തെരഞ്ഞെടുപ്പ്‌ വിഷുവിന്‌ മുമ്പ്‌ ; കമീഷൻ 
നാളെ എത്തും

Wednesday Feb 10, 2021


തിരുവനന്തപുരം
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഏപ്രിൽ രണ്ടാംവാരം നടത്തുന്നത്‌ പരിഗണനയിൽ. പശ്ചിമബംഗാൾ, അസം, തമിഴ്‌നാട്‌, പുതുച്ചേരി എന്നിവിടങ്ങളിലെ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര തെരഞ്ഞെടുപ്പു കമീഷൻ വെള്ളിയാഴ്‌ച സംസ്ഥാനത്ത്‌ എത്തും. ഡൽഹിയിലേക്ക്‌ മടങ്ങി കേന്ദ്ര സർക്കാരുമായുള്ള കൂടിയാലോചനകൾക്കുശേഷം യോഗം ചേർന്ന്‌ തെരഞ്ഞെടുപ്പുതീയതികൾ പ്രഖ്യാപിക്കും.  ഏപ്രിലിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്താമെന്നാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്‌.

കോവിഡ്‌ പശ്ചാത്തലത്തിൽ 1000 വോട്ടർമാരെ മാത്രമാണ്‌ ഒരു ബൂത്തിൽ ഉൾപ്പെടുത്തുക. ആയിരത്തിലധികം വോട്ടർമാരുണ്ടെങ്കിൽ മറ്റൊരു ബൂത്ത്‌ സജ്ജീകരിക്കും. ആരോഗ്യ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനും സുരക്ഷയൊരുക്കാനുമുള്ള നടപടികൾ കമീഷൻ വിലയിരുത്തും. തപാൽ വോട്ട്‌ സംബന്ധിച്ച കാര്യങ്ങളും രാഷ്‌ട്രീയ പാർടികളുമായുള്ള കൂടിക്കാഴ്‌ചയിൽ ചർച്ചയാകും.

മുഖ്യതെരഞ്ഞെടുപ്പുകമീഷണർ സുനിൽ അറോറ, കമീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ്‌കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം മൂന്നുദിവസം സംസ്ഥാനത്ത്‌ ഉണ്ടാകും. 13നു രാവിലെ 10ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും പൊലീസ് നോഡൽ ഓഫീസറുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന്‌ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ചേരും. പകൽ 3.30ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും ജില്ലാ പൊലീസ്‌ മേധാവിമാരുമായും വൈകിട്ട് 6.30ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു ഏജൻസികളുമായും ചർച്ച നടത്തും.

ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ 14നു രാവിലെ 10ന്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും കൂടിയാലോചന നടത്തും. പകൽ 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ സംബന്ധിച്ച്‌ ആശയവിനിമയം നടത്തും. 15ന്‌  സംഘം ഡൽഹിയിലേക്ക് മടങ്ങും.