വഴികാട്ടി 
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

Sunday Mar 28, 2021
അശ്വതി ജയശ്രീ


തിരുവനന്തപുരം
കൊറോണ വൈറസ്‌ ലോകരാജ്യങ്ങളിലെല്ലാം ആധിപത്യം സ്ഥാപിച്ചുതുടങ്ങിയ കാലത്താണ്‌ "വൈറോളജി' യെന്ന പദവും വാർത്തകളിൽ നിറഞ്ഞത്‌. പക്ഷേ 2018 മേയിൽ കോഴിക്കോട്‌ നിപാ രോഗം സ്ഥിരീകരിച്ചതുമുതൽ കേരളം വൈറസിനെയും വൈറോളജിയെയും അറിഞ്ഞുകഴിഞ്ഞതാണ്‌. പിന്നീട്‌ കോവിഡുകൂടി റിപ്പോർട്ട്‌ ചെയ്തതോടെ ഇതുസംബന്ധിച്ച പഠനത്തിന്റെ പ്രാധാന്യം സംസ്ഥാന സർക്കാർ മനസ്സിലാക്കി.

അങ്ങനെ രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ ഇങ്ങ്‌ തെക്കേയറ്റത്ത്‌ നമ്മുടെ കൊച്ചുകേരളത്തിൽ സ്ഥാപിക്കപ്പെട്ടു. തലസ്ഥാന ജില്ലയിൽ കഴക്കൂട്ടം തോന്നയ്ക്കലിൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ ലൈഫ്‌ സയൻസ്‌ പാർക്കിലാണ്‌ മു‌ഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരിയിൽ നാടിന്‌ സമർപ്പിച്ച ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ വൈറോളജി (ഐഎവി) യുള്ളത്‌. സംസ്ഥാനത്ത്‌ കോവിഡ്‌ വർധിച്ചുനിന്ന 2020 ഒക്‌ടോബറിലാണ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ പ്രവർത്തനമാരംഭിക്കുന്നത്‌. ലൈഫ്‌ സയൻസ്‌ പാർക്കിലെ 25 ഏക്കറിലാണ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌.

സംസ്ഥാനത്തെ വൈറസ്‌ 
ഗവേഷണത്തിന്‌ 
മുതൽക്കൂട്ട്‌
എച്ച്‌ഐവിയും കൊറോണയും ഇൻഫ്ലുവൻസയും പോലെയുള്ള എല്ലാ വൈറസുകളുമായും ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക്‌  പുറത്തുനിന്നുള്ള സഹായം ഇനി സംസ്ഥാനത്തിന്‌ വേണ്ടിവരില്ലെന്നാണ്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്‌ത്രജ്ഞരുടെ ഉറപ്പ്‌. വൈറസ്‌ പഠനത്തിനുള്ള ലാബുകളിൽ ബയോസേഫ്‌റ്റി 1, 2 ലെവലുകൾ പൂർണമായും സജ്ജമായിക്കഴിഞ്ഞു. ലെവൽ 3 ഉടൻ പൂർത്തിയാകും. ലെവൽ 3ൽ വൈറസിനെ സൃഷ്‌ടിച്ച്‌ (വൈറസ്‌ കൾച്ചർ) കൂടുതൽ ഗവേഷണങ്ങൾ നടത്താനുള്ള സൗകര്യമുണ്ട്‌. കോവിഡ്‌ പരിശോധനയും മറ്റും നടത്തുന്നത്‌ ലെവൽ 2ലാണ്‌. ലെവൽ 3ൽ ചില സാങ്കേതിക പുരോഗതികൾ കൂടി നടപ്പാക്കാനുണ്ട്‌. അതുകൂടി പൂർത്തിയായാൽ വൈറസ്‌ ഗവേഷണങ്ങൾ ദ്രുതഗതിയിൽ ആരംഭിക്കാനാകുമെന്ന്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്‌ മോഹനൻ വലിയവീട്ടിൽ പറഞ്ഞു. ഐഎവിയിൽ ബയോസേഫ്‌റ്റി ലെവൽ 4 വരെ  നടപ്പാക്കാനാണ്‌ സർക്കാരിന്റെ പദ്ധതി. അടുത്ത വർഷത്തോടെ ഇതുകൂടി പൂർത്തിയാകുന്നതോടെ ദേശീയ, അന്തർദേശീയ തലത്തിൽ ഇൻസ്റ്റിറ്റ്യൂട്ട്‌ കേരളത്തിന്റെ പേര്‌ ഉയർത്തുമെന്നുറപ്പ്‌.

ആദ്യഘട്ടമെന്നോണം കോവിഡുമായി ബന്ധപ്പെട്ട്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ തയാറാക്കിയ അവലോകന റിപ്പോർട്ടുകൾ, രണ്ടാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കപ്പെടും.  തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ കൂടുതൽ നിയമനങ്ങൾ നടക്കുന്നതോടെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനവും വേഗത്തിലാകും.