24 വർഷം ഒറ്റയ്‌ക്ക്‌ നടന്ന അധ്യാപകരാണ്‌ ഇവർ

Thursday Feb 11, 2021

തിരുവനന്തപുരം
നടന്നെത്താൻ പോലും കഴിയാത്ത ഉൾക്കാട്ടിൽ അറിവിന്റെ ചെറുതരിവെട്ടം പകർന്ന അധ്യാപകരാണിവർ. 24 വർഷംവരെ സർവീസുള്ളവരുണ്ട്‌. ഏകാധ്യാപക വിദ്യാലയങ്ങളിലെ ഈ അധ്യാപകർക്കാണ്‌ ഫുൾടൈം കണ്ടിൻജന്റ്‌ ജീവനക്കാരായി‌ സ്ഥിരം നിയമനം ഉറപ്പാക്കിയത്‌. മിനിമം പത്തുവർഷം സർവീസെങ്കിലുമുള്ള 341 അധ്യാപകർക്ക്‌‌‌ സർക്കാരിന്റെ കരുതൽ‌.

കാസർകോട്‌ ജില്ലയിലെ പള്ളിക്കര ബങ്ങാട്‌ സ്‌കൂളിലെ  മണിമോഹൻ, പാണത്തൂർ പാറക്കടവിലെ ഷാന്റി, തിരുവനന്തപുരം അമ്പൂരി കുന്നത്തുമല അഗസ്ത്യ ഏകാധ്യാപക വിദ്യാലയത്തിലെ ഉഷാകുമാരി തുടങ്ങിയവർ 24 വർഷം സർവീസുള്ളവരാണ്‌. പകുതിയിൽ കൂടുതൽ പേരും 15 വർഷം സർവീസുള്ളവരാണ്‌.

1997ലാണ്‌ ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങിയത്‌. 1000 രൂപ അലവൻസിൽ തുടങ്ങി. പിന്നീടിത്‌ രണ്ടായിരമായി. പതിനായിരം രൂപ നൽകണമെന്ന്‌ മനുഷ്യാകാശ കമീഷൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ ഉത്തരവിട്ടു. എന്നിട്ടും നൽകിയില്ല. ഈ സർക്കാർ വന്നതും 17,325 രൂപയാക്കി. ഇപ്പോൾ 18,500 രൂപ ലഭിക്കുന്നു.



 

ഭൗതികസാഹചര്യങ്ങളും
അധ്യാപകർ ഒരുക്കി
അനിൽ കുമാർ കരിപ്പോടി (സംസ്ഥാന സെക്രട്ടറി, ആൾട്ടർനേറ്റീവ്‌ സ്‌കൂൾ 
ടീച്ചേഴ്‌സ്‌ യൂണിയൻ)

വിരമിക്കലിനോട്‌ അടുത്ത അധ്യാപകരും 
ഇപ്പോൾ സ്ഥിരം നിയമനം ലഭിച്ചവരിലുണ്ട്‌. അധ്യാപകർ എന്ന നിലയിൽ മാത്രമല്ല, തനി പിന്നോക്ക മേഖലയിലെ സ്‌കൂളിൽ കെട്ടിടമടക്കമുള്ള ഭൗതിക സാഹചര്യവും ഒരുക്കുന്നത്‌ അധ്യാപകർ തന്നെയാണ്‌. അതിനടക്കം കൈയിൽ നിന്നാണ്‌ പലപ്പോഴും പണം ചെലവാക്കിയത്‌. നിരവധി വർഷത്തെ ഞങ്ങളുടെ കണ്ണീര്‌ സർക്കാർ കണ്ടതിൽ ഏറെ സന്തോഷമുണ്ട്‌.

