

അതിനിടെ, ഔദ്യോഗിക പക്ഷത്തിനെതിരായ പടനീക്കത്തിൽ‌ ഒ രാജഗോപാലും അണിനിരന്നത്‌ നേതൃത്വത്തെ ഞെട്ടിച്ചു. ശബരിമല വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ രാജഗോപാൽ പരസ്യമായി തള്ളി. ശബരിമല തെരഞ്ഞെടുപ്പ്‌ വിഷയമാക്കാൻ ബിജെപി കിണഞ്ഞു ശ്രമിക്കുമ്പോഴാണ്‌ ഇത്‌ തെരഞ്ഞെടുപ്പ്‌ വിഷയമല്ലെന്ന്‌ രാജഗോപാൽ തുറന്നുപറഞ്ഞത്‌.

കൃഷ്‌ണദാസും 
ഡൽഹിയിൽ
മുതിർന്ന നേതാവ്‌ പി കെ കൃഷ്‌ണദാസും രണ്ടു ദിവസമായി ഡൽഹിയിൽ തമ്പടിച്ച്‌ കേരള നേതൃത്വത്തിനെതിരായി ചരടുവലികൾ നടത്തുന്നുണ്ട്‌. വി മുരളീധരനെ മാറ്റി കേന്ദ്രമന്ത്രിയാകാനും കൃഷ്‌ണദാസ്‌ ശ്രമിക്കുന്നതായി പറയുന്നു.