കിഫ്‌ബി ; 63,251 കോടിയുടെ പദ്ധതി

Tuesday Mar 30, 2021

കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി ബോർഡ്‌ എന്ന 
കിഫ്‌ബിയിൽ ധനസഹായം ഉറപ്പാക്കിയത്‌ 995 പദ്ധതിക്ക്. 
പശ്ചാത്തല സൗകര്യ വികസനത്തിന്‌ മാത്രം  889 പദ്ധതിയുണ്ട്‌. 
ചെലവ്‌ 43,251 കോടി രൂപ.  ആറ്‌ വൻകിട പദ്ധതിക്കായി ഭൂമി 
ഏറ്റെടുക്കുന്നതിന്‌ 20,000 കോടി വകയിരുത്തി‌. 
ആകെ 63,251 കോടിയുടെ പദ്ധതി. ഗുണനിലവാരം 
ഉറപ്പാക്കൽ അടക്കം കിഫ്‌ബി നിർവഹിക്കും

■ 212 പൊതുമരാമത്ത്‌ റോഡ്‌‌: 10,567.58 കോടി
■ 84 പാലം: 2574.91 കോടി
■ മലയോര വിശാല പാത: 1726.90 കോടി
■ 50 റെയിൽവേ മേൽപ്പാലം: 1696.15 കോടി
■ രണ്ട്‌ ബൈപാസ്: 98.99 കോടി
■ തീരദേശ അതിവിശാലപാത ആറുഭാഗം: 364.90 കോടി
■ ഒരു അടിപ്പാത: 27.59 കോടി
■ 14 ഫ്ലൈഓവർ: 986.73‌ കോടി
■ 44 സ്‌റ്റേഡിയം അടക്കം കായികമേഖലയിൽ: 
 773.01 കോടി
■ 9 സിനിമാതിയറ്റർ അടക്കം സാംസ്‌കാരിക മേഖല: 
450.72 കോടി
■ 56 ആശുപത്രിക്ക്‌ അടക്കം ആരോഗ്യമേഖല  4240.12 കോടി
■ 25 മത്സ്യമാർക്കറ്റുകളുടെ നവീകരണം അടക്കം മത്സ്യമേഖല: 441.04 കോടി
■ ഒമ്പത്‌ തടയണ, 61 കുടിവെള്ള പദ്ധതി അടക്കം ജലസേചനത്തിന്‌  
5222.60 കോടി.

 

ദേശീയപാതയും 
റെഡിയാകുന്നു
മുഖച്‌ഛായ മാറ്റിയ റോഡ്‌ വികസനമാണ്‌ കിഫ്‌ബിയിലൂടെ യാഥാർഥ്യമായത്‌.  റോഡുകൾക്കും പാലങ്ങൾക്കും മാത്രമായി കിഫ്‌ബി വഴി അനുവദിച്ചത്‌ 20000 കോടി രൂപ. അസാധ്യമെന്ന്‌ കരുതിയ ദേശീയപാത വികസനം യാഥാർഥ്യമാക്കാൻ ആകെ ചെലവിന്റെ 25 ശതമാനവും വഹിക്കുന്നത്‌ കിഫ്‌ബിയാണ്‌. മറ്റൊരു സംസ്ഥാനത്തും ദേശീയപാത വികസനത്തിന്‌ സംസ്ഥാനം തുക അനുവദിക്കുന്നില്ല. റോഡ്‌ വേണമെങ്കിൽ പണം വേണമെന്ന്‌ കേന്ദ്രം നിർബന്ധംപിടിച്ചപ്പോഴാണ്‌ സംസ്ഥാനം ആ ഭാരിച്ച ചെലവും നാടിന്റെ വികസനം സാധ്യമാക്കാൻ ഏറ്റെടുത്തത്‌. ദേശീയപാത 66 ന്റെ വികസനത്തിന്‌ മാത്രമായി സംസ്ഥാനം വഹിക്കുന്നത്‌ 5500 കോടി രൂപയാണ്‌. ഇതിൽ 2565 കോടി രൂപ കിഫ്‌ബി വഴി ദേശീയപാത അതോറിറ്റിക്ക്‌ കൈമാറിക്കഴിഞ്ഞു.

