കുതിപ്പായി എൽഡിഎഫ്‌, പ്രതീക്ഷ കൈവിട്ട്‌‌ യുഡിഎഫ്‌

Sunday Apr 4, 2021
കെ ശ്രീകണ്‌ഠൻ

തിരുവനന്തപുരം > പരസ്യപ്രചാരണത്തിന്‌ ഒരു പകൽ ശേഷിക്കേ അന്തിമചിത്രം കൂടുതൽ തെളിഞ്ഞു. പ്രചാരണത്തിന്റെ തുടക്കം മുതൽക്കുള്ള മുൻതൂക്കം നിലനിർത്തി ജാഗ്രതയോടെയാണ്‌ എൽഡിഎഫ്‌ വിധിയെഴുത്തിനെ നേരിടുന്നത്‌. തുടർഭരണ വികാരം മുന്നണിക്ക്‌ വർധിതോർജം പകരുന്നു. പ്രതീക്ഷ കൈവിട്ട നിലയിലാണ്‌‌ യുഡിഎഫ്‌. അക്കൗണ്ട്‌ ക്ലോസ്‌ ചെയ്യുമോയെന്നതാണ്‌ ബിജെപിയെ പിന്തുടരുന്ന ആധി.

ഒപ്പത്തിനൊപ്പം എന്ന്‌ വരുത്തി അണികളിൽ ആത്മവിശ്വാസം പകരാനാണ്‌ യുഡിഎഫ്‌ മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നത്‌. എന്നാൽ, കണക്കുകൂട്ടലുകൾ പിഴക്കില്ലെന്ന വ്യക്തമായ സൂചനകളാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. ഇതിനെല്ലാം പുറമെയാണ്‌ ഭരണത്തുടർച്ചയെന്ന പൊതുവികാരം. മത്സരക്കളം കണക്കുകൂട്ടലുകൾക്ക്‌ അപ്പുറമോ പ്രവചനാതീതമോ അല്ല എന്നതാണ്‌ അന്തിമ ലാപ്പ്‌ വരച്ചുകാട്ടുന്നത്‌. രാഹുലും പ്രിയങ്കയും കേരളത്തിൽ തമ്പടിച്ച്‌ പ്രചാരണം നടത്തുന്നതുതന്നെ യുഡിഎഫിന്‌  ആത്മവിശ്വാസം ചോരുന്നതിന്‌ തെളിവാണ്‌.  രമേശ്‌ ചെന്നിത്തലയും മറ്റും പ്രചരിപ്പിക്കുന്ന കഴമ്പില്ലാത്ത  ആരോപണങ്ങൾ ഇംഗ്ലീഷിൽ ഏറ്റുപറയുകയാണ്‌ രാഹുലും പ്രിയങ്കയും ചെയ്‌തത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും അടക്കം കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും മാറിമാറി വന്നുപോയിട്ടും ചുരുക്കം ചില മണ്ഡലങ്ങളിൽ മാത്രമാണ്‌ ബിജെപി മത്സരക്കളത്തിൽ. മൂന്ന്‌ മണ്ഡലത്തിൽ പരസ്യമായ ബിജെപി, യുഡിഎഫ്‌ വോട്ടുകച്ചവടം അവസാന ഘട്ടമായപ്പോൾ നിരവധി മണ്ഡലങ്ങളിലേക്ക്‌ വ്യാപിച്ചു‌. നരേന്ദ്ര മോഡിയും രാഹുൽ ഗാന്ധിയും പരസ്‌പരം വിമർശിക്കാതെ സിപിഐ എമ്മിനെമാത്രം കടന്നാക്രമിച്ചതും ഇതിന്‌ തെളിവാണ്‌. കേന്ദ്ര സർക്കാരിനെ നയിക്കുന്ന ആൾ എന്ന നിലവാരത്തിലേക്ക്‌ നരേന്ദ്ര മോഡി ഉയർന്നില്ലെന്ന അഭിപ്രായം ബിജെപി അണികൾക്കിടയിൽത്തന്നെ ഉയർന്നിട്ടുണ്ട്‌.  ബിജെപി സിറ്റിങ്‌ സീറ്റായ നേമംവഴി കടന്നുപോയിട്ടും പ്രിയങ്ക ഒരു കേന്ദ്രത്തിൽപ്പോലും പ്രസംഗിച്ചില്ല.

