ഇടതോരം തുടരാൻ

Sunday Mar 28, 2021
എബ്രഹാം തടിയൂർ


പത്തനംതിട്ട
വലതുപക്ഷ കോട്ടയിൽ ഇടതുമുന്നേറ്റമാണ്‌ 2016–-ൽ കണ്ടതെങ്കിൽ ഇക്കുറിയും ജില്ല ചുവപ്പിക്കാനുള്ള പോരാട്ടമാണ്‌ പത്തനംതിട്ടയിൽ നടക്കുന്നത്‌. അഞ്ചിൽ നാലും നേടിയായിരുന്നു 2016–-ലെ എൽഡിഎഫ്‌ കുതിപ്പ്‌.  2019ലെ ഉപതെരഞ്ഞെടുപ്പിൽ കോന്നികൂടി ഇടത്തോട്ട്‌ വന്നതോടെ മധ്യകേരളത്തിലാകെ യുഡിഎഫിന്‌ അതിന്റെ ക്ഷീണം തട്ടി. വികസനവും ക്ഷേമവുമാണ്‌‌ എൽഡിഎഫ്‌ പ്രചാരണമെങ്കിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട്‌ യുഡിഎഫും ബിജെപിയും രംഗത്തുണ്ട്‌. 

സ്ഥാനാർഥി നിർണയം യുഡിഎഫിലും ബിജെപിയിലും സൃഷ്ടിച്ച അസ്വാരസ്യം ഇനിയും കെട്ടടങ്ങിയിട്ടില്ല. അടൂരിൽ സ്ഥാനാർഥിത്വം ലഭിക്കില്ലെന്ന്‌ ഉറപ്പായപ്പോൾ കെപിസിസി മുൻ ജനറൽ സെക്രട്ടറിയും മുൻമന്ത്രി പന്തളം സുധാകരന്റെ സഹോദരനുമായ പ്രതാപൻ ബിജെപിയിലേക്ക്‌ ചേക്കേറി സ്ഥാനാർഥിയായി. ഇവിടെ എൽഡിഎഫിലെ ചിറ്റയം ഗോപകുമാർ ഹാട്രിക്ക്‌‌ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല‌.

തിരുവല്ലയിൽ തുടർച്ചയായ നാലാം വിജയമാണ്‌ മുൻ മന്ത്രിയും ജനതാദൾ എസ്‌ സംസ്ഥാന പ്രസിഡന്റുമായ മാത്യു ടി തോമസിന്റെ ലക്ഷ്യം. 1987 ലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയെന്ന റെക്കോഡ്‌ ഇതുവരെ തിരുത്തിക്കുറിച്ചിട്ടില്ല. ജോസഫ്‌ ഗ്രൂപ്പിലെ കുഞ്ഞുകോശി പോളാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. ബിജെപി ജില്ലാ പ്രസിഡന്റ്‌ അശോകൻ കുളനട മത്സരിക്കുന്നതിനെതിരെ ബിജെപി‌ക്കുള്ളിൽ തന്നെ ശക്തമായ പ്രതിഷേധമുണ്ട്‌.

കെ ശിവദാസൻ നായരെ വീണ്ടുമിറക്കി ആറന്മുള തിരിച്ചുപിടിക്കാനാകുമോ എന്ന നോട്ടമാണ് യുഡിഎഫിന്‌‌. ഇതിനായി ബിജെപിയുടെ സഹായവും അവർ തേടുന്നു. സീറ്റ്‌ പ്രതീക്ഷിച്ച്‌ പ്രചാരണ പരിപാടികൾ നടത്തിവന്ന മുൻ ഡിസിസി പ്രസിഡന്റിനെ കൈ‌ക്കില കൂടാതെ എടുത്തെറിഞ്ഞതിന്റെ അമർഷം വിട്ടുമാറിയിട്ടില്ല. എൽഡിഎഫിലെ വീണാ ജോർജ്‌  രണ്ടാംഅങ്കം കുറിക്കുന്ന ഇവിടെ ബിജെപിയുടെ എ പ്ലസ്‌ മണ്ഡലമായിട്ടും മത്സരം കാഴ്‌ചവയ്‌ക്കാൻ കഴിയുന്ന സ്ഥാനാർഥി ഇല്ലെന്നത്‌ ബിജെപി, യുഡിഎഫ്‌ ഡീൽ ഉറപ്പിക്കുന്നു

ഉപതെരഞ്ഞെടുപ്പിലൂടെ കോന്നിയുടെ നായകനായ എൽഡിഎഫ്‌ സ്ഥാനാർഥി കെ യു ജനീഷ്‌കുമാർ, വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ വികസന നായകനെന്ന പേരെടുത്തു.   കെ സുരേന്ദ്രൻ കോന്നിയിൽ ഇരട്ട മത്സരത്തിന്‌ എത്തിയതോടെ ത്രികോണ മത്സര പ്രതീതിയായി. അടൂർ പ്രകാശിന്റെ നോമിനി റോബിൻ പീറ്ററാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി.

റാന്നിയിൽ എൽഡിഎഫ്‌ ‌സ്ഥാനാർഥി കേരള കോൺഗ്രസിലെ പ്രമോദ്‌ നാരായണനാണ്‌. 25 വർഷമായി രാജു ഏബ്രഹാമിലൂടെ എൽഡിഎഫ്‌ കുത്തകയാക്കിയ മണ്ഡലമാണ്‌‌. യുഡിഎഫിലെ റിങ്കു ചെറിയാനാണ്‌ സ്ഥാനാർഥി.
ദേശീയ സംസ്ഥാന നേതാക്കൾ ജില്ലയിൽ പര്യടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചു മണ്ഡലത്തിലും വൻ ജനപങ്കാളിത്തമുള്ള തെരഞ്ഞെടുപ്പ്‌ യോഗങ്ങളിൽ സംസാരിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, പി ബി അംഗങ്ങളായ എസ്‌ രാമചന്ദ്രൻ പിള്ള, എം എ ബേബി, സിപിഐ നേതാവ്‌ പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ എത്തി. വൃന്ദാ കാരാട്ട്‌ അടുത്ത ദിവസം എത്തും.

രാഹുൽ ഗാന്ധി എത്തി റോഡ്‌ ഷോ നടത്തി. ഉമ്മൻ ചാണ്ടി, രമേശ്‌ ചെന്നിത്തല തുടങ്ങിയവരും യുഡിഎഫ്‌ പ്രചാരണത്തിന്‌ എത്തി.  പ്രധാനമന്ത്രി നരേന്ദ്ര മോഡി എൻഡിഎയുടെ പ്രചാരണത്തിന്‌ കോന്നിയിൽ എത്തുന്നുണ്ട്‌.