" ഈ സർക്കാർ തുടരണം , അത്‌ നാടിന്റെ ആവശ്യമാണ്‌ "

Wednesday Mar 31, 2021

കോവിഡ്‌ ബാധിച്ച്‌ 72 ദിവസമാണ് ടൈറ്റസ്‌ ആശുപത്രിയിൽ കിടന്നത്‌. 
43 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. കോവിഡിനെ ധീരം നേരിട്ട 
ടൈറ്റസിന്റെ ചികിത്സയ്ക്ക് 32 ലക്ഷം രൂപയാണ്‌ സർക്കാർ ചെലവിട്ടത്‌

കൊല്ലം
‘‘ഇടക്കൊച്ചിയിലുള്ള സുഹൃത്ത്‌ വിജയൻ ഒരു ദിവസം വീട്ടിൽ വന്നു. സുഖവിവരം അന്വേഷിക്കുന്നതിനൊപ്പം എന്റെ ചികിത്സയ്ക്ക്‌ സർക്കാർ 32 ലക്ഷംരൂപ ചെലവഴിച്ചു എന്ന വാർത്ത നേരിട്ട്‌ അറിയാൻ കൂടിയാണ്‌ ‌ അവൻ വന്നത്‌. ഇക്കാര്യം  നാട്ടിലുള്ളവരോട് പറഞ്ഞിട്ട്‌ ആരും വിശ്വസിക്കുന്നില്ലത്രേ!’’ –- കുടിച്ചുകൊണ്ടിരുന്ന ചായഗ്ലാസ്‌ മേശമേൽവച്ച്‌ ടൈറ്റസ്‌ ചിരിച്ചു. കോവിഡിൽനിന്ന്‌ ജീവിതം തിരികെപ്പിടിച്ച ശാസ്താംകോട്ട പള്ളിശേരിക്കൽ ബഥേൽ തെങ്ങുംതുണ്ടിൽ വീട്ടിൽ ടൈറ്റസിന്റെ (53)ചിരിക്ക്‌ സർക്കാരിന്റെ കരുതലിന്റെ തിളക്കം‌.

ശാസ്താംകോട്ട ആഞ്ഞിലിമൂട് മാർക്കറ്റിലെ മത്സ്യവ്യാപാരിയായിരുന്ന ടൈറ്റസിനെ ജൂലൈ ആറിനാണ് കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്‌. 20 ദിവസം കോമയിലായിരുന്നു. 43 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു. 72 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ്‌ കോവിഡിനെ തോൽപ്പിച്ചത്‌. ടൈറ്റസിന്റെ ചികിത്സയ്ക്ക് 32 ലക്ഷം രൂപ സർക്കാർ ചെലവഴിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

ഡയാലിസിസ് നടത്തിയത്‌ 30 തവണ. നിരന്തരം ഡയാലിസിസ് നടത്തേണ്ടതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ആറുലക്ഷം രൂപ ചെലവിൽ ഡയാലിസിസ് മെഷീൻ സ്ഥാപിച്ചു. രണ്ടുതവണ പ്ലാസ്മാതെറാപ്പി നൽകി. ദീർഘദിവസം വെന്റിലേറ്ററിൽ കഴിഞ്ഞതിനാൽ ചലന,- സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ഫിസിയോതെറാപ്പിയുടെ ഫലമായി ചലന, -സംസാരശേഷി വീണ്ടെടുത്തു. മെഡിസിൻ, ശ്വാസകോശവിഭാഗം, അനസ്തേഷ്യ, ഇഎൻടി, ട്രാൻസ്ഫ്യൂഷൻ  മെഡിസിൻ തുടങ്ങിയ വകുപ്പു മേധാവികൾ അടങ്ങുന്ന സംഘമാണ്‌ ചികിത്സിച്ചത്.

തന്റെ ജീവൻ രക്ഷിച്ചത്‌ എൽഡിഎഫ്‌ സർക്കാരാണെന്ന്‌‌ വീട്ടിലെത്തുന്ന എല്ലാവരോടും ടൈറ്റസ്‌ പറയും. സ്വപ്നം പോലും കാണാൻ കഴിയാത്ത പരിഗണനയാണ്‌ ലഭിച്ചത്‌.  ഇത്ര ദിവസം വെന്റിലേറ്ററിൽ കിടന്നിട്ട്‌ എഴുന്നേറ്റു‌ നടക്കാനാകുന്നത്‌ വലിയ കാര്യമാണെന്നാണ്‌ ഡോക്‌ടർമാർ പറഞ്ഞത്‌. ‘സാധാരണക്കാരനായ ഒരാളെപ്പോലും ഇത്രയധികം പരിഗണിക്കുന്ന ഈ സർക്കാർ തുടരണം. അത്‌ നാടിന്റെ ആവശ്യമാണ്‌.’–-‌ ടൈറ്റസ്‌ പറഞ്ഞു.