 

ദീർഘകാലത്തെ യാതന
കെ എസ്‌ ഷെമി (അധ്യാപിക, ആറളം ഫാം ബ്ലോക്ക്‌ 13/1 )

ആയിരം രൂപയിൽ തുടങ്ങിയ ഞങ്ങളുടെ യാതന, തിരിച്ചറിഞ്ഞതിൽ വളരെ സന്തോഷം. ഈ സർക്കാർ വന്നപ്പോൾ തന്നെ മാന്യമായ വേതനം കിട്ടിത്തുടങ്ങി. ഹെഡ്‌മാസ്റ്ററുടെ ജോലിമുതൽ കഞ്ഞിവയ്‌പു‌വരെ ഒറ്റയ്‌ക്ക്‌ ചെയ്‌ത, ഞങ്ങളുടെ കഷ്ടപ്പാടിന്‌ ഫലമുണ്ടായി.

 

ലിസിയെ മറക്കരുത്‌ അവൾ ഏകയല്ല
കോതമംഗലം  കുഞ്ചിപ്പാറയിലെ ഏകാധ്യാപികയായിരുന്ന ലിസി (49) കുട്ടികൾക്ക്‌ അക്ഷരം പകർന്നുനൽകാനുള്ള യാത്രയ്‌ക്കിടെ എട്ടുവർഷം മുമ്പാണ്‌‌ ആനയുടെ ചവിട്ടേറ്റ്‌ മരിച്ചത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്തെ ജീവത്യാഗത്തിന്‌ എൽഡിഎഫ്‌ സർക്കാർ നീട്ടിയ കരുതലാണ്‌ ഈ സ്ഥിരനിയമനമെന്ന്‌ സഹപ്രവവർത്തകയായ അജിതവല്ലി കരുതുന്നു. 

സ്‌കൂൾ ആവശ്യത്തിന്‌ പോകുമ്പോൾ 2013 മാർച്ച്‌ 11നാണ്‌ ലിസിയെ കാട്ടാന ചവിട്ടിക്കൊന്നത്‌.  പ്രതികൂല സാഹചര്യങ്ങളോട്‌ മല്ലിടുന്ന ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകജോലിയുടെ അപകടം ലിസിക്ക്‌ നേരിട്ട ദുരന്തത്തിലൂടെയാണ്‌ പുറംലോകം കൂടുതൽ ശ്രദ്ധിച്ചത്‌.

പത്തുവർഷത്തോളം ആദിവാസിമേഖലയിൽ അധ്യാപികയായിരുന്നു മാമ്മലക്കണ്ടം കാക്കനാട്ട്‌ ബെന്നിയുടെ ഭാര്യ ലിസി. കുട്ടികളുടെ പരീക്ഷാപേപ്പർ എടുക്കാൻ സ്‌കൂളിൽനിന്ന്‌ 40 കിലോമീറ്റർ അകലെയുള്ള ബിആർസി ഓഫീസിലേക്ക്‌ പോകുകയായിരുന്നു. ആദിവാസിസ്‌ത്രീകളായ ചിന്നമ്മയെയും രാജമ്മയെയും ഒപ്പം കൂട്ടിയിരുന്നു. മൂന്നു കിലോമീറ്റർ നടന്ന്‌ കല്ലേലിമേട്ടിൽ എത്തി വേണം വാഹനം പിടിക്കാൻ.

കല്ലേലിമേട്ടിനടുത്താണ്‌ കാട്ടാനയുടെ ആക്രമണമുണ്ടായത്‌. മൂവരും ഓടിയെങ്കിലും ലിസി വസ്‌ത്രത്തിൽ തട്ടി വീണു. ചവിട്ടിയും കുത്തിയും കൊന്നശേഷം മൃതദേഹം ആന മരത്തിനുമുകളിൽ വച്ചു. ഏറെ സമയത്തിനുശേഷം കാട്ടാന സ്ഥലംവിട്ടപ്പോഴാണ്‌ മൃതദേഹം എടുക്കാനായതെന്ന്‌ അധ്യാപികയായ അജിതവല്ലി ഓർത്തു.

 

 ഉഷാകുമാരി

ഉഷാകുമാരി