കോന്നി കയറാം കിതയ്‌ക്കാതെ

Tuesday Mar 30, 2021
ഏബ്രഹാം തടിയൂർ


പത്തനംതിട്ട
വെറുതെ നിന്ന്‌ കാലം കഴിച്ച ആനകളെയും വളരെപ്പെട്ടെന്ന്‌ ജനപ്രിയരായി മാറിയ കൊമ്പന്മാരെയും കണ്ട നാടാണ്‌ കോന്നി. മണ്ഡലത്തിന്റെ ചരിത്രവുമായും ഇതിനെ ചേർത്തുവായിക്കാം. 16 മാസം കൊണ്ട്‌ അക്ഷരാർഥത്തിൽ അത്ഭുതങ്ങൾ കാണിച്ചുകൊടുത്ത ഒരു എംഎൽഎ ഇവിടെയുണ്ട്‌.  മറ്റു മണ്ഡലങ്ങൾക്ക്‌  അസുയ ഉളവാക്കുന്ന വികസന പ്രവർത്തനങ്ങൾ. 23 വർഷം കോൺഗ്രസ്‌ നേതാവ്‌ അടൂർ പ്രകാശ്‌ കൈവശം വച്ചെങ്കിലും കോന്നിയിൽ ഒന്നും നടന്നില്ല.  ഉപതെരഞ്ഞെടുപ്പിൽ അഡ്വ. കെ യു ജനീഷ്‌കുമാറിലുടെ എൽഡിഎഫ്‌ തിരിച്ചു പിടിച്ചു‌. മേനി പറച്ചിലല്ല യഥാർഥ വികസനമെന്ന്‌‌ ജനങ്ങളെ കാണിച്ചുകൊടുത്തു.

നാല്‌ തൂണിൽ ഒതുങ്ങിയിരുന്ന മെഡിക്കൽ കോളേജ്‌ ആശുപത്രി പൂർത്തീകരിച്ച്‌ കിടത്തിച്ചികിത്സ തുടങ്ങി. രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. യുഡിഎഫ്‌ സർക്കാർ ഉപേക്ഷിച്ച പുനലൂർ  –- മൂവാറ്റുപുഴ മലയോര ഹൈവേ യാഥാർഥ്യമാക്കി.  ഇങ്ങനെ എണ്ണിപ്പറയാവുന്ന നേട്ടങ്ങൾക്കുമുന്നിൽ ജനീഷ്‌ കുമാറിന്റെ മുന്നോട്ടുള്ള കുതിപ്പിന്‌ തടസ്സമേതുമില്ല. വിദ്യാർഥി, യുവജന രംഗത്തെ ഉശിരൻ പ്രവർത്തനപാരമ്പര്യവും അതിവിശാല സൗഹൃദവും ഈ കുതിപ്പിന്‌ കരുത്തേകുന്നു.

അടൂർ പ്രകാശിന്റെ നോമിനിയായ റോബിൻ പീറ്ററാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ മത്സരിക്കുന്ന ഇരട്ട സീറ്റിലൊന്നും കോന്നിയാണ്‌.

റോബിന്റെ സ്ഥാനാർഥിത്വത്തിനെതിരെ കോൺഗ്രസിൽ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. അടൂർ പ്രകാശ്‌ ആറ്റിങ്ങൽ എംപിയാണെന്നും പത്തനംതിട്ട ജില്ലയിലെ കാര്യങ്ങളിൽ കൈകടത്തേണ്ടതില്ലെന്നും പരാതി ഉന്നയിച്ച്‌ ഡിസിസി സെക്രട്ടറിമാർ രംഗത്തുവന്നിരുന്നു. 

ശബരിമല വിഷയം ലൈവാക്കി നിർത്തുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ്‌ മഞ്ചേശ്വരത്ത്‌ മത്സരിക്കുന്ന സുരേന്ദ്രൻ കോന്നിയിലും  ഹെലികോപ്‌ടറിലിറങ്ങിയത്‌.  ആചാരത്തിന്റെയും പേരിൽ വോട്ട്‌ തേടുമ്പോൾ നിഷ്‌പക്ഷമതികൾ  ചോദിക്കുന്ന ഒന്നുണ്ട്,‌ രാഷ്ട്രീയ നേട്ടത്തിനായി അയ്യപ്പന്റെ  ഇരുമുടിക്കെട്ട്‌ താഴെയിട്ട്‌ തട്ടിയത്‌ ചിറ്റാർ പൊലീസ്‌ സ്‌റ്റേഷനിലെ കള്ളം പറയാത്ത സിസിടിവിയിലുണ്ടെന്നത്‌.


 

തദ്ദേശ തെരഞ്ഞെടുപ്പിൽ മലയാലപ്പുഴ, കലഞ്ഞൂർ, ഏനാദിമംഗലം, ചിറ്റാർ, സീതത്തോട്‌  പഞ്ചായത്തുകൾ എൽഡിഎഫ്‌ നിലനിർത്തി. വള്ളിക്കോട്‌, പ്രമാടം, അരുവാപ്പുലം, മൈലപ്ര പഞ്ചായത്തുകൾ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തു. കോന്നി, തണ്ണിത്തോട്‌ പഞ്ചായത്തുകൾ മാത്രമാണ്‌  യുഡിഎഫിന്‌.