യുഡിഎഫ്‌ ഭരണകാലത്ത്‌ ഒരിക്കൽപ്പോലും സ്‌കൂൾ 
തുറക്കുമ്പോൾ 
പാഠപുസ്‌തകം എത്തിച്ചിരുന്നില്ല

അരി തടഞ്ഞവർ അന്ന്‌ പുസ്‌തകം അരിഞ്ഞു

Monday Mar 29, 2021
എം വി പ്രദീപ്‌


തിരുവനന്തപുരം
കുട്ടികൾക്കുള്ള അരിയും ഭക്ഷ്യക്കിറ്റും മുടക്കാനായി തെരഞ്ഞെടുപ്പ്‌ കമീഷനെ സമീപിച്ച പ്രതിപക്ഷം, ഭരണത്തിലിരുന്നപ്പോൾ, കുട്ടികൾക്ക്‌ പാഠപുസ്‌തകംപോലും നൽകാതെ പരീക്ഷ നടത്തി.

യുഡിഎഫ്‌ ഭരണകാലത്ത്‌ ഒരിക്കൽപ്പോലും സ്‌കൂൾ തുറക്കുമ്പോൾ പാഠപുസ്‌തകം എത്തിച്ചിരുന്നില്ല. ഉമ്മൻചാണ്ടി ഭരണത്തിന്റെ അവസാനകാലത്ത്‌ ഈ സ്ഥിതി രൂക്ഷമായി. 2016ൽ ഹൈസ്‌കൂൾ കുട്ടികൾ വാർഷികപരീക്ഷ എഴുതിയത്‌ പകുതി പാഠപുസ്‌തകവും ഒരു നോക്കുപോലും കാണാതെയാണ്‌. പുസ്‌തക അച്ചടി സ്വകാര്യ പ്രസുകൾക്ക്‌  നൽകി കോഴ പറ്റി വിദ്യാഭ്യാസ വകുപ്പിനെ  കച്ചവടക്കാരുടെ കേന്ദ്രമാക്കി മാറ്റുകയായിരുന്നു യുഡിഎഫ്‌ സർക്കാർ. സ്വകാര്യ പ്രസുടമകളാകട്ടെ നൽകിയ കോഴത്തുകയുടെ ബലത്തിൽ പുസ്‌തക അച്ചടി പേരിലൊതുക്കി കബളിപ്പിക്കുകയും ചെയ്‌തു. 

ഓണപ്പരീക്ഷ തുടങ്ങിയിട്ടും പുസ്‌തകം എത്താതിരുന്നപ്പോൾ വിദ്യാർഥികൾ സമരരംഗത്തിറങ്ങി. ‘ഓണം നേരത്തേ എത്തിയതാണ്‌ കാരണം’ എന്നായിരുന്നു  മന്ത്രി അബ്ദുറബ്ബിന്റെ ന്യായീകരണം.   ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ജനം  പൊങ്കാലയിട്ടു. ‘ബഹുമാനപ്പെട്ട മന്ത്രീ ക്രിസ്‌മസ്‌ ഡിസംബർ 25 നാണ്‌ ഓർമിക്കണേ’ എന്നായിരുന്നു പരിഹാസം. എന്നാൽ, ക്രിസ്‌മസ് പരീക്ഷയ്‌ക്കും പുസ്‌തകം കിട്ടിയില്ല. ഒടുവിൽ സ്‌കൂൾ പിടിഎകൾ മുൻകൈയെടുത്ത്‌ പാഠപുസ്‌തകങ്ങളുടെ ഫോട്ടോകോപ്പിയെടുത്ത്‌ കുട്ടികൾക്ക്‌ നൽകിയാണ്‌ വാർഷിക പരീക്ഷ എഴുതിച്ചത്‌. വിദ്യാഭ്യാസ വകുപ്പ്‌ ഈജിയൻ തൊഴുത്തായെന്നും  വൃത്തിയാക്കൽ അനിവാര്യമാണെന്നും അന്ന്‌ സർക്കാരിനെ നയിച്ച കോൺഗ്രസിന്റെ പത്രം വീക്ഷണം മുഖപ്രസംഗംവരെയെഴുതി. 

കുട്ടികൾക്ക്‌ മുമ്പും 
ഭക്ഷ്യക്കിറ്റ്‌ നൽകി
സ്‌കൂൾ ഉച്ചഭക്ഷണത്തിന്‌ പ്രീ പ്രൈമറികാർക്ക്‌ 30 ഗ്രാം അരിയും അഞ്ചാം ക്ലാസ്‌ വരെയുള്ളവർക്ക്‌ 100 ഗ്രാം അരിയും ആറ്‌ മുതൽ എട്ടുവരെയുള്ള ക്ലാസുകാർക്ക്‌ 150 ഗ്രാം അരിവീതവുമാണ്‌ ദിവസവും വകയിരുത്തിയത്‌. കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ സ്‌കൂൾ തുറക്കാൻ കഴിയാത്തതിനാൽ കുട്ടികളുടെ ഉച്ചഭക്ഷണവിഭവങ്ങൾ വീടുകളിലെത്തിക്കാൻ സർക്കാർ തീരുമാനിച്ചു.  ദിവസവും അരിയുമായി കുട്ടികളുടെ വീടുകളിലെത്തുക സാധ്യമല്ല. കഴിഞ്ഞ ജൂൺ മുതലുള്ള അരിയും വിഭവങ്ങളും നിശ്‌ചിത ഇടവേളകളിൽ മുഴുവനായി കുട്ടികൾക്ക്‌ നൽകി.  ഈസ്‌റ്റർ, വിഷു, റമദാൻ ആഘോഷം ഒന്നിച്ചുവരുന്ന ഘട്ടത്തിലേക്ക്‌ ബാക്കി വിഭവങ്ങൾകൂടി നൽകാൻ ഫെബ്രുവരിയിൽ തീരുമാനമെടുത്തതാണ്‌. അതുപ്രകാരം എൽപി വിദ്യാർഥികൾക്ക്‌ 15 കിലോ വീതവും യുപിക്കാർക്ക്‌ 25 കിലോ വീതവും അരിയാണ്‌ ഇപ്പോൾ  നൽകുന്നത്‌.