മയ്യഴിയുടെ തീരത്ത്‌ ചർച്ച
കേരള മോഡൽ

Thursday Apr 1, 2021
പി ദിനേശൻ


മയ്യഴി
ഭക്ഷ്യക്കിറ്റും സൗജന്യ അരിയുമെല്ലാം കേന്ദ്രം നൽകുന്നതാണെന്ന്‌ വീരവാദം മുഴക്കുന്നവർക്ക്‌ മാഹിയിൽ മിണ്ടാട്ടമില്ല. കേരളത്തിലെപ്പോലെ ഭക്ഷ്യക്കിറ്റോ സൗജന്യ അരിയോ കോൺഗ്രസ്‌ ഭരണത്തിൽ പുതുച്ചേരി സംസ്ഥാനത്തോ, മാഹിയിലോ ഇല്ല. ബിജെപിക്കാരിയായ ലെഫ്‌. ഗവർണർ കിരൺബേദിയും മുഖ്യമന്ത്രി നാരായണസ്വാമിയും തമ്മിലുണ്ടായ പോരിൽ സംസ്ഥാനത്തെ റേഷൻവിതരണവും നിലച്ചു. ‘ലൈഫി’ൽ കേരളം നാല്‌ ലക്ഷം രൂപ വീടിനു നൽകുമ്പോൾ ഇവിടെ രണ്ട്‌ ലക്ഷംമാത്രം. തെരഞ്ഞെടുപ്പ്‌ ആരവം ഉച്ചസ്ഥായിയിലെത്തുമ്പോൾ കേരളമോഡൽ വികസനവും ക്ഷേമപദ്ധതികളുമാണ്‌ മയ്യഴിപ്പുഴയുടെ തീരത്ത്‌ പ്രധാന ചർച്ച.

പുതുച്ചേരി നിയമസഭയിലേക്കുള്ള പോരാട്ടച്ചൂടിലാണ്‌ മാഹി മണ്ഡലം. ദ്രാവിഡരാഷ്‌ട്രീയമാണ്‌ പുതുച്ചേരിയുടെ വിധി നിർണയിക്കുന്നതെങ്കിലും കേരളത്തിന്റെ രാഷ്‌ട്രീയകാലാവസ്ഥയ്‌ക്കൊപ്പമാണ്‌ മാഹിയുടെ സഞ്ചാരം. നിലനിർത്താൻ എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും ‌ശ്രമിക്കുമ്പോൾ മത്സരത്തിന്‌ വീറും വാശിയും ഏറുകയാണ്‌. പ്രചാരണം അവസാന ലാപ്പിലേക്ക്‌ കടക്കുമ്പോൾ ഇടത്‌ മുന്നേറ്റമാണ്‌  പ്രകടമാകുന്നത്‌.

കോൺഗ്രസ്‌ എംഎൽഎമാരെ വിലയ്‌ക്കെടുത്ത്‌ പുതുച്ചേരി മന്ത്രിസഭ ബിജെപി മറിച്ചിട്ടതിനു‌പിന്നാലെയാണ്‌ തെരഞ്ഞെടുപ്പെത്തിയത്‌. മന്ത്രിയടക്കം അഞ്ചു‌ കോൺഗ്രസ്‌ എംഎൽഎമാരെ വിലയ്‌ക്കു വാങ്ങിയപ്പോഴും മാഹി എംഎൽഎ ഡോ. വി രാമചന്ദ്രനെ വീഴ്‌ത്താൻ ബിജെപിക്കായില്ല. വിലയ്‌ക്കെടുക്കാനാകാത്ത ഇടതുപക്ഷ രാഷ്‌ട്രീയത്തിന്‌ തുടർച്ചതേടിയാണ്‌ എൽഡിഎഫ്‌ പിന്തുണയുള്ള സ്വതന്ത്രൻ എൻ ഹരിദാസൻമാസ്റ്റർ ജനവിധിതേടുന്നത്‌. മുപ്പതു‌വർഷത്തെ കോൺഗ്രസ്‌ കുത്തക തകർത്താണ്‌ 2016–-ൽ ഇടതുപക്ഷം മാഹിയിൽ വെന്നിക്കൊടിപാറിച്ചത്‌. മാഹി ജവാഹർലാൽ നെഹ്‌റു ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപകനും ജീവകാരുണ്യപ്രവർത്തകനുമാണ്‌ ഹരിദാസൻമാസ്റ്റർ.

യുഡിഎഫ്‌ സ്ഥാനാർഥിയായി രമേഷ്‌ പറമ്പത്ത്‌ മത്സരിക്കുന്നു. പരാജയഭീതിയിൽ മുൻമന്ത്രി ഇ വത്സരാജ്‌ ‌പിന്മാറിയ ഒഴിവിലാണ്‌ മുൻ നഗരസഭാ ചെയർമാനും ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റുമായ രമേശ്‌ പറമ്പത്തിന്‌ സീറ്റുകിട്ടിയത്‌. സ്ഥാനാർഥി പ്രഖ്യാപനത്തോടെ തുടങ്ങിയ ഭിന്നത കോൺഗ്രസിൽ കെട്ടടങ്ങിയിട്ടില്ല. പേമെന്റ്‌ സീറ്റെന്നാണ്‌ എൻഎസ്‌യു–-യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളുടെ ആരോപണം. ഹൈക്കമാൻഡിനും പരാതി അയച്ചു. എൻ ആർ കോൺഗ്രസിലെ വി പി അബ്ദുൾറഹ്മാനാണ്‌ എൻഡിഎ സ്ഥാനാർഥി.