‌സൗമ്യം, പേരാമ്പ്രയുടെ ‘ഇന്ദ്രധനുസ്സ്‌ ’

Wednesday Mar 31, 2021
സുജിത്‌ ബേബി


കോഴിക്കോട്‌
മലയോരത്തെ തരിശുഭൂമിയിൽ കൃഷിചെയ്യാനുള്ള അവകാശത്തിനായി ‘ചത്താലും ചെത്തും കൂത്താളി’ എന്ന ഉശിരൻ മുദ്രാവാക്യമുയർത്തിയ മണ്ണാണ്‌‌ പേരാമ്പ്ര. ആ തരിശിടങ്ങൾ ഇന്ന്‌ കതിരണിഞ്ഞു കഴിഞ്ഞു. തൊഴിൽ, നൈപുണ്യ വികസനം, എക്‌സൈസ്‌ വകുപ്പുകളുടെ അമരക്കാരൻ നാട്ടുകാർക്കൊപ്പം ചേർന്നുനിന്ന്‌ വികസനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കുകയാണ്‌.

ആയിരം കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ്‌ ടി പി രാമകൃഷ്‌ണന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെത്തിച്ചത്‌. നടക്കില്ലെന്നുറപ്പിച്ച പേരാമ്പ്ര ബൈപാസടക്കമുള്ള പദ്ധതികൾ യാഥാർഥ്യത്തിലേക്ക്‌ നീങ്ങുന്നു‌. വടകര താലൂക്കിന്റെ ദാഹമകറ്റാൻ പോന്ന പെരിഞ്ചേരിക്കടവ്‌ റെഗുലേറ്റർ കം ബ്രിഡ്‌ജും ഉയരുന്നു‌. അകലാപ്പുഴ, നടേരിക്കടവ്‌ പാലവും കോടികൾ ചെലവിട്ട്‌ നിർമിച്ച റോഡുകളുമെല്ലാം പേരാമ്പ്രയുടെ മുഖചിത്രം മാറ്റുകയാണ്‌.

നൈപുണ്യ വികസനത്തിനായി രാജ്യത്താദ്യമായി സർക്കാർ ഉടമസ്ഥതയിൽ കരിയർ ഡെവലപ്മെന്റ് സെന്റർ ആരംഭിച്ചതും‌ പേരാമ്പ്രയുടെ നേട്ടമാണ്‌.  ഇവിടെ ആരംഭിച്ച ധനുസ്‌ പദ്ധതി ബിരുദ വിദ്യാർഥികൾക്ക്‌ രാജ്യത്തെ മികവുറ്റ കോളേജുകളിൽ ഉന്നത വിദ്യാഭ്യാസത്തിന്‌ അവസരമൊരുക്കും. കോലാഹലങ്ങളും ആക്ഷേപങ്ങളുമില്ലാതെയാണ്‌ കഴിഞ്ഞ അഞ്ചുവർഷവും എക്‌സൈസ്‌ വകുപ്പിനെ നയിച്ചത്‌. ലഹരിവർജനത്തിലൂടെ ലഹരിമുക്ത കേരളമെന്ന ലക്ഷ്യത്തിനായി വിമുക്തി പദ്ധതിയും നാടിനായി നൽകി. തൊഴിൽനയവും ക്ഷേമനിധിയും നടപ്പാക്കിയതും ടി പിയുടെ നേട്ടങ്ങളിലെ പൊൻതൂവലായി. മേപ്പയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ആധുനിക സൗകര്യങ്ങളോടെയുള്ള സ്‌പോർട്‌സ്‌ അക്കാദമി വഴി കായികമേഖലയെയും നമ്പർ വണ്ണാക്കി.

ഒരിക്കൽക്കൂടി ടി പി രാമകൃഷ്‌ണൻ ജനവിധി തേടുമ്പോൾ ഭൂരിപക്ഷം എത്രയെന്ന ചർച്ചയേ മണ്ഡലത്തിലുള്ളൂ. യുഡിഎഫിൽ ഇക്കുറി സീറ്റ്‌ മുസ്ലിംലീഗിനാണ്‌‌. പെയ്‌മെന്റ്‌ സീറ്റെന്ന പേരുദോഷവുമായാണ്‌ സ്ഥാനാർഥി സി എച്ച്‌ ഇബ്രാഹിംകുട്ടി മണ്ഡലത്തിൽ അവതരിച്ചത്‌. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കമുള്ള ആർഎസ്‌എസ്‌, ബിജെപി നേതാക്കളുമായുള്ള സ്ഥാനാർഥിയുടെ ചങ്ങാത്തവും യുഡിഎഫ്‌ അണികളെ അസ്വസ്ഥരാക്കുന്നു‌. ബിജെപി ജില്ലാ ഉപാധ്യക്ഷൻ അഡ്വ. കെ വി സുധീറാണ്‌ എൻഡിഎ സ്ഥാനാർഥി. 

ചങ്ങരോത്ത്‌, ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, നൊച്ചാട്‌, അരിക്കുളം, ചെറുവണ്ണൂർ, മേപ്പയ്യൂർ, തുറയൂർ, കീഴരിയൂർ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിടത്തും ഭരണത്തിലേറിയത്‌ എൽഡിഎഫിന്‌ കൂടുതൽ ആത്മവിശ്വാസം പകരുന്നു.