വികസനം, സിഎഎ, 
കുഞ്ഞാപ്പയുടെ ജുദ്ധം...

Monday Mar 29, 2021
സി പ്രജോഷ്‌ കുമാർ


മലപ്പുറം
പൗരത്വം തെളിയിക്കാനുള്ള രേഖ ശരിയാക്കാൻ മുസ്ലിംലീഗ്‌ പ്രത്യേക ക്യാമ്പ്‌ സംഘടിപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌ മറ്റാരുമല്ല; മുസ്ലിംലീഗിന്റെ ഗുരുവായൂർ സ്ഥാനാർഥി കെ എൻ എ ഖാദർ. പൗരത്വനിയമം നടപ്പിലാക്കില്ല എന്ന്‌ അസന്ദിഗ്ധമായി പ്രഖ്യാപിച്ച സംസ്ഥാനത്താണ്‌ ലീഗ്‌ നേതാവിന്റെ ദയനീയമായ മുട്ടിലിഴയൽ; ഖാദറിന്റെ പ്രസ്‌താവന തട്ടിവിളിക്കുന്നത്‌, മലപ്പുറത്തിന്റെ പ്രൗഢമായ മതേതരമനസ്സിൽ കൂടിയാണ്‌.

ജില്ലയിലെ അടിസ്ഥാന വികസനം മുതൽ പൗരത്വനിയമവും ഡൽഹിയിലെ ‘ജുദ്ധം’ തോറ്റോടി വന്ന കുഞ്ഞാലിക്കുട്ടിയുടെ അടവുംവരെ സജീവചർച്ചയാണ്‌. ചർച്ച തീരുമ്പോൾ, പച്ചത്തുരുത്തിൽ ചുവന്ന തീ പടരുന്നത്‌ വലിയ കാഴ്‌ചയാകുന്നു മലപ്പുറത്ത്‌.  യുഡിഎഫിന്റെ ഉരുക്കുകോട്ടകളിൽ കഴിഞ്ഞതവണ ആഞ്ഞുവീശീയ ഇടത്‌ കാറ്റ്‌ ഇത്തവണയും ശക്തം. നിലമ്പൂരും താനൂരും കടന്ന്‌ അത്‌ പുതിയ മണ്ഡലങ്ങളെ കടപുഴക്കുമെന്നുറപ്പ്‌.   

വികസന നേട്ടങ്ങൾതന്നെയാണ്‌  എൽഡിഎഫിന്റെ പ്രചാരണായുധം. ദേശീയപാത, തീരദേശ പാത, മലയോര ഹൈവേ, ഗെയിൽ പൈപ്പ്‌ലൈൻ എന്നിവയ്‌ക്കൊപ്പം ജനക്ഷേമ നടപടികളും സ്വീകാര്യത വർധിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാരും മുഖ്യമന്ത്രിയും സ്വീകരിച്ച നിലപാട്‌ ജനമനസ്സിൽ ഇടം നേടിയതിന്റെ അങ്കലാപ്പ്‌ ലീഗിനുണ്ട്‌.  മത–-സാമുദായിക വികാരം ഇളക്കിവിട്ട്‌  ഇടതുമുന്നേറ്റം തടയാനാകുമോ എന്ന പരീക്ഷണത്തിലാണ്‌ അവർ. ജമാഅത്തെ ഇസ്ലാമിയുമായി ലീഗ്‌ ഉണ്ടാക്കിയ രാഷ്‌ട്രീയ ബാന്ധവം നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുകയാണ്‌. ശക്തികേന്ദ്രങ്ങളിലൊന്നും സ്ഥാനാർഥികളെ നിർത്താതെയാണ്‌ വെൽഫെയർ പാർടിയുടെ പിന്തുണ. 

കഴിഞ്ഞ തവണ 16ൽ നാലിടത്താണ്‌ ഇടതുപതാക പാറിയത്‌.  തവനൂരിലും പൊന്നാനിയിലും ഇത്തവണയും ഇടതിന്‌ ഇളക്കമില്ല.  നിലമ്പൂരും താനൂരും കൂടുതൽ ചുവക്കാനുള്ള തയ്യാറെടുപ്പിലുമാണ്‌. നിസ്സാര വോട്ടുകൾക്ക്‌ എൽഡിഎഫിനെ കൈവിട്ട പെരിന്തൽമണ്ണയിലും മങ്കടയിലും തീപാറും പോരാട്ടം. മുസ്ലിംലീഗ് നേതാവും മലപ്പുറം നഗരസഭാ മുൻ ചെയർമാനുമായിരുന്ന കെ പി എം മുസ്‌തഫയെ ഇറക്കിയാണ്‌ പെരിന്തൽമണ്ണ പിടിക്കാനൊരുങ്ങുന്നത്‌. മങ്കടയിൽ ടി കെ റഷീദലി വീണ്ടും തരംഗം തീർക്കുന്നു. തിരൂരങ്ങാടി അടക്കമുള്ള മണ്ഡലങ്ങളിൽ ഇത്തവണ രാഷ്‌ട്രീയ മാറ്റത്തിന്റെ ദിശാസൂചന പ്രകടം.   തിരൂരങ്ങാടിയിൽ കെ പി എ മജീദിനെ സ്ഥാനാർഥിയാക്കിയതിനെതിരെ ഉയർന്ന പ്രതിഷേധവും ലീഗിനെ ആശങ്കയിലാക്കുന്നുണ്ട്‌.

സോളാർ കേസ്‌ വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നത്‌ വണ്ടൂരിലെ കോൺഗ്രസ്‌ സ്ഥാനാർഥി എ പി അനിൽകുമാറിന്റെ സാധ്യതയ്‌ക്ക്‌ മങ്ങലേൽപ്പിച്ചിട്ടുണ്ട്‌. വീണ്ടും നിയമസഭയിലേക്ക്‌ കുപ്പായം തുന്നിയ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയിൽ പ്രധാനചർച്ചയും കുഞ്ഞാപ്പയുടെ ‘ഡൽഹി ജുദ്ധം’ തന്നെ. മലപ്പുറം പാർലമെന്റ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിലും ‘സാനുവിനെ നിങ്ങളെന്തിന്‌ തോൽപ്പിച്ചു’ എന്ന ചോദ്യവും മുഴങ്ങുന്നുണ്ട്‌.

ഇടതുക്യാമ്പിൽ ആവേശക്കടൽ തീർത്താണ്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം പൂർത്തിയായത്‌. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ എസ്‌ രാമചന്ദ്രൻപിള്ള,  സുഭാഷിണി അലി, സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ്‌ വിശ്വം, മന്ത്രി സി രവീന്ദ്രനാഥ്‌, എൻസിപി നേതാവ്‌ പി സി ചാക്കോ എന്നിവർ ഇതിനകം പര്യടനത്തിനെത്തി.  യുഡിഎഫിനുവേണ്ടി രാഹുൽ ഗാന്ധി, എം എം ഹസ്സൻ, ശശി തരൂർ എന്നിവരെത്തി.  പ്രിയങ്ക ഗാന്ധി, ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവർ വരും.