കരമന–- കളിയിക്കാവിള ദേശീയപാത വികസനം പൂർണമായും സംസ്ഥാന സർക്കാർ ഫണ്ട്‌ ഉപയോഗിച്ചായിരുന്നു. രണ്ടാം റീച്ചിലെ അഞ്ച്‌ കിലോമീറ്റർ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കുന്നതിന്‌ മാത്രം 281 കോടി നൽകി. 112 കോടി ചെലവിൽ പാതയും യാഥാർഥ്യമാക്കി. കൊച്ചിക്ക്‌ തിലകമായ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളും നിർമാണാനുമതി നൽകിയ ഒരുഡസനിലേറെ മേൽപ്പാലങ്ങളും കിഫ്‌ബി വഴിയാണ്‌.


 

ലൈഫ്‌ സയൻസ്‌ പാർക്ക്  
‌ആരോഗ്യഭാവിയിലേക്ക്‌ സംസ്ഥാന സർക്കാരിന്റെ  ഐതിഹാസിക ചുവടുവയ്പായിരുന്നു തിരുവനന്തപുരം തോന്നയ്ക്കലിൽ സ്ഥാപിച്ച ലൈഫ്‌ സയൻസ്‌ പാർക്ക്‌.  കെഎസ്‌ഐഡിസി നടപ്പാക്കുന്ന ലൈഫ്‌ സയൻസ്‌ പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിൽ, 128.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി  300.17 കോടിയാണ്‌ കിഫ്‌ബി കൈമാറിയത്‌.

വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട്‌, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ്‌ ടെക്‌നോളജിയും കെഎസ്ഐഡിസി സംയുക്ത സംരംഭമായ മെഡ്‌സ് പാർക്ക് മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണവും നിലവാര പരിശോധനയും ലക്ഷ്യമിടുന്നു. 

പദ്ധതി വിനിയോഗം 10,000 കോടി കടന്നു
പദ്ധതികൾക്കായി കിഫ്ബി ചെലവ്‌ പതിനായിരം കോടിയും കടന്ന് മുന്നോട്ട്. ചൊവ്വാഴ്‌ചവരെ വിവിധ പദ്ധതികൾക്കായി 10,074.69 കോടി രൂപ നൽകി.  ഏറെനാളായി മുടങ്ങിക്കിടന്നിരുന്ന ദേശീയപാതാ വികസനവും കിഫ്‌ബി ഇടപെടലിൽ വേഗതയാർജിച്ചു. ഭൂമി ഏറ്റെടുക്കലിനുള്ള മൂന്നാംഗഡു 848.37 കോടി രൂപയും കൈമാറി. രണ്ടാംഗഡു 604.90 കോടിയായിരുന്നു.

കെ ഫോണും
സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും അതിവേഗ ഇന്റർനെറ്റ്‌ കണക്‌ഷൻ ലഭ്യമാക്കുന്ന കെ ഫോൺ പദ്ധതി യാഥാർഥ്യമായതും കിഫ്‌ബിയുടെ പിൻബലത്തിൽ. 30,000ൽപ്പരം സർക്കാർ ഓഫീസുകളിലും സ്‌കൂളുകളിലും ഇന്റർനെറ്റ്‌ കണക്‌ഷൻ എത്തിക്കും. പദ്ധതിയുടെ ആദ്യഘട്ടമായി 1000 സർക്കാർ ഓഫീസിലാണ്‌ കണക്‌ഷൻ നൽകിയത്‌. പദ്ധതി പരിപാലനം ഉൾപ്പെടെ ഒമ്പതു വർഷത്തേക്ക് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1531 കോടി രൂപയ്ക്കാണ് കരാർ.

പൊതുവിദ്യാലയങ്ങൾക്ക്‌ 
3102 കോടി
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മകവിന്റെ കേന്ദ്രങ്ങളാക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ ഉയർത്താൻ കിഫ്‌ബി വഴി അനുവദിച്ചത്‌ 3102. 5 കോടി രൂപ. പുതിയ സ്‌കൂൾ കെട്ടിടങ്ങൾ നിർമിക്കുന്നതിന്‌ മാത്രം 2309 കോടി രൂപ നൽകി. 141 സ്‌കൂളിന്‌‌ 5 കോടി രൂപവീതവും386 സ്‌കൂളിന്‌‌ 3 കോടി രൂപവീതവും 446 സ്‌കൂളിന്‌‌ 1 കോടി രൂപ വീതവുമാണ്‌ കിഫ്‌ബിയിൽനിന്ന്‌ മാത്രം അനുവദിച്ചത്‌.  എട്ട്‌ മുതൽ 12 വരെയുള്ള 45000 ക്ലാസ്‌ മുറി   ഹൈടെക്‌ ആക്കുന്നതിന്‌ 493.5 കോടി നൽകി. 11272  പ്രൈമറി വിദ്യാലയത്തിൽ  ഹൈടെക്‌ ലാബുകൾ സ്ഥാപിക്കുന്നതിന്‌ 300 കോടിരൂപയും നൽകിയത്‌ കിഫ്‌ബിയിൽനിന്നാണ്‌.

