കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്‌, മജീദിന്റെ നോട്ടം വേങ്ങര

വിലപേശലും സമ്മർദവും ; കുറ്റാരോപിതർക്ക്‌ സീറ്റുറപ്പാക്കാൻ ലീഗ്‌

Saturday Feb 13, 2021


കോഴിക്കോട്‌
സിറ്റിംഗ്‌ എംഎൽഎ മാരടക്കം പ്രമുഖരെല്ലാം മത്സരിക്കാനൊരുങ്ങുന്ന മുസ്ലിം ലീഗിൽ‌ കുറ്റാരോപിതരായ മൂന്നുപേർക്കും സീറ്റ്‌ നൽകുമെന്ന്‌ സൂചന.  18 എംഎൽഎമാരിൽ മാറിനിൽക്കാൻ ആരും തയ്യാറല്ലെങ്കിലും ആറു പേരെ മാറ്റുമെന്നാണറിയുന്നത്‌‌.  അഴിമതി കേസിൽ ജയിലിലായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ്‌, എം സി ഖമറുദ്ദീൻ, ഗുരുതര അഴിമതിയാരോപണത്തിന്‌ കേസുള്ള കെ എം ഷാജി എന്നിവരെ തള്ളില്ല.  തിങ്കളാഴ്‌ച മലപ്പുറത്ത്‌ ചേരുന്ന ലീഗ്‌ സംസ്ഥാന സമിതിയിൽ  സ്ഥാനാർഥി നിർണയം ചർച്ചയാകും.

എംപി സ്ഥാനം പാതിവഴിക്ക്‌ ഒഴിഞ്ഞ പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലവും സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്‌ വേങ്ങരയും ‘ബുക്‌’ ചെയ്തു‌‌.  പി  ഉബൈദുള്ള (മലപ്പുറം) എം ഉമ്മർ (മഞ്ചേരി), സി മമ്മൂട്ടി (തിരൂർ), പി അബ്ദുൾ ഹമീദ്‌ (വള്ളിക്കുന്ന്‌), ടി എ അഹമ്മദ്‌‌ കബീർ (മങ്കട)എന്നിവരാണ്‌ തഴയപ്പെടുക.‌  കെ എൻ എ ഖാദറിനും സാധ്യത കുറവാണ്‌.

വള്ളിക്കുന്നിൽ പി അബ്ദുൾ ഹമീദ്‌ തള്ളി വി പി അബ്ദുൾഹമീദിനായി‌ പിടിമുറുക്കുകയാണ്‌ മണ്ഡലം കമ്മറ്റി. മഞ്ചേരിയിൽ ഉമ്മർ വേണ്ട  യു എ ലത്തീഫ്‌ മതി. തിരൂരങ്ങാടിയിൽ പി കെ അബ്ദുറബ്ബിനെ അട്ടിമറിക്കാൻ‌  കെഎംസിസി നേതാവും പി എം എ സലാമും സജീവം‌. മങ്കടയിൽ അഹമ്മദ്‌ കബീറിനെ മാറ്റിയാൽ മഞ്ഞളാംകുഴി അലിക്ക്‌ തിരിച്ചുവരാം.   മണ്ണാർക്കാട്‌ നിന്ന്‌ എൻ ഷംസുദ്ദീനെ തിരൂരിലേക്ക്‌ മാറ്റാനുള്ള ചർച്ചയുമുണ്ട്‌. മണ്ണാർക്കാടിനായുള്ള പട്ടികയിൽ ‌ പി എം സാദിഖലിയാണ്‌ മുന്നിൽ.  താനൂരിൽ പി കെ ഫിറോസ്‌ ശ്രമിക്കുന്നുണ്ടെങ്കിലും അബ്ദുറഹ്മാൻ  രണ്ടത്താണിയുടെ നേതൃത്വത്തിൽ പ്രാദേശിക വികാരവുമുണ്ട്‌.