2016ൽ വിറ്റുവരവ്‌ 27.96 കോടി; നഷ്‌ടം 5.23 കോടി 2021ൽ വിറ്റുവരവ് 117.5 കോടി; ലാഭം 14.23 കോടി

മരുന്നിനും മരുന്നുണ്ട്

Sunday Mar 28, 2021
എസ്‌ മനോജ്‌
ചേർത്തല കെഎസ്‌ഡിപി മരുന്ന്‌ ഫാക്ടറിക്ക്‌ മുന്നിൽ ജീവനക്കാർ / ഷിബിൻ ചെറുകര


ആലപ്പുഴ
‘‘കറന്റ്‌ ചാർജ്‌ അടയ്‌ക്കാതിരുന്നതോടെ ഫ്യൂസ്‌ ഊരിക്കൊണ്ടുപോയി. ആരെങ്കിലും സൈക്കിളിൽ പോയി ഡീസൽ വാങ്ങിയാണ്‌‌ യന്ത്രങ്ങൾ വല്ലപ്പോഴും ‌പ്രവർത്തിപ്പിച്ചത്‌. 2003 അവസാനംമുതൽ 26 മാസം ശമ്പളമില്ലാതെ ഞങ്ങൾ ജോലി ചെയ്‌തു. കഴിഞ്ഞ പ്രകടനപത്രികയിൽ പൊതുമേഖലയെ സംരക്ഷിക്കുമെന്ന്‌ എൽഡിഎഫ്‌ പറഞ്ഞെങ്കിലും ഇത്രയും കരുതിയില്ല. സത്യത്തിൽ പറഞ്ഞതെല്ലാം നടപ്പായല്ലൊ. ഇന്ന്‌ ലോകോത്തര സ്ഥാപനമായി. വൻ ലാഭം. രണ്ട്‌ വട്ടം ശമ്പള പരിഷ്‌കരണം. ഇതിൽ കൂടുതലെന്തുവേണം. ഈ സർക്കാർ തന്നെ വന്നാമതിയായിരുന്നു. അല്ല; അതുറപ്പാ’’–-  കേരള സ്‌റ്റേറ്റ്‌‌ ഡ്രഗ്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്‌ (കെഎസ്‌ഡിപി) ജീവനക്കാരി തോട്ടപ്പള്ളി മാപ്പിളപ്പറമ്പിൽ ജി വിമിയുടെ വാക്കുകളാണിത്‌. 

മരുന്ന്‌ മാഫിയയുടെ 
ചൂഷണം തടഞ്ഞു
പൊതുമേഖലയെ സംരക്ഷിക്കുന്നതിനൊപ്പം മരുന്ന്‌ മാഫിയയുടെ ചൂഷണത്തിന്‌ തടയിടാനും കെഎസ്‌ഡിപി നവീകരണത്തിലൂടെ സർക്കാരിന്‌ കഴിഞ്ഞു. പാരസറ്റമോൾ നിർമാണ കമ്പനിയെന്ന പേരുദോഷം മാറ്റി അഞ്ച്‌ വർഷത്തിനുള്ളിൽ മൂന്നു പദ്ധതിയാണ്‌ ഇവിടെ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്‌തത്‌. നോൺ ബീറ്റാലാക്ടം ഇഞ്ചക്‌ഷൻ പ്ലാന്റിന്റെ ഉദ്‌ഘാടനവും ഓങ്കോളജി ഫാർമ പാർക്കിന്‌ കല്ലിടലും കഴിഞ്ഞിട്ട്‌ ഒരുമാസമായില്ല.‌ വിസ്‌മയക്കുതിപ്പിന്റെ ആരവമാണിപ്പോൾ. 14 കോടി ലാഭം നേടി. സർക്കാർ അധികാരത്തിലെത്തി ഒരു വർഷം തികയുംമുമ്പ്‌ ഒമ്പതുകോടിയുടെ പദ്ധതി. ബീറ്റാലാക്ടം ഡ്രൈപൗഡർ ഇഞ്ചക്‌ഷൻ പ്ലാന്റ്‌ റെഡി. രണ്ടു വർഷത്തിനുള്ളിൽ നോൺ ബീറ്റാ ലാക്ടം പ്ലാന്റും. 58 ഇനം ആന്റിബയോട്ടിക്‌‌ മരുന്നുകൾ ഉൽപ്പാദിപ്പിക്കാനുള്ള പ്ലാന്റാണിത്‌. വർഷത്തിൽ 88 ലക്ഷം തുള്ളിമരുന്ന്‌, 3.5 കോടി ആംപ്യൂളുകൾ, 1.30കോടി വിയാൽസ്‌, 1.20 കോടി എൽവിപി എന്നിവ ഇവിടെ  ഉൽപ്പാദിപ്പിക്കാം.

തുടരും സന്തോഷം
‘‘അഞ്ചു വർഷംമുമ്പ്‌ വിരമിച്ചവർക്ക്‌ ഒരാനുകൂല്യവും ലഭിക്കില്ലായിരുന്നു. വിആർഎസ്‌ എടുത്തവർക്കുപോലും ആനുകൂല്യമില്ല. ഇന്ന്‌ അവസ്ഥ‌ മാറിയതുകൊണ്ട്‌ സ്വസ്ഥമായി ഈ വർഷം ജോലി ചെയ്യാം. സ്വസ്ഥമായി ഉറങ്ങാം’’ –- പറയുന്നത്‌ വരുന്ന വർഷം വിരമിക്കുന്ന തിരുവനന്തപുരം കുമാരസദനത്തിൽ കെ സുരേഷ്‌ കുമാർ. തുടർ ഭരണം വേണം. അല്ലെങ്കിൽ ഇതടക്കം പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ സ്ഥിതി എന്താകും–- സുരേഷ്‌ കുമാർ ചോദിക്കുന്നു.

1974 ലാണ്‌ സ്ഥാപനം തുടങ്ങിയത്‌. ജീവനക്കാർക്ക്‌ ബാങ്കിലേതിലും  ഉയർന്ന ശമ്പളവും ആനുകൂല്യവും ലഭിച്ചിരുന്നു. യുഡിഎഫ്‌ കാലത്തെല്ലാം ദുരിതകാലമായി. ശമ്പള സ്‌കെയിൽ ഉയർന്നതോടെ ഇന്ന്‌ ഇവിടെയും സർക്കാർ സർവീസിൽ ക്ലർക്കായും ജോലി കിട്ടുന്ന യുവാവ്‌  ഇവിടത്തെ ജോലിയിൽ നിൽക്കും.

കോവിഡും അവസരമാക്കി
കോവിഡ്‌ പ്രതിസന്ധിയെ അവസരമാക്കുന്നതിലും സി ബി ചന്ദ്രബാബു ചെയർമാനായ ഡയറക്ടർ ബോർഡ്‌ ഭാവനാപൂർവം ഇടപെട്ടു. 2020 സ്ഥാപനത്തിന്‌ സാനിറ്റൈസർ വിപ്ലവത്തിന്റേതായി. മാസ്‌ക്‌, ഗ്ലൗസ്‌, പിപിഇ കിറ്റ്‌ വിൽപ്പന വേറെ. പൊതുമേഖലാ സ്ഥാപനങ്ങളെ ‘വെള്ളാന’യെന്ന്‌ ആക്ഷേപിച്ച്‌ ഹരം കൊള്ളുന്നവർക്കുള്ള മറുപടി കൂടിയാണ്‌ ആലപ്പുഴ കെഎസ്‌ഡിപിയുടെ വളർച്ചാകുതിപ്പ്‌.