ചുവന്ന ബൈപാസേറും അരൂരും ഹരിപ്പാടും

Thursday Apr 1, 2021
എസ്‌ മനോജ്‌


ആലപ്പുഴ
അൻപത്‌ വർഷം  മുമ്പ്‌ ആലോചന ആരംഭിച്ച ആലപ്പുഴ ബൈപ്പാസ്‌ കഴിഞ്ഞഅഞ്ചുവർഷത്തിനുള്ളിലാണ്‌ 95 ശതമാനം പണിയും പൂർത്തീകരിച്ച്‌ നാടിന്‌ നൽകിയത്‌. ഇത്‌ ബൈപ്പാസിന്റെ മാത്രം കഥയല്ല. വികസനം റോഡിലും പാലത്തിലും മാത്രമല്ല; ജനങ്ങളുടെ ജീവിതത്തിലും സൂര്യകാന്തിപ്പാടം പോലെ പൂത്തുവിടർന്നു നിൽക്കുകയാണ്‌.അടിസ്ഥാന സൗകര്യവികസനത്തിന്‌ വേഗം കൂട്ടിയ മന്ത്രി തോമസ്‌ ഐസക്കിന്റെയും പുതിയ കാലത്തിന്‌ പുതിയ നിർമാണരീതികൾ ആവിഷ്‌കരിച്ച മന്ത്രി ജി സുധാകരന്റെയും ഭക്ഷ്യവകുപ്പിന്റെ കാവൽക്കാരനായ മന്ത്രി പി തിലോത്തമന്റെയും ജില്ലയിൽ അതു തന്നെയാണ്‌ പ്രധാന ചർച്ച–- വികസനം തുടരാൻ എൽഡിഎഫിന്റെ വിജയം.

2016ൽ ഒമ്പതിൽ എട്ടും ജയിച്ചായിരുന്നു എൽഡിഎഫ്‌ മുന്നേറ്റം. ഉപതെരഞ്ഞെടുപ്പിൽ അരൂർ നഷ്‌ടമായെങ്കിലും തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം. പ്രതിപക്ഷ നേതാവ്‌ ഹരിപ്പാട്‌ മത്സരിക്കുന്നതാണ്‌ യുഡിഎഫിനെ സംബന്ധിച്ച്‌ പ്രധാനം. എൻഡിഎയ്‌ക്കാകട്ടെ കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല


 

കെട്ടുറപ്പില്ലാതെയാണ്‌ യുഡിഎഫിന്റെ പോക്ക്‌.‌  നിരവധി നേതാക്കൾ കോൺഗ്രസ്‌ വിട്ടു. എണ്ണയിട്ടയന്ത്രം പോലെയാണ്‌ എൽഡിഎഫ്‌ മുന്നേറ്റം.  സ്ഥാനാർഥികളുടെ പൊതുപര്യടനമടക്കം അവസാനഘട്ടത്തിൽ. ഡിജിറ്റൽ പ്രചാരണത്തിലൂടെ യുവജനസംഘങ്ങളും സജ്ജം. ഫേസ്‌ബുക്ക്‌ ലൈവിലും സ്ഥാനാർഥികളുണ്ട്‌.  വൻ ഭൂരിപക്ഷത്തിലാണ്‌ എൽഡിഎഫിനെ ആലപ്പുഴ മണ്ഡലം  വരവേറ്റത്‌.  നാടിന്റെ ഹൃദയത്തുടിപ്പറിഞ്ഞ പി പി ചിത്തരഞ്‌ജനാണ്‌ ഇക്കുറി ജനവിധി തേടുന്നത്‌.  യുഡിഎഫിലെ കെ എസ്‌ മനോജാണ്‌ എതിരാളി.

അമ്പലപ്പുഴയിൽ എച്ച്‌ സലാമിന്‌ പരിചയപ്പെടുത്തൽ ആവശ്യമില്ല.  ഡിസിസി പ്രസിഡന്റ്‌ എം ലിജുവാണ്‌ എതിരാളി. വനിതകളായ സിറ്റിങ് എംഎൽഎമാരുടെ പോരാട്ടം  കായംകുളം, അരൂർ മണ്ഡലങ്ങളെ ശ്രദ്ധേയമാക്കുന്നു. കായംകുളത്ത്‌ വികസന നേട്ടവുമായി  വീണ്ടും വരുന്ന യു പ്രതിഭയ്‌ക്കെതിരെ യുഡിഎഫ്‌ ഇറക്കിയത്‌ അരിതാബാബുവിനെ.
 അരൂരിൽ ഷാനിമോൾ ഉസ്‌മാനെതിരെ എൽഡിഎഫിന്റെ‌ വാനമ്പാടി ദലീമ.  ഹരിപ്പാട്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലക്കെതിരെ യുവനേതാവ്‌ അഡ്വ. ആർ സജിലാലാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി.  കോൺഗ്രസ്‌ വിമതനായി നിയാസുണ്ട്‌. എൻഡിഎയ്‌ക്കായി കെ സോമൻ.  ബിജെപി – ചെന്നിത്തല കൂട്ടുകെട്ട്‌ ഇവിടെ ചർച്ചയാണ്‌.

ഉപതെരഞ്ഞെടുപ്പിലൂടെ ചെങ്ങന്നൂരിന്റെ പ്രതിനിധിയായി നാട്ടിൽ നിറഞ്ഞതാണ്‌  സജി ചെറിയാൻ.‌ യുഡിഎഫിലെ എം മുരളിയാണ്‌ മുഖ്യ എതിരാളി. ബിജെപി ജില്ലാ പ്രസിഡന്റ്‌ എം വി ഗോപകുമാറും രംഗത്തുണ്ട്‌.എൽഡിഎഫിലെ യുവജനനേതാവ് എം എസ്‌ അരുൺകുമാർ‌ മാവേലിക്കരയുടെ മനം കീഴടക്കി‌. കെ കെ ഷാജുവാണ് യുഡിഎഫിനായി രംഗത്തുള്ളത്. ചേർത്തലയിൽ അനുഭവത്തിന്റെ കരുത്താണ്‌ എൽഡിഎഫിലെ പി പ്രസാദിന്റെ കൈമുതൽ. കെപിസിസി സെക്രട്ടറി എസ്‌ ശരത്താണ്‌ എതിരാളി. ‌‌ കുട്ടനാട്ട് എൽഡിഎഫിലെ തോമസ് കെ തോമസും യുഡിഎഫിലെ ജേക്കബ്‌ എബ്രാഹമുമായി മുഖ്യ മത്സരം.