ഗുലാംനബിയോട്‌ ‘സലാം’ പറഞ്ഞ്‌ കെപിസിസി ; കേരളത്തിൽ സീറ്റ്‌ നൽകേണ്ടെന്ന്‌ ധാരണ

Wednesday Feb 10, 2021
കെ ശ്രീകണ‌്ഠൻ


തിരുവനന്തപുരം
പാർലമെന്റിലെ കോൺഗ്രസിന്റെ മുഖമായ ഗുലാംനബി ആസാദിനോട്‌ ‘തൊട്ടുകൂടായ്‌മ’ നയം സ്വീകരിക്കാൻ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം. ആസാദിനെ കേരളത്തിൽനിന്ന്‌ രാജ്യസഭയിലേക്ക്‌ മത്സരിപ്പിക്കാനുള്ള നിർദേശത്തെ മുളയിലേ നുള്ളാനാണ്‌ കെപിസിസി നേതൃത്വത്തിന്റെ നീക്കം. ഹൈക്കമാൻഡിലെ ‘കേരള ലോബി’യെ ഇതിനായി അണിനിരത്തും. ആസാദിനെ കേരളത്തിലേക്ക്‌ അയക്കാൻ സോണിയ ഗാന്ധി നിർദേശിച്ചാൽ രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ അത്‌ മറികടക്കാനാണ്‌ നീക്കം. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവർ ഈ വികാരമുള്ളവരാണ്‌. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്‌ കേരളത്തിലെ ആസാദ്‌ വിരുദ്ധ ലോബിയെ രൂപപ്പെടുത്തുന്നത്‌.

രാജ്യസഭയിൽ വയലാർ രവി, പി വി അബ്‌ദുൾ വഹാബ്‌, കെ കെ രാഗേഷ്‌ എന്നിവരുടെ കാലാവധി ഏപ്രിലിൽ അവസാനിക്കും. വയലാർ രവിയുടെ ഒഴിവിൽ‌‌ ആസാദിനെ പരിഗണിക്കുമോയെന്നാണ്‌ നേതൃത്വത്തിന്റെ ആശങ്ക. നിയമസഭാ സ്ഥാനാർഥി നിർണയം ഹൈക്കമാൻഡ്‌ ഹൈജാക്ക്‌ ചെയ്‌തെന്ന വികാരം ഗ്രൂപ്പുകളിലുണ്ട്‌.

കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട്‌ കഴിഞ്ഞ ആഗസ്‌തിൽ സോണിയ ഗാന്ധിക്ക്‌ കത്തെഴുതിയ 23 നേതാക്കളിൽ ആസാദും ഉൾപ്പെട്ടിരുന്നു. ബിജെപിയുമായി ചേർന്നാണ്‌ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ കത്തെഴുതിയതെന്ന്‌ രാഹുൽ ഗാന്ധി ക്യാമ്പ്‌ അന്ന്‌  ആരോപിച്ചിരുന്നു. ബിജെപിയുമായി ബന്ധമുണ്ടെന്ന്‌ തെളിയിച്ചാൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ പദവി അടക്കം രാജിവയ്‌ക്കാമെന്ന്‌  ആസാദ്‌ വെല്ലുവിളിക്കുകയും ചെയ്തു.

കേരളത്തിലാകട്ടെ‌ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിൽ ഉറ്റുനോക്കി ഒരുപട നേതാക്കൾ മാസങ്ങളായി ചരടുവലി നടത്തുകയാണ്‌. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയ തർക്കം തീർക്കാനുള്ള വഴിയായും രാജ്യസഭാ സീറ്റാണ്‌ നേതൃത്വത്തിന്‌ മുമ്പിലുള്ളത്‌. ഇതെല്ലാം തകിടം മറിയുമെന്ന ആധിയും ആസാദിനെതിരായ നീക്കത്തിന്‌ പിന്നിലുണ്ട്‌.