പെൻഷനിൽ എമ്മാതിരി നുണ

Sunday Apr 4, 2021

പെൻഷൻ ആനുകൂല്യമല്ല, അവശ വിഭാഗത്തിന്റെ അവകാശമാണെന്ന ഇടതുപക്ഷ നിലപാടിന്‌ വിരുദ്ധമായാണ്‌ യുഡിഎഫ്‌ സർക്കാരുകൾ എന്നും പ്രവർത്തിച്ചത്‌‌. 18 മാസത്തെ പെൻഷൻ കുടിശ്ശിക വരുത്തി അധികാരമൊഴിഞ്ഞ‌ ഉമ്മൻചാണ്ടി സർക്കാരും ഇതിൽനിന്ന്‌ വ്യത്യസ്‌തമല്ല‌. പാവപ്പെട്ട പെൻഷൻകാരുടെ 1638 കോടി രൂപ കുടിശ്ശിക നൽകിയത്‌ പിന്നീട്‌ വന്ന പിണറായി വിജയൻ സർക്കാരാണ്‌.

ഉമ്മൻചാണ്ടിയുടെ കാലത്ത്‌ 
85 ശതമാനം പേർക്കും 525 രൂപ
2011 മെയ്‌ 18ന്‌ യുഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരുമ്പോൾ പെൻഷൻ തുക മാസം 300 രൂപ. ആദ്യവർഷം‌ 400 രൂപയാക്കിയും അടുത്തവർഷം 525 രൂപയായും ഉയർത്തി. പിന്നീട്‌ ദേശീയനയത്തിന്റെ ഭാഗമായി 80 വയസ്സിനുമുകളിലുള്ളവർക്ക്‌ വാർധക്യകാല പെൻഷൻ 400ൽനിന്ന് 900 രൂപയാക്കി. വികലാംഗ പെൻഷൻ 400ൽനിന്ന് 700 ആക്കി. ഭരണത്തിന്റെ അവസാന നാളുകളിൽ 75 വയസ്സിന് മുകളിലുള്ളവർക്കുള്ള വാർധക്യ പെൻഷൻ 900 രൂപയിൽനിന്ന് 1500 രൂപയായും ഉയർത്തി. ആ സമയം (2016 മാർച്ച്‌) ആകെ പെൻഷൻകാരുടെ എണ്ണം 33.99 ലക്ഷമാണ്‌. ഇതിൽ 1500 രൂപയും 900 രൂപയും 700 രൂപയും പെൻഷൻ വാങ്ങുന്നവരുടെ എണ്ണം മൊത്തം പെൻഷൻ വാങ്ങുന്നവരുടെ 15 ശതമാനത്തിലും താഴെയായിരുന്നു. 85 ശതമാനംപേർക്കും അന്ന്‌‌ കിട്ടിയത്‌‌ 525 രൂപ.

അനർഹരെ കുത്തിനിറച്ച്‌ യുഡിഎഫ്‌
2013വരെ പെൻഷൻ അർഹതയ്‌ക്കുള്ള വരുമാനപരിധി 22,250 രൂപയായിരുന്നു. ഗുണഭോക്താക്കളുടെ എണ്ണം 18 ലക്ഷവും. ഉമ്മൻചാണ്ടി സർക്കാർ വരുമാനപരിധി ഒറ്റയടിക്ക് മൂന്നുലക്ഷമാക്കി. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം 27 ലക്ഷമായി. കോൺഗ്രസുകാർ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ പെൻഷൻ പദ്ധതിയിൽ ആളെ കുത്തിനിറച്ചു.

അർഹർക്കെല്ലാം പെൻഷൻ നൽകി എൽഡിഎഫ്‌
പ്രകടനപത്രികയിൽ പറഞ്ഞ പെൻഷൻ വർധന നടപ്പാക്കിയാണ്‌ എൽഡിഎഫ്‌ സർക്കാർ പ്രവർത്തനം തുടങ്ങിയത്‌. എല്ലാ പെൻഷനും 1000 രൂപയാക്കി. 2017 ഏപ്രിൽ ഒന്നുമുതൽ 1100 രൂപയായി. 2019 ഏപ്രിൽ ഒന്നുമുതൽ 1200 രൂപയും 2020 ഏപ്രിൽ മുതൽ 1400 രൂപയുമായി വർധിപ്പിച്ചു. ജനുവരി മുതൽ 1500 രൂപയും ഏപ്രിൽ മുതൽ 1600 രൂപയും. 

സർക്കാർ ചുമതലയേൽക്കുമ്പോൾ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 33.99 ലക്ഷം. ഇന്ന് 60.31 ലക്ഷമായി (49.44 ലക്ഷം സാമൂഹ്യ സുരക്ഷാ പെൻഷൻ; മസ്റ്ററിങ് നടത്തിയത് 44.59 ലക്ഷം),10.87 ലക്ഷം ക്ഷേമനിധി ബോർഡ് പെൻഷൻ (മസ്റ്ററിങ് നടത്തിയത് 9.4 ലക്ഷം).

2016ൽ 272 കോടി രൂപയായിരുന്ന പ്രതിമാസ പെൻഷൻ ചെലവ് ഇന്ന് 752 കോടിയായി ഉയർന്നു. യുഡിഎഫ് സർക്കാർ അഞ്ചുവർഷം പെൻഷനായി നൽകിയത്‌ 9311 കോടി രൂപ.  ഈ സർക്കാർ 2021 ഏപ്രിൽവരെ സാമൂഹ്യ സുരക്ഷാ പെൻഷനായിമാത്രം 35,164 കോടി രൂപ നൽകി.

ഒരാൾക്കും തുക കുറച്ചിട്ടില്ല
എൽഡിഎഫ്‌ സർക്കാർ‌ ചുമതലയേൽക്കുമ്പോൾ 75 വയസ്സിന് മുകളിലുള്ളവരുടെ പെൻഷൻ 1500 രൂപ. എല്ലാ  വിഭാഗങ്ങളുടെയും പെൻഷൻ തുക ഏകീകരിച്ചപ്പോഴും ഈ 1500 രൂപ തുടർന്നു. 6.11 ലക്ഷം പേർക്ക് നിലവിൽ ഈ നിരക്കിൽ പെൻഷനുണ്ട്‌. 2015ലെ സിഎജി റിപ്പോർട്ടിൽ സാമൂഹ്യ സുരക്ഷാ പെൻഷൻകാരിൽ 10- മുതൽ 15 ശതമാനംപേർ അനർഹരാണെന്ന നിരീക്ഷണം വന്നു. ഇതേത്തുടർന്ന്‌ പട്ടിക പരിശോധിച്ച്‌ അനർഹരെ ഒഴിവാക്കി. 2000 രൂപയ്‌ക്ക്‌ മുകളിൽ ഇപിഎഫ്/ എക്സ് ഗ്രേഷ്യ പെൻഷൻ ലഭിക്കുന്നവർക്ക് 2017 ആഗസ്‌ത്‌ മുതൽ 600 രൂപ നിരക്കിൽ ഏതെങ്കിലും സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങാമെന്ന്‌ തീരുമാനിച്ചു.