ഇവിടത്തെ കാറ്റാണ്‌ കാറ്റ്‌

Monday Mar 29, 2021
എ ആർ സാബു


ഇടുക്കി
മലമുകളിൽ കാറ്റുവീശുന്നു; കരുതലിന്റേയും സ്‌നേഹത്തിന്റേയും. പ്രളയവും പ്രകൃതിക്ഷോഭവും തകർത്ത മണ്ണിൽ ഇപ്പോൾ വീശുന്നത്‌ ആശ്വാസത്തിന്റെ കാറ്റാണ്‌‌. ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്‌ 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജാണ്‌. ആദിവാസികളടക്കം 40,000 കുടുംബങ്ങൾക്ക്‌ ഉപാധിയില്ലാത്ത പട്ടയം നൽകിയ  സർക്കാർ മലയോരജനതയ്‌ക്ക്‌ ദുരിതം സമ്മാനിക്കുന്ന 1964 ലെ ഭൂപതിവുചട്ടം ഭേദഗതിചെയ്യുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും വ്യക്തമാക്കി.

പുതിയ കേരള സൃഷ്ടിക്കായുള്ള സർക്കാരിന്റെ പരിശ്രമങ്ങൾ വിജയംകണ്ടതിന്റെ അഭിമാനത്തിലും ആവേശത്തിലുമാണ്‌ എൽഡിഎഫ്‌ വോട്ട്‌‌ തേടുന്നത്‌. അഞ്ച്‌ മണ്ഡലങ്ങളിൽ നാലിലും വിജയം ആവർത്തിക്കാനും അവശേഷിക്കുന്നതുകൂടി പിടിച്ചെടുക്കാനുമുള്ള ദൃഢനിശ്ചയത്തിലുമാണ്‌ ‌എൽഡിഎഫ്‌. നാലു തുടർവിജയം സമ്മാനിച്ച ഉടുമ്പൻചോലയും ഹാട്രിക്‌ വിജയം നൽകിയ പീരുമേടും ദേവികുളവും.  കേരള കോൺഗ്രസ്‌ എം ഇടതുപക്ഷത്ത്‌ എത്തിയതോടെ ഇടുക്കി മണ്ഡലവും കൂടെപ്പോന്നു. യുഡിഎഫിന്‌ കൈവശമുള്ള ഏക മണ്ഡലം തൊടുപുഴയാണ്‌.

കേരള കോൺഗ്രസിന്റെ വരവോടെ എൽഡിഎഫിന്റെ അടിത്തറ വിപുലമായത്‌  തദ്ദേശതെരഞ്ഞെടുപ്പിൽ ബോധ്യപ്പെട്ടതാണ്‌. 52 പഞ്ചായത്തുകളിൽ 30 എണ്ണത്തിലും ഭരണം നേടിയ ആത്മവിശ്വാസമാണ്‌ കരുത്ത്‌. വൈദ്യുതിമന്ത്രി എം എം മണി മത്സരിക്കുന്ന ഉടുമ്പൻചോലയിൽ ഇ എം ആഗസ്തിയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. എൻഡിഎയ്‌ക്കുവേണ്ടി ബിഡിജെഎസ്‌ കഴിഞ്ഞതവണ മത്സരിച്ച മണ്ഡലത്തിൽ ഇത്തവണ  ബിജെപി കേന്ദ്ര നേതൃത്വം സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്‌‌ എൽഡിഎയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഒടുവിൽ ബിഡിജെഎസിന്റെ‌ സന്തോഷ്‌ മാധവനെ ഉറപ്പിച്ചെങ്കിലും അണികൾക്കിടയിലുണ്ടായ അകൽച്ച ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. 

പുതുമുഖങ്ങൾ ഏറ്റുമുട്ടുന്ന ദേവികുളത്ത്‌ എൽഡിഎഫിന്റെ യുവ പോരാളി അഡ്വ. എ രാജയാണ്‌. പ്രകൃതിദുരന്തങ്ങൾ നാടിനെ പിടിച്ചുകുലുക്കിയപ്പോൾ സഹപ്രവർത്തകർക്കൊപ്പം രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മുന്നിൽനിന്ന ചെറുപ്പക്കാരൻ. കോൺഗ്രസിന്റെ ഡി കുമാറാണ്‌ എതിരാളി. കുമാറിനെതിരെ റിബലായി പത്രിക നൽകിയ എൻ ഗണേശൻ എൻഡിഎ സ്ഥാനാർഥിയായി. ഔദ്യോഗിക സ്ഥാനാർഥി എഐഎഡിഎംകെയുടെ ധനലക്ഷ്മി മാരിമുത്തുവിന്റെ പത്രിക അസാധുവായതാണ്‌ ഗണേശന്‌ പിടിവള്ളിയായത്‌.

തോട്ടം തൊഴിലാളികൾക്കിടയിൽ സുപരിചിതനായ വാഴൂർ സോമനാണ്‌ പീരുമേട്ടിൽ എൽഡിഎഫ്‌ സ്ഥാനാർഥി. കഴിഞ്ഞ തവണ പരാജയപ്പെട്ട അഡ്വ. സിറിയക്‌ തോമസ്‌‌ യുഡിഎഫിനായി രംഗത്തുണ്ട്‌. സീറ്റിന്‌ ശ്രമിച്ച്‌ പരാജയപ്പെട്ട മുൻ ഡിസിസി പ്രസിഡന്റ്‌ റോയി കെ പൗലോസും കൂട്ടരും‌ രാജിഭീഷണി മുഴക്കിയിരുന്നെങ്കിലും പിന്നീട്‌ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ബിജെപിയുടെ ശ്രീനഗരി രാജനാണ്‌ എൻഡിഎ സ്ഥാനാർഥി.

ഇടുക്കി മണ്ഡലത്തിൽ നാലുതവണ തുടർച്ചയായി ജയിച്ച റോഷി അഗസ്റ്റിൻ എൽഡിഎഫിനായി ഇക്കുറി രംഗത്തിറങ്ങുമ്പോൾ കഴിഞ്ഞവട്ടം നേടിയതിലും മികച്ച ഭൂരിപക്ഷമാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പുസമയത്ത്‌ എൽഡിഎഫിനൊപ്പമെത്തുകയും പിന്നീട്‌ കാരണമൊന്നുമില്ലാതെ മുന്നണി വിടുകയുംചെയ്‌ത ഫ്രാൻസിസ്‌ ജോർജ്‌ കേരള കോൺഗ്രസിന്റെ പേരിൽ യുഡിഎഫിനായി മത്സരിക്കുന്നു. ബിഡിജെഎസിന്റെ സംഗീത വിശ്വനാഥനാണ്‌ എൻഡിഎയുടെ സ്ഥാനാർഥി.

പാർടിയും ചിഹ്നവും നഷ്ടപ്പെട്ടാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി പി ജെ ജോസഫ്‌ തൊടുപുഴയിൽ വീണ്ടും ജനവിധി തേടുന്നത്‌. കോളേജ്‌ അധ്യാപകനെന്ന നിലയിൽ വിപുലമായ ശിഷ്യസമ്പത്തുള്ള കേരള കോൺഗ്രസ്‌ എമ്മിലെ പ്രൊഫ. കെ ഐ ആന്റണിയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി.