വോട്ട്‌വേണം, 
കൊടി പുറത്ത്‌ ; ഖൽബ്‌ 
തകർക്കുന്ന 
അപമാനം 
നേരിട്ട്‌ ലീഗ്

Friday Apr 2, 2021
പി വി ജീജോ


കോഴിക്കോട്‌
നാണക്കേട്‌ സഹിച്ച്‌ ഖൽബ് ‌തകർന്നിങ്ങനെ കോൺഗ്രസിനൊപ്പം കഴിയണോ. മുസ്ലിംലീഗിന്റെ വോട്ട്‌വേണം, കൊടി വേണ്ട. ഈ അപമാനം സഹിച്ച്‌ കോൺഗ്രസിനൊപ്പം തുടരണോ...വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ്‌ഷോയിൽ ലീഗിന്റെ പച്ചപ്പതാകയ്‌ക്ക്‌ വിലക്കേർപ്പെടുത്തിയതോടെ പൊട്ടിത്തെറിക്കയാണ്‌ ലീഗ്‌പ്രവർത്തകർ. തെക്കൻ കേരളത്തിലെ പ്രചാരണത്തിൽനിന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളെ മാറ്റിനിർത്തിയതിന്‌ പിന്നാലെയാണ്‌ ലീഗിനെ‌ കോൺഗ്രസ്‌ ചുരുട്ടിക്കെട്ടിക്കുന്നത്‌. ഇത്‌ പ്രവർത്തകരെ മാത്രമല്ല, ന്യൂനപക്ഷങ്ങളെ ഒന്നടങ്കം അസ്വസ്ഥരാക്കുകയാണ്‌. ബിജെപി വോട്ടുറപ്പിക്കാനാണോ കോൺഗ്രസ്‌ ശ്രമമെന്നും ലീഗ്‌ പ്രവർത്തകർ സംശയിക്കുന്നു.

സ്വന്തം പാർടി കൊടിവീശി യുഡിഎഫ്‌ റാലിയിൽ പങ്കെടുക്കാൻ കഴിയില്ലെങ്കിൽ വോട്ടെന്തിനെന്ന ചോദ്യമാണ്‌ ഉയർത്തുന്നത്‌. യൂത്ത്‌ലീഗുകാരടക്കം സൈബർ ഗ്രൂപ്പുകളിലും സാമൂഹ്യമാധ്യമങ്ങളിലും കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ നിശിതമായ പ്രതികരണവുമായി രംഗത്തുണ്ട്‌. ഇതാദ്യമല്ല കോൺഗ്രസ്‌ നേതൃത്വത്തിൽനിന്ന്‌ അപമാനം നേരിടുന്നതെന്നതും ലീഗുകാരുടെ എതിർപ്പിന്‌ പിന്നിലുണ്ട്‌. പതാക കണ്ടാൽ പാകിസ്ഥാൻ ലീഗെന്ന്‌ വിളിക്കുന്നവർക്കൊപ്പമാണ്‌ കോൺഗ്രസെങ്കിൽ മുന്നണി ബന്ധമെന്തിനെന്ന രോഷമാണ്‌ പ്രവർത്തകർ പങ്കിടുന്നത്‌. ‌വർഗീയത നിറഞ്ഞ  മുസ്ലിംകക്ഷിയായാണ്‌ ലീഗിനെ കോൺഗ്രസ്‌ നേതൃത്വത്തിൽ വലിയൊരുവിഭാഗം  കാണുന്നത്‌. ‌

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ്‌ ലീഗിന്റെ കൊടിക്ക്‌ ആദ്യം നിരോധനമേർപ്പെടുത്തിയത്‌. കൽപ്പറ്റയിൽ രാഹുലിന്റെ പ്രചാരണത്തിന്‌ പച്ചക്കൊടി വീശിയത്‌ ആർഎസ്‌എസും ബിജെപിയും ഉത്തരേന്ത്യയിൽ പ്രചാരണമാക്കിയെന്ന്‌ പറഞ്ഞായിരുന്നു വിലക്ക്‌. വർഷങ്ങളായി കോൺഗ്രസിനെ ജയിപ്പിക്കുന്ന പാർടിക്കുവേണ്ടി എഐസിസിയിലെ മലയാളി നേതാക്കളടക്കം വാദിക്കാത്തത്‌ അന്നേ പ്രവർത്തകരെ വേദനിപ്പിച്ചതാണ്‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നയിച്ച ഐശ്വര്യയാത്രയിൽ തെക്കൻ കേന്ദ്രത്തിൽ  ലീഗിന്റെ കൊടി പുറത്തായിരുന്നു. 1961–-ൽ സി എച്ച്‌ മുഹമ്മദ്‌കോയയെ‌ തൊപ്പി അഴിപ്പിച്ചാണ്‌ കോൺഗ്രസ്‌ ‌സ്‌പീക്കറാക്കിയത്‌. ലീഗിന്റെ  പ്രാഥമികാംഗത്വം രാജിവയ്‌ക്കാൻ നിർബന്ധിതനായി അന്ന്‌ സി എച്ച്‌‌. പിന്നീട്‌ ‌സി എച്ച്‌ തൊപ്പിവച്ച്‌ സത്യപ്രതിജ്ഞചെയ്‌തത്‌ ഇ എം എസ്‌ മന്ത്രിസഭയിലാണ്‌. സമുദായം അപമാനത്തിൽനിന്ന്‌ ആത്മാഭിമാനം വീണ്ടെടുത്ത  മുഹൂർത്തമായാണ്‌‌ സി എച്ച്‌ ഈ സന്ദർഭത്തെ വിശേഷിപ്പിച്ചത്‌. ഈ ചരിത്രമെല്ലാം  ലീഗ്‌ പ്രവർത്തകരെ വീണ്ടും ഓർമിപ്പിക്കുന്നതാണ്‌ വയനാട്ടിൽ നേരിട്ട അപമാനം.

പൗരത്വ ഭേദഗതി നിയമമടക്കം ന്യൂനപക്ഷവിരുദ്ധ നയങ്ങളെക്കുറിച്ച്‌ മിണ്ടാത്ത കോൺഗ്രസ്‌ നിലപാടിൽ ലീഗിലെ നല്ലൊരുവിഭാഗത്തിന്‌ നേരത്തേ അതൃപ്‌തിയുണ്ട്‌. തുടർച്ചയായി ചവിട്ടിയരയ്‌ക്കുമ്പോൾ ആത്മാഭിമാനം നഷ്ടമായി വോട്ട്‌പെട്ടിയായി നിലനിൽക്കണോ എന്ന സങ്കടവും രോഷവുമാണ്‌ ലീഗ്‌ നേരിടുന്നത്‌.