അഴിമതിയുടെ രാവണപ്രഭുക്കൾക്ക്‌ പ്രവേശനമില്ല ; രഞ്ജിത്ത്‌ മനസ്സ്‌ ‌തുറക്കുന്നു

Friday Feb 12, 2021
വി കെ സുധീർകുമാർ

അറ്റുപോയൊരു ഞരമ്പായിരുന്നു ഇത്രയും കാലം കോരപ്പുഴ പാലം. പാതിയിൽ നിന്നുപോയ ഒഴുക്ക്‌. പുഴയുടെ ഇരുകരകളിലും  ജീവിതതാളം മുറിഞ്ഞുപോയവരുടെ  കണ്ണീരുപ്പായിരുന്നു. ദിവസങ്ങൾക്കുള്ളിൽ  പുതിയ കോരപ്പുഴ
പാലം തുറക്കുന്നതോടെ അറ്റുപോയ ആ ഞരമ്പ്‌ തുന്നിച്ചേർക്കപ്പെടും.  നിലച്ചു പോയ ജീവിത പ്രവാഹം തിരികെ വരും.  ഇവരുടെ മനസ്സിൽ ഇനി സന്തോഷം തിരതല്ലും. കണ്ണടച്ചു തുറക്കും മുമ്പ്‌ പൊളിച്ചു പണിത കോഴിക്കോട്ടെ കോരപ്പുഴ
പാലത്തിന്റെ വിശേഷങ്ങളറിയാൻ എത്തിയ മലയാളത്തിന്റെ പ്രിയ സംവിധായകൻ 
രഞ്ജിത്ത്‌ മനസ്സ്‌ ‌തുറക്കുന്നു

ബ്രിട്ടീഷ്‌ കാലം മുതൽ ഇന്നുവരെ ഒരുപാട്‌ ചരിത്രമുഹൂർത്തങ്ങളുടെ പാദമുദ്രകൾ പതിഞ്ഞ പാലമാണിതെന്ന്‌ വായിച്ചിട്ടുണ്ട്‌. 1940ൽ കേളപ്പജിയുടെ നിർദേശത്തെ തുടർന്ന്‌ പാലം ഒരു കാളവണ്ടിക്കാരനാൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടതായാണ്‌ ചരിത്രം. എന്നാൽ എട്ട്‌പതിറ്റാണ്ടിന്‌ ശേഷം ഒരു പുതുചരിത്രം പാലം കയറി  വരുമ്പോൾ അത്‌ കാണാതിരിക്കാനാകില്ല. പാലാരിവട്ടം പോലെയുള്ള അഴിമതിയുടെ പഞ്ചവടിപ്പാലങ്ങളുടെ നേർചിത്രം നമുക്ക്‌ മുന്നിലുണ്ട്‌. എന്നാൽ,  വെറും 26 മാസംകൊണ്ട്‌ നിർമാണം പൂർത്തിയാക്കി കെട്ടുറപ്പോടെ കോരപ്പുഴ പാലം തുറക്കുമ്പോൾ അതിനുപിന്നിൽ അതേ കെട്ടുറപ്പോടെ ഒരു സർക്കാരിനെയും കാണാം. അതിനു നേരെ ഒരു വിഭാഗം എത്രതന്നെ കണ്ണടച്ചാലും ആ കാഴ്‌ച അവരെ തേടിയെത്തും. 

