ചുരം കയറിയാൽ കൂടൊഴിയുന്ന കോൺഗ്രസ്‌

Sunday Mar 28, 2021
വി ജെ വര്‍ഗീസ്

കൽപ്പറ്റ > രാഹുലിന്റെ മണ്ഡലമായതിനാൽ വയനാട്ടിലെ കോൺഗ്രസ്‌ വാർത്തകൾ രാജ്യമെങ്ങും ശ്രദ്ധിക്കുന്നുണ്ട്‌. അടുത്ത കാലത്തെ കോൺഗ്രസ്‌ കൂടുമാറ്റം പ്രത്യേകിച്ചും.  തെരഞ്ഞെടുപ്പ്‌ കാഹളമുയർന്നപ്പോൾ തുടങ്ങിയ പുറത്തേക്കുള്ള ഒഴുക്ക്‌ ഇപ്പോഴും നിലച്ചിട്ടില്ല. കെപിസിസി വൈസ്‌ പ്രസിഡന്റും മുൻ എംഎൽഎയുമായ‌ കെ സി റോസക്കുട്ടിയിലെത്തി നിൽക്കുകയാണ്‌ രാജി. ഇവർക്കൊപ്പം കെപിസിസി, ഡിസിസി ജനറൽ സെക്രട്ടറിമാരും മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും രാജിവച്ച്‌ ഇടതുപക്ഷത്തോടൊപ്പം ചേർന്നു. കൽപ്പറ്റയിൽ മത്സരിക്കാൻ ചുരം കയറിയെത്തിയ ടി സിദ്ധിഖിനെതിരായ കലാപമാണ്‌ കോൺഗ്രസിലെ ഇപ്പോഴത്തെ പ്രശ്‌നം.  

മാനന്തവാടിയും ബത്തേരിയും പട്ടികവർഗ സംവരണ മണ്ഡലമാണ്‌. കൽപ്പറ്റയാണ്‌ ഏക ജനറൽ സീറ്റ്‌. 2016ലെ തെരഞ്ഞെടുപ്പിൽ മന്ത്രിയെ വീഴിച്ച്‌ വിജയക്കൊടി പാറിച്ച എൽഡിഎഫിലെ ഒ ആർ കേളുവും പരാജയപ്പെട്ട അന്നത്തെ മന്ത്രി പി കെ ജയലക്ഷ്‌മിയുമാണ്‌ മാനന്തവാടിയിൽ വീണ്ടും ഏറ്റുമുട്ടുന്നത്‌. പ്രഖ്യാപിച്ച സ്ഥാനാർഥി പിന്മാറി നാണക്കേടിലായ ബിജെപി പള്ളിയറ മുകുന്ദനെയാണ്‌ രണ്ടാമത്‌ രംഗത്തിറക്കി‌യത്‌.
ആദ്യവിജയത്തിലൂടെതന്നെ മാനന്തവാടിയുടെ മനസ്സ്‌‌ നിറയ്ക്കാൻ എകെഎസ്‌ സംസ്ഥാന പ്രസിഡന്റുകൂടിയായ കേളുവിനായി. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തുന്നതുവരെയെത്തി വികസന പദ്ധതികൾ. മൂന്ന്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്‌ മണ്ഡലത്തിലെത്തിയത്‌. ഈ വികസനങ്ങൾക്കൊപ്പം ദുരന്തകാലങ്ങളിലെ കരുതലും ജനങ്ങളുടെ ഓർമയിലുണ്ട്‌. മന്ത്രിയായിരുന്ന കാലത്തെ വിവാദങ്ങളും അഴിമതികളും ജയലക്ഷ്‌മിക്ക്‌ ഇപ്പോഴും തലവേദനയാണ്‌. കോൺഗ്രസിനുള്ളിലെ എതിർശബ്ദങ്ങളും അവസാനിച്ചിട്ടില്ല. ഭർത്താവിന്റെ ബിജെപി ബന്ധവും ചർച്ചയാണ്‌.

ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ എൽജെഡി സംസ്ഥാന പ്രസിഡന്റ്‌ എം വി ശ്രേയാംസ്‌കുമാറും കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ടി സിദ്ദിഖുമാണ്‌ ഏറ്റുമുട്ടുന്നത്‌. ബിജെപിയിലെ ടി എം  സുബീഷാണ് എൻഡിഎ സ്ഥാനാർഥി. ‌  13 സീറ്റുള്ള കോഴിക്കോട്ടു നി‌ന്നെത്തി ഏക ജനറൽ സീറ്റ്‌ തട്ടിയെടുത്തതിനെതിരെ ജില്ലാ നേതാക്കൾ കടുത്ത അമർഷത്തിലാണ്‌. ഡിസിസി എതിർത്തിട്ടും അടിച്ചേൽപ്പിച്ചു. ഒടുവിൽ മുസ്ലിംലീഗിന്റെ നോമിനിയെന്ന നിലയിലാണ്‌‌ സിദ്ദിഖിന്റെ പ്രചാരണം.  

സിറ്റിങ് എംഎൽഎ സിപിഐ എമ്മിലെ സി കെ ശശീന്ദ്രന്റെ മികവിൽ കൽപ്പറ്റയിൽ സമാനതകളില്ലാത്ത വികസനമാണുണ്ടായത്‌. മികച്ച ആതുരാലയങ്ങളും ഹൈടെക്‌ പാതകളും ജില്ലാ സ്‌റ്റേഡിയവും മൾട്ടിപർപ്പസ്‌ ഇൻഡോർ സ്‌റ്റേഡിയവും മികവിന്റെ  ഉദാഹരണങ്ങൾ‌. ഈ വികസന നേട്ടങ്ങളും മണ്ഡലത്തിലെ മുൻ എംഎൽഎയെന്നതും ജില്ലക്കാരനെന്നതും ശ്രേയാംസിന്റെ വിജയം ഉറപ്പാക്കും.
ബത്തേരിയിൽ സിറ്റിങ് എംഎൽഎ കോൺഗ്രസിലെ ഐ സി ബാലകൃഷ്‌ണൻ മൂന്നാം തവണ ഭാഗ്യം പരീക്ഷിക്കുമ്പോൾ കാര്യങ്ങൾ ശുഭകരമല്ല. കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കുന്ന  കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന എം എസ്‌ വിശ്വനാഥനാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി.  ഡിസിസി പ്രസിഡന്റുകൂടിയായ ബാലകൃഷ്‌ണനെതിരെ കോൺഗ്രസിൽ അമർഷം ശക്തമാണ്‌. വീണ്ടും എൻഡിഎയിൽ ചേർന്ന സി കെ ജാനുവാണ്‌ ബിജെപി സ്ഥാനാർഥി. രാഷ്‌ട്രീയ ജനതാ പാർടിയുടെ സംസ്ഥാന അധ്യക്ഷയായ ജാനു താമര ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌.  കഴിഞ്ഞ തവണയും ഇവരായിരുന്നു എൻഡിഎ സ്ഥാനാർഥി.

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കമിട്ടതോടെ ‌ വയനാട്ടിൽ എൽഡിഎഫ്‌ ക്യാമ്പ്‌ വർധിത ആവേശത്തിലാണ്‌.