കൊച്ചി–- ബംഗളൂരു 
വ്യവസായ ഇടനാഴി
കേരളത്തിന്റെ വ്യവസായ വളർച്ചയ്‌ക്ക്‌ ആക്കം കൂട്ടുന്ന കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയിൽ പാലക്കാട്‌ 1800 ഏക്കറും എറണാകുളത്ത്‌ 500 ഏക്കറുമാണ്‌ ഏറ്റെടുക്കുന്നത്‌. ഇതിന്റെ ചെലവും കിഫ്‌ബി വഹിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ പാലക്കാട്‌ ജില്ലയിൽ മാത്രം 10,000 കോടിയുടെ നിക്ഷേപവും ഒരു ലക്ഷം തൊഴിലവസരവുമാണ്‌ പ്രതീക്ഷിക്കുന്നത്‌. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകൾ രണ്ടാംഘട്ടത്തിലും വരും. 

പദ്ധതി കൊള്ളാം കിഫ്‌ബി 
കൊള്ളില്ല
സ്വന്തം മണ്ഡലത്തിൽ വൻകിട വികസന പദ്ധതികൾക്കായി മത്സരിക്കും, പരസ്യമായി  കിഫ്‌ബിയെ എതിർക്കും എന്നതാണ്‌ എംഎൽഎമാർ അടക്കമുള്ള യുഡിഎഫ്‌ നേതാക്കളുടെ നിലപാട്‌. ഇവർക്കൊപ്പം മത്സരിക്കുകയാണ്‌ ബിജെപി നേതാക്കളും‌.

മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്ന ആക്ഷേപത്തിലൂടെ‌ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ച കിഫ്‌ബി കേരള വികസനത്തിന്റെ നട്ടെല്ലായതോടെ  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഇരിക്കപ്പൊറുതിയില്ലാതായി. നിരന്തരം അനാവശ്യ ആക്ഷേപങ്ങളുയർത്തി. ഇതിന്റെ ചുവടുപിടിച്ച്‌ കേന്ദ്ര ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഉപയോഗിച്ച്‌ കിഫ്‌ബിയെ തകർക്കൽ ശ്രമം ബിജെപിയും തുടങ്ങി. കേന്ദ്ര ധനമന്ത്രിയും ഇത്‌ ഏറ്റുപിടിച്ചു. ഭീഷണിയുടെ സ്വരംപോലുമുണ്ടായി.

കിഫ്‌ബി മാതൃകയിൽ കേന്ദ്ര വികസന ധനകാര്യ സ്ഥാപന രൂപീകരണത്തിന്‌ തീരുമാനിച്ച മന്ത്രിയാണ്‌ കേരളത്തിനെതിരെ ഇത്തരം നിലപാടെടുത്തത്‌‌. കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറൽ (സിഎജി), ഇഡി‌, ആദായനികുതി വകുപ്പ്‌ തുടങ്ങിയ ഏജൻസികൾ പലതരത്തിൽ കിഫ്‌ബിയിൽ കടന്നുകയറാൻ ശ്രമിച്ചു.

കിഫ്‌ബി‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച  സ്വദേശി ജാഗരൺ മഞ്ച്‌ നേതാവിന്‌ വക്കാലത്തു നിൽക്കുന്നത്‌ കെപിസിസി സെക്രട്ടറിയും ഇപ്പോൾ മൂവാറ്റുപുഴയിൽ യുഡിഎഫ്‌ സ്ഥാനാർഥിയുമായ മാത്യു കുഴൽനാടൻ. ഈ കൂട്ടുകെട്ടിനെ പ്രൊഫഷണലായി കാണണമെന്നാണ്‌ ചെന്നിത്തലയുടെ ന്യായം.