കീഴാറ്റൂർ ചീറ്റിപ്പോയ ‘നന്ദിഗ്രാം’; പൊട്ടാത്ത ‘ബോംബായി’ ആന്തൂർ

Sunday Apr 4, 2021


കണ്ണൂർ
എൽഡിഎഫ്‌ സർക്കാരിന്റെ വികസനപദ്ധതികൾ അട്ടിമറിക്കാനുള്ള പ്രതിപക്ഷ ഗൂഢനീക്കത്തിന്റെ മികച്ച ഉദാഹരണമാണ്‌ കീഴാറ്റൂർ. കേരളത്തിലെ ദേശീയപാത വികസനത്തിനു പാരവയ്‌ക്കാൻ കോൺഗ്രസും ബിജെപിയും മുൻകൈയെടുത്ത്‌ ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടെ വർഗീയ–- വിധ്വംസക ശക്തികളെയും കൂട്ടുപിടിച്ചു നടത്തിയ സമരാഭാസം. പശ്‌ചിമബംഗാളിലെ നന്ദിഗ്രാം മോഡലിൽ സംസ്ഥാന സർക്കാരിനെ താഴെയിറക്കാനുള്ള പ്രക്ഷോഭമായി വളർത്തിയെടുക്കാനായിരുന്നു ആസൂത്രിത പദ്ധതി. ഇതിനായി നന്ദിഗ്രാമിൽനിന്ന്‌ മണ്ണുവരെ എത്തിച്ചു. എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഉറച്ച നിലപാടിനു മുന്നിൽ ഇതൊന്നും വിലപ്പോയില്ല.

ദേശീയപാത 66ന്റെ ഭാഗമായ തളിപ്പറമ്പ്‌‌ ബൈപ്പാസ്‌ വരുന്നതോടെ കീഴാറ്റൂർ വയലും ഗ്രാമവുമൊന്നാകെ ഇല്ലാതാകുമെന്ന്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ്‌ പ്രതിഷേധത്തിനു തിരികൊളുത്തിയത്‌. കീഴാറ്റൂർ ക്ഷേത്രവും ക്ഷേത്രക്കുളവുംവരെ മണ്ണിനടിയിലാകുമെന്ന് പ്രചരിപ്പിച്ച് ആളുകളെ ഇളക്കിവിടാൻ ശ്രമിച്ചത്‌ ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരൻ നേരിട്ട്‌. പി കെ കൃഷ്‌ണദാസും സുരേഷ്‌ ഗോപിയും വി എം സുധീരനും ഉൾപ്പെടെയുള്ള നേതാക്കളും മുൻനിരയിലുണ്ടായിരുന്നു. വയൽപരപ്പിന്റെ ചെറിയൊരു ഭാഗം മാത്രമേ നഷ്ടപ്പെടുന്നുള്ളൂവെന്നും അതിന്‌ സർക്കാർ മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞതോടെ കുത്തിത്തിരിപ്പുകാർക്കൊപ്പം അണിനിരന്ന കൃഷിക്കാർ ഒന്നൊന്നായി പിന്തിരിഞ്ഞു. സമരവും ദയനീയമായി പരാജയപ്പെട്ടു.

ആദ്യ വിജ്ഞാപനത്തിൽ നിർദേശിച്ച അലൈൻമെന്റിൽ മാറ്റമൊന്നും വരുത്താതെയാണ്‌ 2018 ജൂലൈ 13ന്‌ കേന്ദ്ര റോഡ്‌ ഗതാഗത‐ ഹൈവേ മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്‌.

പൊട്ടാത്ത ‘ബോംബായി’ ആന്തൂർ
വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസ്‌–- ബിജെപി നേതൃത്വം പൊലിപ്പിച്ചെടുത്ത കെട്ടുകഥയാണ്‌ ആന്തൂർ സംഭവം. പ്രവാസി വ്യവസായിയായ സാജൻ പാറയിലിന്റെ ആത്മഹത്യ ആസൂത്രിതമായി സർക്കാരിനെതിരായ ‘ബോംബായി’ മാറ്റുകയായിരുന്നു. അന്തിച്ചർച്ചകളും സമരപരമ്പരകളും പദയാത്രകളുമായി മാസങ്ങളോളം പ്രതിഷേധം കൊഴുപ്പിച്ചു. എൽഡിഎഫ്‌ ഭരണത്തിൽ പ്രവാസി നിക്ഷേപകർക്ക്‌ രക്ഷയില്ലെന്ന്‌ ദേശീയതലത്തിൽ പ്രചാരണവിഷയമാക്കി. സംഭവത്തെക്കുറിച്ച്‌ പ്രത്യേക പൊലീസ്‌ സംഘം നടത്തിയ അന്വേഷണ റിപ്പോർട്ട്‌ പുറത്തുവന്നതോടെ കെട്ടുകഥകളെല്ലാം അവസാനിച്ചു. പ്രചരിപ്പിക്കപ്പെട്ടതു പോലെ ആന്തൂരിലെ കൺവൻഷൻ സെന്റർ ലൈസൻസ്‌ പ്രശ്‌നത്തിന്റെ പേരിലായിരുന്നില്ല സാജൻ പാറയലിന്റെ ആത്മഹത്യയെന്നാണ്‌ റിപ്പോർട്ടിൽ.