മറുപടി നൽകാൻ പാലാ

Sunday Mar 28, 2021
പി സി പ്രശോഭ്‌


കോട്ടയം
ഉപതെരഞ്ഞെടുപ്പ്‌ ഒഴിച്ചാൽ, അരനൂറ്റാണ്ടിലേറെ പാലായുടെ ചങ്കായിരുന്ന കെ എം മാണിയില്ലാത്ത ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്‌‌. മകൻ ജോസ്‌ കെ മാണി എൽഡിഎഫ്‌ സ്ഥാനാർഥിയായി ആദ്യമായി നിയസഭയിലേക്ക്‌ മത്സരിക്കുന്നു. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ തിരിച്ചുപിടിച്ച മണ്ഡലം. കേരള കോൺഗ്രസ്‌ എമ്മിന്റെ വരവോടെ എൽഡിഎഫ്‌ വർധിത വീര്യത്തിലാണ്‌.  എന്തിനെന്ന്‌ പറയാതെ മറുപക്ഷം ചാടിയ മാണി സി കാപ്പൻ യുഡിഎഫിനു വേണ്ടിയും എൻഡിഎയ്‌ക്ക്‌ വേണ്ടി ജെ പ്രമീളാദേവിയും മത്സരിക്കുന്നു.

ഉപ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച മുന്നണിയെ ചതിച്ച്‌, രാഷ്‌ട്രീയലാഭത്തിന്‌ എതിർപക്ഷത്ത്‌‌ ചേക്കേറിയ മാണി സി കാപ്പന്‌‌ മറുപടി കൊടുക്കുമെന്ന്‌ മണ്ഡലം ഉറപ്പിച്ചുകഴിഞ്ഞു‌. ഒപ്പം, റബറിനെ താങ്ങിനിർത്തിയ എൽഡിഎഫ്‌ സർക്കാരിനുള്ള നന്ദി പ്രകടിപ്പിക്കാനും. എന്തിന്‌ യുഡിഎഫിലെത്തി എന്നു പോലും വിശദീകരിക്കാനാവാത്ത നിലയിലാണ്‌ മാണി സി കാപ്പൻ. 

2019ലെ ഉപതെരഞ്ഞെടുപ്പിൽ ചരിത്രമാറ്റത്തിന്‌ രാപ്പകൽ അധ്വാനിച്ച എൽഡിഎഫ്‌ പ്രവർത്തകരോടുള്ള വഞ്ചനയ്‌ക്ക്‌ ജനം തിരിച്ചടി നൽകുമെന്ന ഭീതി യുഡിഎഫ്‌ ക്യാമ്പിലുണ്ട്‌. സർക്കാരിന്റെ വികസന നിലപാടുകൾ എണ്ണിപ്പറഞ്ഞാണ്‌‌‌ എൽഡിഎഫ്‌ പ്രചാരണം. അത്‌ കാപ്പനും സമ്മതിക്കുന്നു. റബറിന്റെ താങ്ങുവില 170 രൂപയായിരുന്നത്‌ 250 രൂപയാക്കി ഉയർത്തുമെന്ന്‌ പ്രഖ്യാപിച്ച എൽഡിഎഫിനെ കൈവിടാൻ റബറിന്റെ പറുദീസയായ പാലാ തയ്യാറാവില്ല.  കോൺഗ്രസിൽനിന്ന്‌ കാലുമാറി എത്തിയതാണ്‌ എൻഡിഎ സ്ഥാനാർഥി ജെ പ്രമീളാദേവി. പാലായിൽ ബിജെപിക്ക്‌ പ്രത്യേകിച്ചൊന്നും അവകാശപ്പെടാനില്ല.

തോട്ടം–-പുരയിടം പ്രശ്‌നം ഏറ്റവുമധികം ബാധിച്ച താലൂക്കുകളിലൊന്നാണ്‌ മീനച്ചിൽ. പുരയിടം എന്നത്‌ തോട്ടമായി രേഖപ്പെടുത്തിയതു മൂലം പലർക്കും സ്വന്തം ഭൂമിയിൽ വീട്‌ വയ്‌ക്കാനോ പണയംവച്ച്‌ വായ്‌പ എടുക്കാനോ പറ്റാതായി.‌  
സർക്കാർ ഇടപെട്ട്‌ നടത്തിയ അദാലത്തിൽ അനേകം കുടുംബങ്ങളുടെ‌ പ്രശ്‌നങ്ങൾ പരിഹരിച്ചു.

രണ്ടുതവണ ലോക്‌സഭാംഗവും ഒരുതവണ രാജ്യസഭാംഗവുമായ ജോസ്‌ കെ മാണിക്ക്‌ സ്വന്തം തട്ടകമാണ്‌ പാല. കേരള കോൺഗ്രസ്‌ എമ്മിന്റെ വരവോടെ  പാലായിൽ ഇടതുപക്ഷം കൂടുതൽ കരുത്താർജിച്ചിട്ടുണ്ട്‌. നഗരസഭയിൽ ആദ്യമായി ഭരണത്തിലുമേറി.‌ എംപി എന്ന നിലയിൽ മികച്ച‌ റെക്കോഡുണ്ട്‌. എംപി ഫണ്ട്‌ 100 ശതമാനം ചെലവഴിച്ചു. നിരവധി കേന്ദ്ര പദ്ധതികൾ കോട്ടയം മണ്ഡലത്തിലെത്തിച്ചത് ജോസിന്റെ  പരിശ്രമത്തിലാണ്‌.