കെഎസ്‌ഡിപി ; കോവിഡ്‌കാല ‘ജീവൻ ഫാക്‌ടറി’

Friday Feb 12, 2021
എം കെ പത്മകുമാർ


ആലപ്പുഴ
കോവിഡ്‌ വന്നപ്പോൾ മാസ്‌കും സാനിറ്റൈസറും ഉണ്ടാക്കി. ഒപ്പം മിനി വെന്റിലേറ്റും പിപിഇ കിറ്റും. തുള്ളിമരുന്നിനൊപ്പം ജീവൻ രക്ഷാ മരുന്നുകളും. ഇനി ക്യാൻസർ രോഗികൾക്കുള്ള മരുന്ന്‌. ‘പാരസെറ്റമോൾ ഫാക്ടറി’യെന്ന കളിപ്പേര്‌ മാറ്റി കെഎസ്‌ഡിപിയുടെ അതിജീവന ഗാഥ. കുത്തകകൾ അടക്കിവാഴുന്ന മരുന്നുനിർമാണ രംഗത്തെ കേരളത്തിന്റെ ജനകീയ ബദലാണ്‌ കലവൂരിലെ കേരള ഡ്രഗ്സ്‌ ആൻഡ്‌ ഫർമസ്യൂട്ടിക്കൽ ലിമിറ്റഡ്‌.

‌അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയരായവർക്കുള്ള മരുന്നുകൾവരെ ഉൽപ്പാദിപ്പിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ വിജയക്കുതിപ്പ്‌ എൽഡിഎഫ്‌ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ നേർസാക്ഷ്യമാണ്‌.

സർക്കാരിന്റെ തുള്ളിമരുന്ന്‌
യുഡിഎഫ്‌ സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയുംമൂലം നഷ്ടത്തിലേക്കു കൂപ്പുകുത്തിയതായിരുന്നു. 2003 മുതൽ 2006 വരെ പ്രവർത്തനം നിലച്ച കമ്പനി തുറക്കുന്നത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. ‌ഏറ്റെടുക്കുന്ന കാലത്ത്‌ 5.23 കോടി രൂപ നഷ്ടത്തിലായിരുന്നു.  ഈ സാമ്പത്തികവർഷം (ജനുവരി 31 വരെ) ലാഭം  14.25  കോടി. ഇതാകട്ടെ സർവകാല റെക്കോഡും. ആദ്യമായി 115.35 കോടിയുടെ വിറ്റുവരവും  നേടി. ‌ നവീകരണവും വൈവിധ്യവൽക്കരണവുമാണ്‌ ലാഭമുണ്ടാക്കിയത്‌‌. തുള്ളിമരുന്നുകളും ഇഞ്ചക്‌ഷൻ മരുന്നുകളും ആന്റിബയോട്ടിക്കുകളും ഉൽപ്പാദിപ്പിച്ചു. കോവിഡ്‌ പ്രതിരോധത്തിന്‌ പിന്തുണയുമായി സാനിറ്റൈസർ, മാസ്‌ക്‌‌, കൈയുറകൾ, പിപിഇ കിറ്റ്‌, കോവിഡ്‌ പരിശോധനാ കിയോസ്‌ക്‌‌‌, മിനി വെന്റിലേറ്റർ തുടങ്ങിയവ  നിർമിച്ചു.

ഗ്ലൂക്കോസും ക്യാൻസർ 
മരുന്നും
ആന്റിബയോട്ടിക് ഇൻജക്‌ഷനും ഗ്ലൂക്കോസും നിർമിക്കാൻ ജർമൻ യന്ത്രമെത്തി. മണിക്കൂറിൽ 2000 കുപ്പി മരുന്ന്‌ ഉൽപ്പാദിപ്പിക്കാം. അർബുദരോഗികൾക്കുള്ള  മരുന്നു നിർമിക്കുന്ന പ്ലാന്റ്‌ സ്ഥാപിക്കുകയാണ്‌‌ (ഓ-----ങ്കോളജി പാർക്ക്‌) അടുത്ത ലക്ഷ്യമെന്ന്‌ കെഎസ്‌ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു അറിയിച്ചു. ഇതിനായി വിശദപദ്ധതി രേഖ കിഫ്‌ബിക്കു സമർപ്പിച്ചിട്ടുണ്ട്‌. 150 കോടിയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. കലവൂരിൽ കെഎസ്‌ഡിപിയോട്‌ ചേർന്നുള്ള 6.38 ഏക്കർ സ്ഥലം ഏറ്റെടുത്താണ്‌ പാർക്ക്‌ സ്ഥാപിക്കുക.

