ഇക്കൊല്ലവും 
മുന്നേറ്റം തുടരും: ഇടതുകാറ്റിന്റെ കരുത്ത്‌ കൊല്ലത്ത് കൂടുതല്‍ ശക്തിയാര്‍ജിക്കും

Sunday Mar 28, 2021
ജയന്‍ ഇടയ്ക്കാട്

കൊല്ലം> കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടലോരംമുതൽ കിഴക്കൻ അതിർത്തിവരെ വീശിയടിച്ച ഇടതുകാറ്റിന്റെ കരുത്ത്‌ പൂർവാധികം ശക്തമായ ദൃശ്യമാണ്‌ കൊല്ലം ജില്ലയിൽ. തുടർഭരണത്തിനായി ഒപ്പമുണ്ട്‌ തങ്ങളും എന്ന വികാരം.  ഇടതു പ്രസ്ഥാനങ്ങൾക്ക്‌  ആഴത്തിൽ വേരോട്ടമുള്ള ജില്ലയിൽ കശുവണ്ടി, കയർ, മത്സ്യത്തൊഴിലാളികൾ അടക്കമുള്ളവരുടെ ജീവിത ഉന്നമനമാണ്‌ ചർച്ച. ഇല്ലാത്ത‌ കരാറുകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ശ്രമവും ഏൽക്കുന്നില്ലെന്ന്‌ തീരപ്രദേശം പറയുന്നു. ‌

സീറ്റ്‌ നൽകുന്നതിലെ അനീതിയും  പൊട്ടിക്കരച്ചിലുകളും ബദൽ നീക്കങ്ങളുംകൊണ്ട്‌ കലുഷിതമായ യുഡിഎഫ്‌ ക്യാമ്പിൽ ഇനിയും സമാധാനം അടുത്തിട്ടില്ല. രാഹുൽ ഗാന്ധിയുടെ ‘ കടൽചാട്ട’വും അതിനുമുന്നോടിയായി നടന്ന നാടകങ്ങളും ഇന്നും നാട്ടിൽ തമാശ.ജെ മേഴ്‌സിക്കുട്ടിഅമ്മയുടെ തുടർ വിജയം ചരിത്രംകുറിക്കുന്ന വിധമാകണമെന്ന വാശിയിലാണ്‌ കുണ്ടറ. കോൺഗ്രസ്‌ പിന്തുണയോടെ ഇഎംസിസി കമ്പനി ഡയറക്‌ടർ മത്സരത്തിനിറങ്ങിയതടക്കം ഇടതുപക്ഷത്തിനെതിരായി നടത്തിയ ഗൂഢാലോചനകൾക്കുള്ള ചുട്ടമറുപടിയാകും ഫലം. യാദൃച്ഛികമായി കുണ്ടറയിൽ ചാടിയ  വിഷ്ണുനാഥ്‌ പ്രാദേശിക കോൺഗ്രസ്‌ പ്രവർത്തകരുടെ എതിർപ്പും നേരിടുന്നു. എൻഡിഎ–യുഡിഎഫ്‌ ഡീൽ ചർച്ചയായ മണ്ഡലത്തിൽ  ബിഡിജെഎസ്‌ സ്ഥാനാർഥി വനജ കാര്യമായ സാന്നിധ്യമാകാത്തതും സംശയം ബലപ്പെടുത്തുന്നു.

കൊട്ടാരക്കരയുടെ സൗമ്യമുഖമാകുകയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി കെ എൻ ബാലഗോപാൽ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപക്ഷം‌ വ്യക്തമായ മുന്നേറ്റംകുറിച്ച ഇവിടെ ഒരു ചുവടുകൂടി കയറാനുള്ള ഒരുക്കത്തിലാണ്‌. കോൺഗ്രസിലെ പടലപ്പിണക്കം തീർക്കാൻ നേതൃത്വത്തിനായിട്ടില്ല.  കൊടിക്കുന്നിൽ സുരേഷിന്റെ സ്വന്തം സ്ഥാനാർഥി മാത്രമായാണ്‌ യുഡിഎഫിലെ ആർ  രശ്‌മിയെ പ്രദേശത്തെ കോൺഗ്രസുകാർ കാണുന്നത്‌. എ ഗ്രൂപ്പുകാർ പരസ്യമായിത്തന്നെ ഇക്കാര്യം അംഗീകരിക്കുന്നുണ്ട്‌. ‌ ഗ്രൂപ്പടിസ്ഥാനത്തിൽ കൺവൻഷനുകൾവരെ നടന്നു.

