ഉമ്മൻചാണ്ടിയെ തോണ്ടി ചെന്നിത്തല

ഇരട്ടവോട്ട്‌ വിഴുങ്ങി ; അടുത്ത ‘ബോംബും’ ചീറ്റി

Friday Apr 2, 2021
കെ ശ്രീകണ്‌ഠൻ


തിരുവനന്തപുരം
ബൂത്തിലേക്ക്‌ കൈയെത്തും ദൂരംമാത്രം നിൽക്കെ  പ്രചാരണരംഗം കത്തിക്കാളാൻ തുടങ്ങി. സ്വയം കുഴിച്ച കുഴിയായ ഇരട്ടവോട്ട്‌ വിവാദത്തിനു പിന്നാലെ  രമേശ്‌ ചെന്നിത്തലയുടെ അടുത്ത ‘ബോംബും’ ചീറ്റി. വൈദ്യുതി വാങ്ങുന്നതിൽ അദാനിയുമായി കരാറുണ്ടാക്കിയെന്നായിരുന്നു പുതിയ ആരോപണം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപറേഷനും വൈദ്യുതി ബോർഡും തമ്മിൽ ഒപ്പുവച്ച കരാറിനെയാണ്‌ ദുർവ്യാഖ്യാനം ചെയ്തത്‌. പക്ഷേ, കഴമ്പില്ലെന്ന്‌ അറിഞ്ഞിട്ടും അദാനിയുടെ പേരു പറഞ്ഞ്‌ ലക്ഷ്യമിടുന്നത്‌ ഉമ്മൻചാണ്ടിക്ക്‌ ‘ഷോക്ക്‌’ നൽകൽ.

വിഴിഞ്ഞം തുറമുഖം അദാനിക്ക്‌ കൈമാറിയതിലെ അഴിമതിയിൽ ഉമ്മൻചാണ്ടിയുടെയും കെ ബാബുവിന്റെയും പങ്ക്‌ പ്രതിപക്ഷ നേതാവിന്‌ ബോധ്യമുള്ളതാണ്‌. ഇതുസംബന്ധിച്ച പഴയ ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട്‌ പൊടിതട്ടി കടന്നുവരട്ടെയെന്ന ചിന്തയുമുണ്ട്‌.

പ്രചാരണം അന്തിമഘട്ടത്തിലേക്ക്‌ കടക്കുമ്പോഴും വികസനത്തിലും വിവാദത്തിലും വാദപ്രതിവാദം കൊഴുക്കുകയാണ്‌. വികസന ക്ഷേമ പ്രവർത്തനം നിരത്തിയാണ്‌ എൽഡിഎഫ്‌ മുന്നേറ്റം.  വിവാദങ്ങളിൽ ചുറ്റിക്കറങ്ങുകയാണ്‌ യുഡിഎഫ്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രണ്ടാമതും ഇറക്കി  ബിജെപി.

രമേശ്‌ ചെന്നിത്തല നടത്തുന്ന തുടർ ആരോപണങ്ങളൊന്നും ഉമ്മൻചാണ്ടി അടക്കമുള്ളവർ ഏറ്റുപിടിക്കുന്നില്ല. മുസ്ലിംലീഗ്‌, കേരള കോൺഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പ്‌ നേതാക്കളാകട്ടെ സ്വന്തം തട്ടകം കാക്കാൻ കഷ്ടപ്പെടുന്ന സ്ഥിതി.  കുഞ്ഞാലിക്കുട്ടി ലീഗ്‌ മണ്ഡലങ്ങളിൽമാത്രം കേന്ദ്രീകരിച്ചു.  ഇതിനുമുമ്പ്‌ യുഡിഎഫ്‌ നേരിടാത്ത പ്രതിസന്ധി.

മുഖ്യമന്ത്രിയുടെ ആവേശകരമായ പ്രചാരണ പരിപാടികളും നേതാക്കളുടെ ഭവനസന്ദർശനവുമായി എൽഡിഎഫ്‌ പ്രചാരണം ഉച്ചസ്ഥായിയിലാണ്‌. കൈവശമുള്ളവ നിലനിർത്തി പുതിയവ പിടിക്കുകയാണ്‌ ലക്ഷ്യം. ഉള്ള മണ്ഡലങ്ങളിൽ പൊരിഞ്ഞ പോരാട്ടമാണ്‌ യുഡിഎഫും ബിജെപിയും നേരിടുന്നത്‌. മത്സരം കനത്ത നേമംപോലുള്ള ചില മണ്ഡലങ്ങളിൽ ത്രികോണ പോരിന്റെ പ്രതീതി‌. അതേസമയം തലശ്ശേരി, ഗുരുവായൂർ അടക്കം ഒരുപാട്‌ സ്ഥലങ്ങളിൽ ബിജെപി–-യുഡിഎഫ്‌ വോട്ടുകച്ചവടവും ഉറപ്പിച്ചിട്ടുണ്ട്‌. പ്രധാനമന്ത്രി അടക്കമുള്ളവർ വന്നെങ്കിലും നാലോ അഞ്ച്‌ മണ്ഡലങ്ങളിൽ മാത്രമേ‌ ബിജെപിക്ക്‌ ശക്തമായ മത്സരം കാഴ്‌ചവയ്‌ക്കാനായിട്ടുള്ളൂ. കഴിഞ്ഞ തവണ നേടിയ നേമത്ത്‌ ഇക്കുറി എൽഡിഎഫിന്‌‌ വലിയ മുന്നേറ്റമുണ്ട്‌. ശോഭ സുരേന്ദ്രൻ മത്സരിക്കാനിറങ്ങിയ കഴക്കൂട്ടത്ത്‌ മുകൾപരപ്പിൽ മാത്രമാണ്‌ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞിട്ടുള്ളത്‌. കോന്നിയിലും അതുതന്നെ സ്ഥിതി.