മരുന്നും പൊള്ളിച്ച്‌ കേന്ദ്രം
ജീവൻരക്ഷാ മരുന്നുകളടക്കം കുറഞ്ഞ വിലയ്‌ക്ക്‌‌ ലഭ്യമാക്കുന്നതിൽ നിർണായക പങ്ക്‌ വഹിച്ച പൊതുമേഖലാ ഔഷധനിർമാണ കമ്പനികളും മോഡി സർക്കാർ  വിൽക്കുന്നു. കേന്ദ്ര രാസവളം–- രാസവസ്‌തു മന്ത്രാലയത്തിന്‌ കീഴിലുള്ള അഞ്ച്‌ പൊതുമേഖലാ ഔഷധനിർമാണ കമ്പനികളിൽ രണ്ടെണ്ണം പൂർണമായും വിൽക്കും‌. മൂന്നെണ്ണത്തിന്റെ  ഭൂരിഭാഗം  ഓഹരികൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാനും‌ തീരുമാനിച്ചു. ലോക്‌സഭയിൽ ചോദ്യത്തിന്‌ മറുപടിയായി കേന്ദ്ര രാസവസ്‌തു മന്ത്രി ഡി വി സദാനന്ദ ഗൗഡയാണ്‌ ഇക്കാര്യം‌ അറിയിച്ചത്‌.

രാജ്യത്തെ ആദ്യത്തെ പൊതുമേഖലാ ഔഷധകമ്പനിയായ ഇന്ത്യ ഡ്രഗ്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്‌ (ഐഡിപിഎൽ), രാജസ്ഥാൻ ഡ്രഗ്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്‌ (ആർഡിപിഎൽ) എന്നിവയാണ്‌ വിൽക്കുന്നത്‌. ബംഗാൾ കെമിക്കൽസ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്‌ (ബിസിപിഎൽ), കർണാടക ആന്റിബയോട്ടിക്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്‌ (കെഎപിഎൽ), ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ്‌ (എച്ച്‌എഎൽ) എന്നിവയുടെ ഓഹരികളാണ്‌ വിറ്റഴിക്കുക. കോവിഡ്‌ കാലത്ത്‌ കുറഞ്ഞ ചെലവിലുള്ള വാക്‌സിൻ, മരുന്ന്‌ നിർമാണം അനിവാര്യമായ ഘട്ടത്തിലാണ്‌ സർക്കാരിന്റെ നീക്കം.  ‌ കുറഞ്ഞ ചെലവിൽ ജീവൻരക്ഷാ മരുന്നുകളടക്കം ലഭ്യമാക്കാൻ  തുടങ്ങിയ പ്രധാനമന്ത്രി ജൻഔഷധി ശാലകൾ മുഖ്യമായും ആശ്രയിച്ചിരുന്നത്‌ ഈ പൊതുമേഖലാ സ്ഥാപനങ്ങളെയാണ്‌.  ഒരു പതിറ്റാണ്ട്‌ മുമ്പുവരെ മികച്ച പ്രവർത്തനലാഭത്തിലായിരുന്നു‌. 2008–-09 വർഷം അഞ്ച്‌ കമ്പനികൾക്കുമായി 612 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്നു.  രണ്ടാം യുപിഎ സർക്കാരിന്റെയും ഒന്നും രണ്ടും മോഡി സർക്കാരുകളുടെയും പൊതുമേഖലയോടുള്ള സമീപനം നഷ്ടത്തിന്‌ വഴിയൊരുക്കി.   ഗുഡ്‌ഗാവ്‌, മുംബൈ, കൊൽക്കത്ത, പുണെ, കാൺപുർ, ഹൈദരാബാദ്‌ എന്നീ നഗരങ്ങളിലെ ഭൂമിയിൽ സർക്കാരിന്‌  റിയൽ എസ്‌റ്റേറ്റ്‌ താൽപ്പര്യങ്ങളുമുണ്ട്‌.