പദ്ധതികൾ വിഭാവനം ചെയ്യലും ഫണ്ട്‌ അനുവദിക്കലും ഏത്‌ സർക്കാരിന്റെ  കാലത്തും പതിവുള്ളതാണ്‌. എന്നാൽ സുതാര്യതയും ഇച്‌ഛാശക്തിയോടെ നടപ്പാക്കലുമാണ്‌ പ്രധാനം. കോരപ്പുഴ പാലത്തിന്റെ കാര്യത്തിൽ ഇത്‌ പ്രകടമാണ്‌. തടസ്സങ്ങളുടെ ചുവപ്പ്‌ നാട അനുവദിക്കാതെ സമയബന്ധിതമായി പണി പൂർത്തിയാക്കിയവരെ അംഗീകരിക്കണം. സർക്കാരിന്റെ വികസന സങ്കൽപ്പങ്ങൾ പ്രാവർത്തികമാക്കുന്നതിൽ ഊരാളുങ്കൽ  സൊസൈറ്റി ‌ മികച്ച പങ്കുവഹിക്കുന്നുണ്ട്‌. എൽഡിഎഫിന്റെ വികസന കാഴ്‌ചപ്പാടുകളോട്‌ ചേർന്നു നിൽക്കാൻ അവർക്കാകുന്നു. അവരുടെ ഏത്‌ പ്രവൃത്തിയിലും ദീർഘദർശിത്വവും ഉൾക്കാഴ്‌ചയും വേറിട്ടു കാണാം. അത്തരമൊരു സ്ഥാപനത്തെ രാഷ്‌ട്രീയ ലാഭത്തിനായി വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നത്‌ കണ്ടപ്പോൾ വേദന തോന്നി.

എല്ലാ കെടുതികളുടെയും കെട്ടകാലമായിരുന്നു കുറച്ചെങ്കിലും നിർമാണത്തിന്‌ ‌ തടസ്സമായത്‌. കോവിഡും രണ്ട്‌ പ്രളയവും പ്രതിസന്ധി സൃഷ്ടിച്ചു. പൊതുജനത്തിനായി താൽക്കാലികമായി ഉണ്ടാക്കിയ നടപ്പാലം പ്രളയത്തിൽ ഒലിച്ചുപോയതും ഉദ്യോഗസ്ഥരുൾപ്പെടെ ചിലർക്ക്‌ കോവിഡ്‌ ബാധിച്ചതും നിർമാണത്തിന്‌ തടസ്സമായി. എന്നിട്ടും കരാറിൽ പറഞ്ഞ തീയതിയിൽനിന്ന്‌ അഞ്ചു‌‌ മാസമേ നിർമാണത്തിന്‌ അധികമായി വേണ്ടിവന്നുള്ളൂ.  കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ചാണ്‌ പാലം യാഥാർഥ്യമാക്കിയത്‌. എന്നാലിപ്പോൾ കിഫ്‌ബിയുടെ പിതൃത്വം പലരും അവകാശപ്പെടുന്നുണ്ട്‌. കേന്ദ്ര ബജറ്റിലും കിഫ്‌ബി മാതൃക കാണാം.

ഉടൻ 
തുറക്കും
2018 ഡിസംബർ  18നാണ്‌ കോരപ്പുഴപാലം പൊളിക്കാൻ തുടങ്ങിയത്‌. 
2019 ജനുവരിയിൽ പുതിയ പാലം നിർമാണം തുടങ്ങി. 
21 മാസത്തിനകം 
പൂർത്തിയാക്കാനായിരുന്നു കരാർ. ഏഴ്‌ സ്‌പാനുകളുള്ള പാലത്തിന്‌ 32 മീറ്റർനീളവും 12 മീറ്റർ  വീതിയുമുണ്ട്‌. 
ഇരു വശത്തും ഒന്നര മീറ്റർ 
വീതം നടപ്പാതയും‌‌. വിദേശ സാങ്കേതിക വിദ്യയിലാണ്‌ നിർമാണം‌. പാലത്തിന്റെ ആർച്ചിന്റെ കോൺക്രീറ്റിന്‌ മെക്‌ അലോയ്‌ 
ലോഹമാണ്‌ ഉപയോഗിച്ചതെന്ന്‌ പിഡബ്ല്യുഡി 
അസിസ്‌റ്റന്റ്‌ എൻജിനീയർ പി ടി സന്തോഷ്‌കുമാർ 
പറഞ്ഞു. 
ഈ മാസം പാലം തുറന്നുകൊടുക്കും