ജമാഅത്തെ ഇസ്ലാമിക്കും 
എസ്‌ഡിപിഐക്കും താൽപ്പര്യമുള്ളവരെ തെക്കൻ കേരളത്തിൽ 
നിർത്താൻ ലീഗ്‌ നീക്കം

ജമാ അത്തെയിലേക്ക്‌ 
പാലമായി 2 സ്വതന്ത്രർ + 26

Wednesday Feb 10, 2021


കോഴിക്കോട്‌
നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗ്‌ ചോദിക്കുന്ന അധിക സീറ്റിൽ രണ്ടെണ്ണത്തിൽ ജമാഅത്തെ ഇസ്ലാമിക്കും എസ്‌ഡിപിഐക്കും താൽപര്യമുള്ളവരെ പൊതുസ്വതന്ത്രരായി നിർത്താൻ നീക്കം.  തെക്കൻ കേരളത്തിലെ മണ്ഡലങ്ങളിലാകും ഇവരെ നിർത്തുക. വിരമിച്ച ജഡ്‌ജിയെയടക്കം ഇതിനായി സമീപിച്ചിട്ടുമുണ്ട്‌.

പരസ്യമായ ജമാഅത്തെ–-എസ്‌ഡിപിഐ ബന്ധം തിരിച്ചടിക്കുമെന്ന കോൺഗ്രസ്‌ നിലപാട്‌ അംഗീകരിച്ചാണ്‌ ഈ വളഞ്ഞനീക്കം. ക്രൈസ്‌തവ സമുദായത്തിലടക്കമുള്ള എതിർപ്പ്‌ ജമാഅത്തെ തൽപ്പരരെ  സ്വതന്ത്രരാക്കി മറികടക്കാമെന്നും കരുതുന്നു. കോൺഗ്രസ്‌ നേതാക്കളുടെ സമ്മതവും ഇതിനുണ്ട്‌.

അതേസമയം ഈ രണ്ടെണ്ണം അടക്കം മുസ്ലിംലീഗ്‌ 28 സീറ്റിൽ ഒതുങ്ങാൻ സമ്മതിച്ചേക്കും. 35 സീറ്റ്‌ ചോദിക്കാനായിരുന്നു  ധാരണ. എന്നാൽ, ഉഭയകക്ഷി ചർച്ചയിൽ വിട്ടുവീഴ്‌ച എന്നതാണിപ്പോൾ നേതാക്കൾ നൽകുന്ന ന്യായീകരണം.  കഴിഞ്ഞ തവണ 24 മണ്ഡലത്തിലായിരുന്നു‌ മത്സരിച്ചത്‌. 18 പേർ  വിജയിച്ചു. ഇക്കുറി അധിക സീറ്റിനായി വാദിച്ചാലുള്ള ‘പ്രത്യാഘാതം’ പറഞ്ഞാണ്‌ കോൺഗ്രസ്‌ നേതൃത്വം ലീഗിനെ കുടുക്കിയത്‌.

സീറ്റ്‌ കുറയുന്നതിൽ യൂത്ത്‌‌ ലീഗ്‌ നേതാക്കൾക്ക്‌ ആശങ്കയുണ്ട്‌. ഇത്‌ അവരുടെ സാധ്യതെയാകും ബാധിക്കുക. കത്വ ഫണ്ട്‌ വെട്ടിപ്പ്‌ പുറത്തുവന്നതോടെ യൂത്ത്‌‌ ലീഗ്‌ നേതൃനിരയിലെ പ്രമുഖർക്ക്‌ സീറ്റ്‌ നൽകരുതെന്ന ആവശ്യമുണ്ട്‌. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്‌, ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ എന്നിവരുടെ കാര്യത്തിലാണീ‌ അനിശ്ചിതത്വം‌. ഫണ്ട്‌ വെട്ടിപ്പ്‌  യൂത്ത്‌‌ ലീഗ്‌ നേതൃത്വത്തിന്‌ കാര്യമായി പ്രതിരോധിക്കാനായില്ല. തെരഞ്ഞെടുപ്പിൽ ഇവർ മത്സരിച്ചാൽ തട്ടിപ്പ്‌ വീണ്ടും ചർച്ചയാകും. അത്‌ ലീഗിന്‌ എല്ലായിടത്തും ദോഷവുമാകുമെന്നാണ്‌ യൂത്തുകാരെ ഒഴിവാക്കാനുയർന്നിട്ടുള്ള വാദം.

ചെന്നിത്തയുടെ ജാഥ ലീഗ്‌ മണ്ഡലം കമ്മിറ്റിക്ക്‌ വേണ്ട
രമേശ്‌ ചെന്നിത്തലയുടെ  ഐശ്വര്യ യാത്ര തൃശൂർ ജില്ലയിൽ മുസ്ലിംലീഗ് ബഹിഷ്‌കരിച്ചു. പുതുക്കാട്‌  മണ്ഡലത്തിലെ ആമ്പല്ലൂരിലെ സ്വീകരണത്തിൽ നിന്നാണ്‌‌ ലീഗ്‌ വിട്ടുനിന്നത്‌.  വരന്തരപ്പിള്ളി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ  വെൽവെയർപാർടിക്കും പിഡിപിക്കും സീറ്റ്‌ നൽകിയതുമായി ബന്ധപ്പെട്ട്‌‌ ലീഗും കോൺഗ്രസും അകൽച്ചയിലായിരുന്നു.  കയ്‌പമംഗലം, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലും   കോൺഗ്രസ്‌–-ലീഗ്‌ ഭിന്നത നിലനിൽക്കുന്നുണ്ട്‌.