"അമ്പലപ്പുഴ 
മനഃപായസം' ; ആലപ്പുഴ ജില്ലയിൽ സീറ്റുവേണമെന്ന ആവശ്യം കടുപ്പിക്കാൻ ലീഗ്‌

Wednesday Feb 10, 2021
പ്രത്യേക ലേഖകൻ


ആലപ്പുഴ
അമ്പലപ്പുഴയെന്ന മനഃപായസത്തിലാണ്‌ മുസ്ലിംലീഗ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ സീറ്റുവേണമെന്ന ആവശ്യം കടുപ്പിക്കാനാണ്‌ ലീഗ്‌ തീരുമാനം. കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോട്‌ കാര്യം തുറന്നുപറഞ്ഞെങ്കിലും അനുകൂല സമീപനമുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ അവഗണനയും നിയമസഭാ സീറ്റ്‌ ആവശ്യത്തിന്‌ പരിഗണന കിട്ടാത്തതിലും പ്രതിഷേധിച്ച്‌ ഞായറാഴ്‌ച ചേർന്ന യുഡിഎഫ്‌ ജില്ലായോഗം ലീഗ്‌ ബഹിഷ്‌കരിച്ചിരുന്നു.

ആദ്യം മനസ്സിലുണ്ടായിരുന്നത്‌ കായംകുളമാണ്‌. അത്‌ കോൺഗ്രസിന്റെ സീറ്റാണ്‌. അമ്പലപ്പുഴയിൽ മത്സരിച്ചത്‌ ജെഡിയുവും. അതിനാൽ മറ്റ്‌ തലവേദനയില്ലാതെ അമ്പലപ്പുഴ സീറ്റ്‌ അനുവദിക്കാമെന്നാണ്‌ ലീഗ്‌ വാദം. ലീഗ്‌ മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ ഈ ആവശ്യം ഉയർന്നുവന്നു. ലീഗ്‌ ആവശ്യത്തിന്‌ ചെവികൊടുക്കേണ്ടെന്നാണ്‌ കോൺഗ്രസ്‌ തീരുമാനം.  ‌

തദ്ദേശ തെരഞ്ഞെടുപ്പു മുതൽ കോൺഗ്രസിനോടുള്ള‌ അകൽച്ച കൂടിയിട്ടുണ്ട്‌.  കായംകുളം നഗരസഭാ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ലീഗ്‌ സ്ഥാനാർഥിക്ക് കോൺഗ്രസ് വോട്ട് ചെയ്യാതെ ബിജെപിക്ക്‌  ജയിക്കാൻ അവസരം നൽകി. ഇക്കാര്യത്തിൽ ലീഗ്‌ നേതൃത്വം നൽകിയ  പരാതി ഡിസിസി നേതൃത്വം പരിഗണിച്ചിട്ടില്ല. ഡിസിസി വൈസ്‌ പ്രസിഡന്റ്‌  ടി ജി രഘുനാഥപിള്ള  ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള രാമക്ഷേത്രനിർമാണ ഫണ്ട്‌ ശേഖരണം ഉദ്‌ഘാടനം ചെയ്‌തതിൽ ലീഗിന്‌ കടുത്ത അതൃപ്‌തിയുണ്ട്‌. ഈ വിഷയത്തിൽ നേതൃത്വം പരസ്യമായി പ്രതികരിക്കണമെന്ന ആവശ്യം ശക്തമാണ്‌‌.

വഹാബിനെ ‌ 
കുഞ്ഞാലിക്കുട്ടി വെട്ടി
ലീഗ്‌ അഖിലേന്ത്യാ ട്രഷററും രാജ്യസഭാംഗവുമായ പി  വി അബ്ദുൾ വഹാബിന് നിയമസഭാ സീറ്റ്‌ നൽകേണ്ടെന്ന്‌ മുസ്ലിംലീഗിൽ ധാരണ.  ഏപ്രിലിൽ രാജ്യസഭയിലെ കാലാവധി തീരുന്നതിനാൽ നിയമസഭയിലേക്ക്‌ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന്‌ വഹാബ്‌ നേതൃത്വത്തെ അറിയിച്ചിരുന്നു. മഞ്ചേരിയിലോ ഏറനാടോ മത്സരിക്കാനായിരുന്നു താൽപ്പര്യം‌.  എന്നാൽ, പി കെ കുഞ്ഞാലിക്കുട്ടിക്ക്‌ അനഭിമതനായതിനാൽ സംസ്ഥാന രാഷ്‌ട്രീയത്തിൽ വഹാബ്‌ വേണ്ടെന്നാണ്‌ തീരുമാനം.  കെ പി എ മജീദും ഇക്കാര്യത്തിൽ  കുഞ്ഞാലിക്കുട്ടിയോടൊപ്പമാണ്‌. 

അടുത്തിടെ കോഴിക്കോട്‌ നടന്ന ഇ അഹമ്മദ്‌ അനുസ്മരണത്തിൽ, കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം വലിച്ചെറിഞ്ഞ്‌ സംസ്ഥാന രാഷ്‌ട്രീയത്തിലേക്ക്‌ വരുന്നതിനെ വഹാബ്‌ വിമർശിച്ചിരുന്നു.