രോഗം ഭേദമായത്‌ 
10 ലക്ഷം പേർക്ക്

ജീവിതം 
തിരിച്ചുപിടിച്ചത്‌ 35000 പേർ

Wednesday Mar 31, 2021


തിരുവനന്തപുരം
കോവിഡ്‌ മഹാമാരിയെക്കുറിച്ച്‌ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നൽകിയ സമയത്തിനും മുമ്പേ കേരളം മുന്നൊരുക്കം തുടങ്ങി. കൺട്രോൾ റൂം തുറന്നു. വിപുലമായ പരിശീലനം നൽകി. മികച്ച പ്രതിരോധ നിരയുമൊരുക്കി. ഈ മുന്നൊരുക്കമാണ്‌ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും സഹായിച്ചത്‌. കൂടുതൽ മരണനിരക്ക് കേരളത്തിലാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ ഇടപെടലിന്റെ ഫലമായി മരണനിരക്ക് കുത്തനെ കുറയ്‌ക്കാനും കേരളത്തിനു സാധിച്ചു.

ലോകാരോഗ്യ സംഘടനയും ആരോഗ്യരംഗത്തെ വിദഗ്‌ധരും മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാൻ കഴിഞ്ഞാൽ നേട്ടമാകുമെന്നാണ്‌ പറഞ്ഞത്‌. കേരളത്തിൽ ഇത്‌ 0.4 ആയി കുറയ്ക്കാൻ സാധിച്ചു. ഇതാണ് ലോക രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും അഭിനന്ദനത്തിന് പാത്രമായത്‌.


 

ചെറിയ അശ്രദ്ധയുണ്ടായിരുന്നെങ്കിൽ മരിച്ചുപോകുമായിരുന്ന മുപ്പതിനായിരത്തിലേറെ പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ഇതിനകം പത്തുലക്ഷം പേർ രോഗമുക്തരുമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച ഇടപെടലുകളും ആരോഗ്യ സംവിധാനങ്ങളും സേവനങ്ങളും ശക്തമാക്കാനുള്ള ആരോഗ്യവകുപ്പിന്റെ സമയബന്ധിതമായിട്ടുള്ള പ്രവർത്തനങ്ങളുമാണ് ഇത്‌ സാധ്യമാക്കിയത്. എല്ലാവർക്കും ഭക്ഷണവും സുരക്ഷയും ഉറപ്പാക്കി. മരുന്നുകളും ചികിത്സയും പൂർണമായും സൗജന്യമാക്കി.

മരണനിരക്ക്‌ ഏറ്റവും കുറവ്‌
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കാര്യമെടുത്താൽ കൂടുതൽ പേർക്ക്‌ രോഗം ബാധിച്ചത്‌ കേരളത്തിലാണെങ്കിലും മരണനിരക്കിൽ ഏറ്റവും പിറകിലുള്ളതും കേരളമാണ്‌. കർണാടകത്തിലും തമിഴ്‌നാട്ടിലും 12,000ത്തിലധികവും പേർ കോവിഡ്‌ ബാധിച്ച്‌ മരിച്ചപ്പോൾ കേരളത്തിൽ മരണസംഖ്യ അയ്യായിരത്തിൽ താഴെയാണ്‌‌.


 

1427 കേന്ദ്രത്തിൽ 
1,24,282 കിടക്ക
സംസ്ഥാനമൊട്ടാകെ കോവിഡ് കെയർ സെന്ററുകളുടെ എണ്ണവും സെന്ററുകളിലെ കിടക്കകളുടെ എണ്ണവും കൂട്ടി. എല്ലാ അന്തർദേശീയ യാത്രക്കാർക്കും ഈ കേന്ദ്രങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമായിരുന്നു. രോഗലക്ഷണമില്ലാത്ത രോഗികളുടെ ചികിത്സയ്ക്കായി ഡൊമിസിലിയറി കെയർ സെന്റർ (ഡിസിസി) സ്ഥാപിച്ചു.