ബിജെപിയും കോൺഗ്രസും രണ്ടാം സ്ഥാനത്തിന്‌ മത്സരിക്കുന്ന ചാത്തന്നൂരിൽ സിറ്റിങ്‌ എംഎൽഎ ആയ ജയലാൽ മണ്ഡലത്തിൽ വരുത്തിയ മാറ്റംവഴി ജനാംഗീകാരത്തിന്റെ  നെറുകയിലാണ്‌.  ചാമക്കാലയെന്ന മേൽവിലാസവുമായി ‌ പത്തനാപുരത്തിന്റെ പടി ചവിട്ടരുതെന്ന്‌  ജ്യോതികുമാറിന്‌ ‌ കോൺഗ്രസുകാർതന്നെ മുന്നറിയിപ്പ്‌ നൽകി‌. എങ്കിലും കെ ബി ഗണേഷ്‌കുമാറുമായി  ശക്തമായ പോരാട്ടത്തിനാണ്‌ ചാമക്കാലയുടെ ‌ശ്രമം. ചടയമംഗലത്ത്‌ സീറ്റ്‌ കിട്ടാത്ത വാശിയിൽ, യുഡിഎഫ്‌ സ്ഥാനാർഥിയായ എം എം നസീറിന്‌ ഏണിയായി ലീഗുണ്ട്‌‌‌. വിജയം ജെ ചിഞ്ചുറാണിക്കൊപ്പമാകുമെന്നതിൽ നാട്ടുകാർക്ക്‌ സംശയമില്ല.  

ജപ്‌തി നോട്ടീസ്‌ നാടകം വരുത്തിയ ജാള്യതയിലാണ്‌  കരുനാഗപ്പള്ളിയിലെ യുഡിഎഫ്‌ സ്ഥാനാർഥി  സി ആർ  മഹേഷ്‌. നാട്ടിലും നഗരത്തിലും മേൽകൈ നേടിയാണ്‌  ആർ രാമചന്ദ്രന്റെ പ്രചാരണം‌. ‌ ആർഎസ്‌പി മത്സരിക്കുന്ന ചവറയിൽ ആഴക്കടൽ നുണകൾ വേവിക്കാമെന്ന  ഷിബുബേബിജോണിന്റെ  വ്യാമോഹത്തെ പൊളിച്ചടുക്കുകയാണ്‌ സുജിത്‌ വിജയൻപിള്ള.  കൂടെപ്പിറപ്പായ ‌കോവൂർ കുഞ്ഞുമോനാണ്‌ കുന്നത്തൂരിലെ ജനങ്ങളുടെ മനസ്സിൽ ‌എന്നും എംഎൽഎ. വീണ്ടും തോൽപ്പിക്കരുതേ എന്ന ഉല്ലാസ്‌ കോവുരിന്റെ  അഭ്യർഥനതന്നെ പരാജയം സമ്മതിക്കുന്നതാണ്‌.

മേൽവിലാസം ഇടയ്‌ക്കിടെ മാറുന്ന ബാബു ദിവാകരനെ ഇരവിപുരത്തുകാർ കണ്ട മട്ടില്ല.  മിന്നും താരമാണ്‌ എം നൗഷാദ്‌. സീറ്റു വിഭജനത്തർക്കത്തിന്‌ ഒടുവിൽ പുനലൂരിൽ ഓടിക്കയറുകയായിരുന്നു ലീഗിന്റെ അബ്‌ദുൾ റഹ്‌മാൻ  രണ്ടത്താണി. പുത്തരിയല്ലാത്ത പുനലൂർ പി എസ്‌ സുപാലിനൊപ്പമെന്ന്‌ കാഴ്‌ചകളിൽ വ്യക്‌തം.എൽഡിഎഫ്‌ പ്രചാരണത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ, സുഭാഷിണി അലി, എസ്‌ ആർ പി,  എം എ ബേബി, ഡി  രാജ, സീതാറാം യെച്ചൂരി, പ്രകാശ്‌ കാരാട്ട്, എ വിജയരാഘവൻ തുടങ്ങി നേതാക്കൾ ജില്ലയിലെത്തി.  എൻഡിഎ പ്രചാരണത്തിന്‌ അമിത്‌ ഷാ വന്നു. യുഡിഎഫിനുവേണ്ടി ‌ പ്രിയങ്ക ഗാന്ധി 30ന്‌ എത്തും.