അഴി (മതി) മുഖങ്ങൾ കടന്ന്‌ അതിവേഗത്തിൽ

Friday Apr 2, 2021
ടി ആർ അനിൽകുമാർ


കൊച്ചി
പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതി വി കെ  ഇബ്രാഹിംകുഞ്ഞോ മകനോ മത്സര രംഗത്തിറങ്ങിയാൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും യുഡിഎഫ്‌ വിജയസാധ്യതയെ ബാധിക്കുമെന്ന സത്യം  പറഞ്ഞത്‌ മുസ്ലീംലീഗ്‌ ജില്ലാ കമ്മിറ്റി‌. അഴിമതി മുഖങ്ങൾ പോരെങ്കിൽ ഇതുകൂടി ചേർത്ത്‌ വയ്‌ക്കൂവെന്ന്‌ പറഞ്ഞ്‌ കെ ബാബുവിനേയും രംഗത്ത്‌ കൊണ്ടുവന്നത്‌ ഉമ്മൻചാണ്ടി. ജനങ്ങൾ മുന്നിൽ കാണുന്നതാകട്ടെ ഈ അഴിമതിക്കാരെ പിന്നിലാക്കി അതിവേഗത്തിൽ കടന്നു പോകുന്ന വികസനവും ക്ഷേമവും.  ഇതോടെ ജില്ലയിലെ ചരിത്രത്തിലില്ലാത്ത വിധം വിജയം ഉറപ്പിക്കുകയാണെന്ന്‌‌ എൽഡിഎഫ്‌ നേതാക്കൾ പറയുന്നു.

അഞ്ച്‌ സിറ്റിങ്‌ സീറ്റുകൾ നിലനിർത്തി കൂടുതൽ മണ്ഡലങ്ങൾ പിടിക്കാനാണ്‌ എൽഡിഎഫ്‌ ശ്രമം. വൈപ്പിൻ ഗവ. കോളേജും തീരദേശപാതയുടെ വികസനവും പുലിമുട്ട്‌ ഉൾപ്പെടെയുള്ള ആശ്വാസനടപടികളും തീരമേഖലയിൽ   അനുകൂല സൂചനകൾ നൽകുന്നു.

തൃപ്പൂണിത്തുറയിൽ എം സ്വരാജും കോതമംഗലത്ത്‌ ആന്റണി ജോണും വൈപ്പിനിൽ കെ എൻ ഉണ്ണിക്കൃഷ്‌ണനും കൊച്ചിയിൽ കെ ജെ മാക്‌സിയും  മൂവാറ്റുപുഴയിൽ എൽദോ എബ്രഹാമും കൂടുതൽ ജനപിന്തുണയാർജിക്കുകയാണ്‌.
തോൽവിയുറപ്പായതിന്റെ ലക്ഷണമാണ്‌ യുഡിഎഫ്‌ പ്രവർത്തകർ ആന്റണി ജോണിന്റെ പര്യടനവാഹനത്തിൽ കയറി അക്രമം കാണിച്ചതെന്ന്‌  എൽഡിഎഫ്‌ നേതാക്കൾ പറഞ്ഞു. അഴിമതിക്കാർക്കെതിരെ യൗവ്വനപ്രഭാവവും പുതിയകാലത്തിന്റെ മുഖവുമായി  പി രാജീവ്‌ സ്ഥാനാർഥിയായതോടെ കളമശേരിയിൽ എൽഡിഎഫ്  വിജയമുറപ്പിച്ചിരുക്കുകയാണ്‌.

തൃപ്പൂണിത്തുറയിൽ ബാർകോഴ, വരവിൽക്കവിഞ്ഞ സ്വത്ത്‌ കേസുകളിൽ പ്രതിയായ കെ ബാബു വന്നതിൽ‌ ഐ ഗ്രൂപ്പ്‌   ശക്തമായ പ്രതിഷേധത്തിലാണ്‌. വൈപ്പിനിൽ ചാണ്ടി ഉമ്മന്റെ നോമിനി വന്നതോടെ എ, ഐ ഗ്രൂപ്പുകൾ നിർജീവമായി‌.  
ട്വന്റി–-20യുടെ സാന്നിധ്യം‌ ശ്രദ്ധേയമായ കുന്നത്തുനാട്ടിൽ മണ്ഡലം പിടിക്കാൻ എൽഡിഎഫ്‌ അഡ്വ. പി വി ശ്രീനിജിനാണ്‌ രംഗത്തുള്ളത്‌. അങ്കമാലി തിരിച്ചുപിടിക്കാൻ മുൻമന്ത്രി ജോസ്‌ തെറ്റയിയും പിറവത്ത്‌  അനൂപ്‌ ജേക്കബിന്‌ കടുത്ത വെല്ലുവിളിയുയർത്തി ഡോ. സിന്ധുമോൾ ജേക്കബും മുന്നേറുന്നു. പെരുമ്പാവൂരിൽ എൽദോസ്‌ കുന്നപ്പിള്ളിക്കെതിരെ ബാബു ജോസഫും തൃക്കാക്കരയിൽ പി ടി തോമസിനെതിരെ ഡോ. ജെ ജേക്കബും ആലുവയിൽ അൻവർ സാദത്തിനെതിരെ മുൻ എംഎൽഎ കെ മുഹമ്മദാലിയുടെ മരുമകൾ ഷെൽന നിഷാദും യുഡിഎഫിന്‌ പ്രഹരം നൽകാനുള്ള ശ്രമത്തിലാണ്‌. എറണാകുളത്ത്‌ ഷാജി ജോർജ്‌ പ്രണതയും വി ഡി സതീശന്റെ സിറ്റിങ്‌ മണ്ഡലമായ പറവൂരിൽ തൊഴിലാളി നേതാവ്‌ എം ടി നിക്‌സണും ശക്തമായ മത്സരത്തിൽ.  തൃപ്പൂണിത്തുറയിൽ യുഡിഎഫ്‌ സ്ഥാനാർഥി കെ ബാബു ബിജെപിയുമായുള്ള ധാരണ പുറത്തുവിട്ടതോടെ എൻഡിഎ ക്യാമ്പുകൾ ആശയക്കുഴപ്പത്തിലായി‌.

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗങ്ങൾ വൻ ബഹുജനമുന്നേറ്റങ്ങളായി. യുഡിഎഫ്‌ പ്രചാരണത്തിനു രാഹുൽ ഗാന്ധിയും എൻഡിഎക്കുവേണ്ടി അമിത്‌ഷായും പ്രചാരണത്തിനെത്തി.