വീട്ടിൽ ഐസൊലേഷൻ മതിയായ സൗകര്യങ്ങൾ ഉണ്ടെങ്കിൽ രോഗലക്ഷണമില്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ അനുവദിച്ചു. തീവ്രതയില്ലാത്ത രോഗലക്ഷണമുള്ള (കാറ്റഗറി എ) രോഗികളുടെ ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ (സിഎഫ്എൽടിസി) സ്ഥാപിച്ചു. തീക്ഷ്ണ ലക്ഷണങ്ങളുള്ള (കാറ്റഗറി ബി) രോഗികളുടെ ചികിത്സയ്ക്കായി കോവിഡ് സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ (സിഎസ്എൽടിസി) സ്ഥാപിച്ചു. സിഎഫ്എൽടിസി, സിഎസ്എൽടിസി, ഡിസിസികളിലായി ആകെ 1427 കേന്ദ്രങ്ങളിലായി 1,24,282 കിടക്കകളാണ് സജ്ജമാക്കിയത്.


 

കോവിഡ് ബ്രിഗേഡ്
കോവിഡ്‌ പ്രതിരോധത്തിന്‌ കൂടുതൽ   ആരോഗ്യ പ്രവർത്തകർ ആവശ്യമായപ്പോൾ സർക്കാർ കോവിഡ്‌ ബ്രിഗേഡിന്‌ രൂപം നൽകി.  സർക്കാർ സർവീസിലുള്ളവർക്കു പുറമെ ആരോഗ്യ ആയുഷ് മേഖലകളിൽ നിന്നും സമാഹരിക്കുന്ന ആളുകളോടൊപ്പം മറ്റ് ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ളവരും സ്വയം സന്നദ്ധരായി മുന്നോട്ട് വരുന്നവരേയും ചേർത്താണ് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്.

 

ക്യാപ്‌റ്റൻ @ 6 പിഎം
ലോക്‌ഡൗൺ കാലത്ത്‌ വീടുകളിൽനിന്ന്‌ പുറത്തിറങ്ങാതെ കഴിഞ്ഞ നാളുകളിൽ മാനസിക കരുത്തായത്‌ വൈകിട്ട്‌ ആറിന്‌ മുഖ്യമന്ത്രി നടത്തുന്ന വാർത്താസമ്മേളനം. സാക്ഷ്യപ്പെടുത്തുന്നത്‌ വീട്ടമ്മമാർ മുതൽ വിദ്യാർഥികളും മുതിർന്ന പൗരന്മാർവരെ.

കേരളത്തിനു പുറത്ത്‌ ലോകത്തിന്റെ പല കോണിൽ കഴിഞ്ഞവരും നാട്ടിൽ സർക്കാരിന്റെ കരുതലും സ്‌നേഹവും ആവോളമുണ്ടെന്ന്‌ തിരിച്ചറിഞ്ഞ്‌ ആശ്വസിച്ചതും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനങ്ങളിലൂടെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓരോ വാക്കും പ്രതീക്ഷാനിർഭരവും സധൈര്യം മുന്നേറാനുള്ള ധൈര്യവും പകർന്നതായി ലോകമാകെയുള്ള മലയാളികൾ അനുഭവക്കുറിപ്പുകൾ എഴുതി‌. നൂറിലേറെ വാർത്താസമ്മേളനമാണ്‌ നാട്‌ അടച്ചിട്ട നാളുകളിൽ മുഖ്യമന്ത്രി തുടർച്ചയായി നടത്തിയത്‌.