ഭരണത്തുടർച്ചയുടെ ആവേശം

ഭരണത്തുടർച്ചയുടെ അന്തരീക്ഷം കേരളമാകെ ശക്തമാണെന്ന്‌ പ്രതിപക്ഷ അണികൾപോലും  വിശ്വസിക്കുന്നു. വികസന ക്ഷേമ പ്രവർത്തനങ്ങളും മറ്റും ആവേശത്തോടെയാണ്‌ ജനങ്ങൾ തെരഞ്ഞെടുപ്പ്‌ ചർച്ചയാക്കിയത്‌. സർക്കാരിന്റെ നേട്ടങ്ങളിലല്ലാതെ മറ്റൊന്നിനും എൽഡിഎഫ്‌ പ്രവർത്തകർ

ചെവികൊടുത്തില്ല. ഒരിടത്തും ഭരണവിരുദ്ധവികാരം ഇല്ലെന്നതാണ്‌ ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ തവണ കൂടുതൽ സീറ്റുകൾ നേടിയ 11 ജില്ലയിൽ ഇക്കുറി ഒരു ഇളക്കവും തട്ടിയിട്ടില്ലെന്നാണ്‌ എൽഡിഎഫ്‌ വിലയിരുത്തൽ.

കോട്ടയവും എറണാകുളവും നഷ്ടമാകും‌

കേരള കോൺഗ്രസിന്റെ പിന്തുണ നഷ്ടമായതോടെ കഴിഞ്ഞ തവണ യുഡിഎഫിന്‌ മേൽക്കൈ കിട്ടിയ കോട്ടയം ഇക്കുറി മാറിമറിയുമെന്ന്‌ ഉറപ്പാണ്‌. കോട്ടയത്തിന്‌ പുറമെ എറണാകുളം, മലപ്പുറം ജില്ലകളിലാണ്‌ യുഡിഎഫിന്‌ കൂടുതൽ സീറ്റ്‌ ലഭിച്ചത്‌. മലപ്പുറത്ത്‌ ചില മണ്ഡലങ്ങളിൽ കടുത്ത മത്സരം നേരിടുകയാണ്‌ മുസ്ലിംലീഗ്‌. ബിജെപിയോടുള്ള മൃദുസമീപനം ഇവിടെ ന്യൂനപക്ഷ വിഭാഗങ്ങളിൽ യുഡിഎഫ്‌വിരുദ്ധ വികാരത്തിന്‌ മൂർച്ച കൂട്ടിയിട്ടുണ്ട്‌. മറ്റു ചില ജില്ലകളിൽ കഴിഞ്ഞ തവണത്തേക്കാൾ സ്ഥിതി മെച്ചമാകുമെന്ന പ്രതീക്ഷ മാത്രമാണ്‌  യുഡിഎഫിനുള്ളത്‌.

അക്കൗണ്ട്‌ ക്ലോസാകും

കൈവശമുള്ള ഏക സീറ്റ്‌ നിലനിർത്തി വോട്ടുവിഹിതം വർധിപ്പിക്കാനാകുമോയെന്ന ബിജെപിയുടെ പരീക്ഷണം പാളി. തലശേരി, ഗുരുവായൂർ എന്നിവിടങ്ങളിലെ വോട്ട്‌ മറിക്കൽ ധാരണ പുറത്തായതോടെ കൂടുതൽ വെട്ടിലായി. പ്രധാനമന്ത്രി അടക്കം രംഗത്തിറങ്ങിയിട്ടും മൂന്ന്‌ മണ്ഡലത്തിൽ സ്ഥാനാർഥിയില്ലാതായ സാഹചര്യം ഗൗരവമായി എടുത്തിട്ടുമില്ല. എൻഡിഎയുടെ വോട്ടുവിഹിതം വർധിപ്പിച്ച്‌ മുഖം രക്ഷിക്കാനാണ്‌ ശ്രമം.  നേമത്ത്‌ എൽഡിഎഫ്‌ കനത്ത വെല്ലുവിളിയാണ്‌ ഉയർത്തിയിട്ടുള്ളത്‌. അത്‌ ഫലം കാണുമെന്നാണ്‌ ബിജെപി കേന്ദ്രങ്ങൾ രഹസ്യമായി പ്രചരിപ്പിക്കുന്നത്‌. ഇത്‌ കണക്കിലെടുത്ത്‌ കെ മുരളീധരന്‌ വോട്ടുമറിക്കാൻ ആർഎസ്‌എസ്‌ രംഗത്തുണ്ട്‌.