"പൂരത്തിന്‌' കോലീബീ മേളം

Tuesday Mar 30, 2021
ഇ എസ്‌ സുഭാഷ്‌


തൃശൂർ
ബിജെപി എംപിയും നടനുമായ സുരേഷ്‌ ഗോപിയുടെ കോലീബി സഖ്യ പ്രഖ്യാപനം തെരഞ്ഞെടുപ്പ്‌ പൂരത്തിൽ അമിട്ടായി പൊട്ടി. അതിന്റെ മുഴക്കമാണിപ്പോൾ തൃശൂരിനെ ഇളക്കി മറിക്കുന്നത്‌. ഗുരുവായൂരിലെ യുഡിഎഫ്‌ സ്ഥാനാർത്ഥി കെഎൻഎ ഖാദർ ജയിക്കണമെന്ന തുറന്നുപറച്ചിൽ നാക്കുപിഴയല്ല യുഡിഎഫ്‌–-ബിജെപി ഡീലാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്‌. കഴിഞ്ഞതവണ നേരിയ വ്യത്യാസത്തിന്‌ കൈവിട്ട വടക്കാഞ്ചേരിയും പിടിച്ചെടുത്ത്‌ സമ്പൂർണ വിജയമാണ്‌ എൽഡിഎഫ്‌ ലക്ഷ്യമിടുന്നത്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 13ൽ 12സീറ്റാണ്‌ എൽഡിഎഫ്‌ നേടിയത്‌‌. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാനാണ്‌ തയ്യാറെടുപ്പ്‌‌. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ വികസന–-ക്ഷേമപ്രവർത്തനങ്ങൾക്കാണ്‌‌ ഊന്നൽ‌. ഒരു മന്ത്രി അടക്കം അഞ്ച്‌ സിറ്റിങ്‌‌  എംഎൽഎമാരും എട്ട്‌ പുതുമുഖങ്ങളുമാണ്‌ ‌ എൽഡിഎഫിനായി  ജനവിധി തേടുന്നത്‌. നിലവിലെ  ഏക എംഎൽഎ ഒഴികെ യുഡിഎഫിലെ ബാക്കി 12 പേരും പുതുമുഖങ്ങളാണ്‌. 

വികസനവും വികസന വിരുദ്ധതയും തമ്മിലുള്ള ഏറ്റുമുട്ടലാണ് എല്ലാ മണ്ഡലങ്ങളിലും. അതിന്‌ വടക്കാഞ്ചേരിയാണ്‌ നിമിത്തം. 144 നിർധന കുടുംബങ്ങൾക്ക്‌ വീട്‌ നിഷേധിച്ചതിൽ അനിൽഅക്കര എംഎൽഎക്കും യുഡിഎഫിനും‌ എതിരായി വലിയ വികാരമാണുള്ളത്. ‌ വീടു‌മുടക്കി എംഎൽഎ എന്നാണിപ്പോൾ വിശേഷണം‌.‌ എൽഡിഎഫ്‌ സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി വടക്കാഞ്ചേരിയിൽ കളംനിറഞ്ഞു. കയ്‌പമംഗലം യുഡിഎഫ്‌ സ്ഥാനാർഥിയുടെ ഇരട്ട വോട്ടും ചർച്ചയാണ്‌.
മന്ത്രി എ സി മൊയ്‌തീൻ മത്സരിക്കുന്ന കുന്നംകുളത്തും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്‌ണൻ മത്സരിക്കുന്ന ചേലക്കരയിലും  ഉൾപ്പെടെ  എല്ലാ മണ്ഡലങ്ങളിലും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ്‌ വോട്ടാവുക.

തർക്കം മൂലം വളരെ വൈകിയാണ്‌ യുഡിഎഫിന്‌‌ സ്ഥാനാർഥികളെ‌ രംഗത്തിറങ്ങാൻ കഴിഞ്ഞത്‌. പല മണ്ഡലം കമ്മിറ്റികളും രാജിവച്ചു. മുൻ ഡിസിസി സെക്രട്ടറി സി ഐ സെബാസ്‌റ്റ്യൻ കോൺഗ്രസ്‌ വിട്ട്‌ എൻസിപിയിൽ  ചേർന്നു. വടക്കാഞ്ചേരിയിൽ അടക്കം യുഡിഎഫിന്‌ റിബൽ സ്ഥാനാർഥികളുണ്ട്‌. തൃശൂരിൽ പ്രമുഖരുടെ പോരാട്ടമാണ്‌. മന്ത്രി വി എസ്‌ സുനിൽകുമാറിന്റെ പിൻഗാമിയായി പി ബാലചന്ദ്രനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി.

പത്മജ വേണുപോപാൽ യുഡിഎഫിനായുണ്ട്‌‌. സുരേഷ്‌ ഗോപിയാണ്‌ എൻഡിഎ സ്ഥാനാർഥി. ഗുരുവായൂരിൽ എൻ കെ അക്‌ബർ, മണലൂരിൽ മുരളി പെരുനെല്ലി, ഒല്ലൂരിൽ കെ രാജൻ, പുതുക്കാട്‌ കെ കെ രാമചന്ദ്രൻ, ഇരിങ്ങാലക്കുടയിൽ പ്രഫ. ആർ ബിന്ദു, ചാലക്കുടിയിൽ ഡെന്നീസ്‌ ആന്റണി, കൊടുങ്ങല്ലൂരിൽ വി ആർ സുനിൽകുമാർ, കയ്‌പമംഗലത്ത്‌ ഇ ടി ടൈസൺ, നാട്ടികയിൽ സി സി മുകുന്ദൻ എന്നിവർ എൽഡിഎഫിനായി ജനവിധി തേടുന്നു. ബിജെപി നിരയിലെ പ്രമുഖർ ബി ഗോപാലകൃഷ്‌ണൻ ഒല്ലൂരിലും എ എൻ രാധാകൃഷ്‌ണൻ മണലൂരിലും എ നാഗേഷ്‌ പുതുക്കാടും മത്സരിക്കുന്നു.