കൈയടിക്കാം
യുഎൻ അംഗീകാരം മുതൽ ബിബിസി അടക്കമുള്ള 
ലോകമാധ്യമങ്ങളുടെ പ്രശംസ വരെ 
കേരളത്തിന്‌ കിരീടമായി

ഐക്യരാഷ്ട്ര സഭ
ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലീ രോഗ നിയന്ത്രണത്തിനുള്ള അവാർഡ് കേരളത്തിന് ലഭിച്ചു. ലോകാരോഗ്യ സംഘടനാ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ് യുഎൻ ചാനലിലൂടെ അവാർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവീസ് ദിനത്തോടനുബന്ധിച്ച് (ജൂൺ 23) കോവിഡ്–--19 മഹാമാരി പ്രതിരോധത്തിനായി മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്റെയും ജനറൽ അസംബ്ലി പ്രസിഡന്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അംഗീകാരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖരോടൊപ്പം വെർച്വൽ ഓൺലൈൻ ഇവന്റിലും പാനൽ ചർച്ചയിലും ആരോഗ്യമന്ത്രി കെ കെ ശൈലജയും പങ്കെടുത്ത്‌ സംസാരിച്ചു.

യൂനിസെഫ്‌
കുട്ടികളുടെ അവകാശങ്ങൾ കോവിഡ് കാലത്തും സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിനെ യൂനിസെഫ്‌ പ്രശംസിച്ചു.  

ബ്രിട്ടീഷ് മാഗസിൻ പ്രോസ്‌പെക്ട്‌
കോവിഡ്–- 19 കാലത്തിലെ മികച്ച 50 ചിന്തകരുടെ പട്ടികയിൽ  മന്ത്രി കെ കെ ശൈലജ ഒന്നാമതെത്തി. ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ പേര് കണ്ടെത്താനായി ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിൻ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങൾ ഉൾപ്പെടുന്ന പട്ടികയിലാണ്  മന്ത്രി ആദ്യമെത്തിയത്. 


 

ഫിനാൻഷ്യൽ ടൈംസ്‌
ഫിനാൻഷ്യൽ ടൈംസിലെ 2020ലെ ലോകത്തെ ഏറ്റവും സ്വാധീനിച്ച വനിത 12 പേരിൽ ഒരാളായി മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തു.

ദ ഗാർഡിയൻ
അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയനിൽ കെ കെ ശൈലജയെ ‘റോക്ക് സ്റ്റാർ' എന്ന് വിശേഷിപ്പിച്ചാണ് ലേഖനം പ്രസിദ്ധീകരിച്ചത്. 

വോഗ് മാഗസിൻ
വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ 2020 പുരസ്‌കാരം മന്ത്രി കെ കെ ശൈലജയ്‌ക്ക്‌ ലഭിച്ചു.

നിതി ആയോഗ്‌
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നിതി ആയോഗ്. സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, ബോധവൽക്കരണം, വിഭവശേഷി വർധിപ്പിക്കൽ, ഭരണസംവിധാനങ്ങളുടെ ഉപയോഗം, ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം തുടങ്ങിയവയിൽ കേരളം നടപ്പാക്കിയ കാര്യങ്ങൾ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചു. കോവിഡ് ബോധവൽക്കരണവും പ്രചാരണവും ഹിന്ദി, ബംഗാളി ഭാഷകളിലടക്കം നടത്തി.

റേഡിയോ ഏഷ്യ
ഗൾഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ 2020ലെ വാർത്താ താരമായി മന്ത്രി കെകെ ശൈലജ. 

മദർ തെരേസ പുരസ്‌കാരം
മുംബൈ ആസ്ഥാനമായ ഹാർമണി ഫൗണ്ടേഷന്റെ മദർ തെരേസ പുരസ്‌കാരം മന്ത്രി കെ കെ ശൈലജയ്‌ക്ക്‌ ലഭിച്ചു. 

മനോര ന്യൂസ് മേക്കർ
മനോരമ ന്യൂസ് ‘ന്യൂസ് മേക്കർ പുരസ്‌കാരം 2020' മന്ത്രി കെ കെ ശൈലജയ്‌ക്ക്‌ ലഭിച്ചു. 

ഇന്ത്യാ ടുഡെ
ഏറ്റവും മികച്ച കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യാ ടുഡെ അവാർഡ് കേരളത്തിന് ലഭിച്ചു. ദില്ലി, ഒഡിഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് നൂറിൽ 94.2 സ്‌കോർ നേടി മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേരളം നേടിയത്.