വീണ്ടെടുത്ത്‌ തൃപ്പൂണിത്തുറ

Sunday Mar 28, 2021
എം എസ്‌ അശോകൻ


തൃപ്പൂണിത്തുറ
കാൽനൂറ്റാണ്ടുകാലത്തെ യുഡിഎഫ്‌ കുത്തക തകർത്താണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ വാർത്തയായത്‌. യുഡിഎഫിന്റെ വികസനപ്രതിസന്ധിയും അഴിമതിയുമായിരുന്നു അന്ന്‌ സജീവചർച്ച. കഴിഞ്ഞ അഞ്ചുവർഷം, പോയ കാൽനൂറ്റാണ്ടിൽ‌ മണ്ഡലത്തിന്‌ നഷ്ടമായത്‌ എന്തായിരുന്നെന്ന്‌ തൃപ്പൂണിത്തുറ തിരിച്ചറിയുകയായിരുന്നു. അഴിമതിക്കാരെ വേരോടെ പിഴുതെറിഞ്ഞ്‌ വികസനത്തുടർച്ചയിലേക്ക്‌ മണ്ഡലത്തെ നയിക്കലാണ്‌ എൽഡിഎഫ്‌ ലക്ഷ്യം. നഷ്ടമായ പിന്തുണ തിരിച്ചുപിടിക്കൽ യുഡിഎഫിന്റെയും. അതിനായി ബിജെപി വോട്ടുകളിൽ യുഡിഎഫ്‌ സ്ഥാനാർഥി ഉന്നയിച്ച അവകാശവാദമാണ്‌ തൃപ്പൂണിത്തുറയിലെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം.


 

യുവപോരാളി അഡ്വ. എം സ്വരാജാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. അഴിമതിക്കേസുകളിൽ ആരോപണവിധേയനായി അകറ്റിനിർത്തിയെങ്കിലും അവസാനനിമിഷം പട്ടികയിൽ ഇടംനേടിയ കെ ബാബു യുഡിഎഫ്‌ സ്ഥാനാർഥി. കോൺഗ്രസ്‌ രാഷ്‌ട്രീയത്തിലൂടെ ബിജെപിയിലെത്തിയ മുൻ പിഎസ്‌സി ചെയർമാൻ ഡോ. കെ എസ്‌ രാധാകൃഷ്‌ണനാണ്‌ എൻഡിഎ സ്ഥാനാർഥി.

പോയ അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ പൂർത്തീകരിച്ചതും തുടങ്ങിവച്ചതുമായ വികസനപദ്ധതികൾ എണ്ണിപ്പറഞ്ഞാണ്‌ എൽഡിഎഫ്‌ വോട്ട്‌ തേടുന്നത്‌. തൃപ്പൂണിത്തുറയിലേക്കു നീണ്ട കൊച്ചി മെട്രോ പാതമുതൽ സർക്കാർ വിദ്യാലയങ്ങളുടെ ഭൗതികസൗകര്യവികസനംവരെ അതിലുണ്ട്‌. വൈക്കം റോഡിന്റെ വീതികൂട്ടൽമുതൽ നൂറുകോടി രൂപ ചെലവുവരുന്ന കുമ്പളം–-തേവര പാലംവരെയുള്ള പദ്ധതികളും. നഗരത്തെ വളഞ്ഞുനിന്ന ടോൾ ബൂത്തുകൾ നിർത്തലാക്കിയതുമുതൽ അന്ധകാരത്തോടിനെ വീണ്ടെടുത്തതുവരെയുള്ള കാര്യങ്ങളും ചർച്ചയാകുന്നു. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി യുവജനപ്രസ്ഥാനത്തിന്റെ അമരക്കാരനായിരിക്കെയാണ്‌ സ്വരാജ്‌ തൃപ്പൂണിത്തുറയുടെ വികസനനായകനായത്‌. മലപ്പുറമാണ്‌ സ്വദേശമെങ്കിലും തൃപ്പൂണിത്തുറയിൽ സ്ഥിരതാമസം.

ബിജെപി വോട്ടുകൾ തനിക്ക്‌ കിട്ടുമെന്ന കെ ബാബുവിന്റെ അവകാശവാദം സംസ്ഥാനത്താകെ ചർച്ചയാണ്‌. ബിജെപി പ്രചാരണത്തിലുണ്ടായ പിന്നോട്ടടി അതിന്റെ ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കെഎസ്‌യുവിലൂടെ രാഷ്‌ട്രീയപ്രവേശം. 1991ൽ ആദ്യവിജയം. 2011ൽ യുഡിഎഫ്‌ മന്ത്രിസഭയിൽ എക്‌സൈസ്‌ മന്ത്രി. നൂറുകോടി രൂപയുടെ ബാർ കോഴ ആരോപണത്തെ തുടർന്ന്‌ അവസാനവർഷം മന്ത്രിസ്ഥാനം നഷ്‌ടമായി. ബാർ കോഴ, അനധികൃത സ്വത്തുസമ്പാദന കേസുകൾ കോടതിയിലുണ്ട്‌.

2016ൽ ബിജെപിക്ക്‌ കിട്ടിയ വോട്ടുകൾ നിലനിർത്താൻ ഡോ. കെ എസ്‌ രാധാകൃഷ്‌ണനാകുമോ എന്നതാണ്‌ മണ്ഡലത്തിൽ മുഴങ്ങുന്ന വലിയ ചോദ്യം.  മുളവുകാട്‌ സ്വദേശിയാണ്‌.