ജനങ്ങളിലലിഞ്ഞ്‌

Saturday Mar 27, 2021
സി എ പ്രേമചന്ദ്രൻ
ഒല്ലൂരിൽ തെരഞ്ഞെടുപ്പ്‌‌ റാലി ഉദ്‌ഘാടനം ചെയ്യാനെത്തിയ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രവർത്തകർക്കൊപ്പം ചുവന്ന ബലൂൺ പറത്തുന്നു / കെ എസ്


തൃശൂർ
ഇവിടെ അതിരുകളില്ല; ജനങ്ങളുടെ ആവേശത്തിനും യെച്ചൂരിയുടെ സ്‌നേഹത്തിനും. നിറഞ്ഞ ചിരിയുമായി സമരനായകനിറങ്ങിവരുമ്പോൾ ഇളകിമറിയുന്ന ജനക്കൂട്ടം. ആൾക്കൂട്ടത്തിനടുത്തെത്തുമ്പോൾ സ്വതസിദ്ധമായ നൈർമല്യത്തോടെ നർമം വിതറിയുള്ള സംസാരം.

പ്രസംഗത്തിൽ കോർപറേറ്റ്‌ അനുകൂല സാമ്പത്തിക നയങ്ങളേയും വർഗീയതയേയും തൊലിപൊളിച്ചുകാട്ടുന്ന, ആറ്റിക്കുറുക്കിയ വാക്കുകൾ. സാംസ്‌കാരിക നഗരിയുടെ ഹൃദയചലനങ്ങളെത്തൊട്ടറിഞ്ഞായിരുന്നു വെള്ളിയാഴ്‌ച ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ അമരക്കാരന്റെ പ്രചാരണ പര്യടനം.

അനശ്വര രക്തസാക്ഷി കൊച്ചനിയന്റെ  നാടായ  മണ്ണുത്തിയിലായിരുന്നു ആദ്യ പരിപാടി. ഒല്ലൂരിലെ എൽഡിഎഫ്‌  സ്ഥാനാർഥി കെ രാജന്റെ തെരഞ്ഞെടുപ്പു റാലി‌. ചെങ്കൊടികളുമായി ജനങ്ങൾ ഒഴുകിയെത്തിക്കൊണ്ടേയിരുന്നു. വേദിയിൽ നാടുണർത്തുപാട്ടുകൾ‌. നിറചിരിയുമായി യെച്ചൂരി വന്നിറങ്ങി. വേനൽമഴയിലെ ഇടിമുഴക്കം പോലെ പ്രിയ സഖാവിന് റെഡ് സല്യൂട്ട്.  നിമിഷങ്ങൾക്കകം  ചുവപ്പണിഞ്ഞ പെൺകുട്ടികൾ പറന്നിറങ്ങി ഫ്‌ളാഷ്‌മോബ്‌. കാലത്തിന്റെ മാറ്റം അടയാളപ്പെടുത്തി മൊബൈൽ ഫോണിൽ പകർത്തിയ ആ ദ്യശ്യങ്ങൾ  നിമിഷങ്ങൾക്കകം മണ്ണുത്തിയും മലയാളക്കരയും കടന്ന് ദേശാന്തരങ്ങളിലേക്ക്. ജനങ്ങളിൽ അലിഞ്ഞ യെച്ചൂരിയും വീണ്ടും ചുവക്കുന്ന കൊച്ചു കേരളവും വൈറൽ.  

‘ സഖാക്കളേ .... എനിക്ക്‌ മലയാളം അറിയില്ല. തെലുങ്കാണ്‌ എന്റെ  ഭാഷ . ഞാൻ ഇംഗ്ലീഷിലാണ്‌ സംസാരിക്കുക... മലയാളത്തിൽ  തർജമയുണ്ടാവും.’ ആദ്യ വാക്കുകളിൽത്തന്നെ  ജനം ഇളകി മറിഞ്ഞു.  ഇടയ്‌ക്ക്‌ മൈക്ക്‌ പ്രവർത്തിക്കാതായപ്പോൾ ‘ ടൈം ഗ്യാപ്പ്‌ തരികയാണല്ലേ’യെന്ന കുസൃതിച്ചോദ്യമെറിഞ്ഞ്‌ അന്തരീക്ഷത്തിന്റെ പിരിമുറുക്കം കുറച്ചു. പ്രസംഗശേഷം  സദസ്സിലേക്കിറങ്ങി  ഫ്ളാഷ്‌മോബ്‌  അവതരിപ്പിക്കുന്ന പെൺകുട്ടികൾക്കൊപ്പംനിന്ന്‌ ചുവന്ന ബലൂണുകൾ  ഉയർത്തിവിട്ടു. 

ഉച്ചക്ക്‌ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ  അൽപസമയ വിശ്രമം. ഇടയ്‌ക്ക്‌ ചാംസ്‌ വലിച്ച്‌ ‌ പുകയെടുത്തു.  പുകവലിയെക്കുറിച്ച്‌ ചോദിച്ചപ്പോൾ  ‘ചാംസ്‌ ബ്രാൻഡും പാർടിയും മാറുന്ന പ്രശ്‌നമില്ലെ’ന്ന്‌ കുസൃതിച്ചിരികലർന്ന മറുപടി. 28വരെ കേരളത്തിൽ പര്യടനം തുടരും.  പിന്നീട്‌ തമിഴ്‌നാട്ടിലേക്ക്‌. ബംഗാളിൽ പുതിയ പ്രതീക്ഷകളാണുയരുന്നതെന്നും യെച്ചൂരി. വിശ്രമത്തിനുശേഷം‌  പത്രസമ്മേളനം.  

വൈകിട്ട്‌‌ വടക്കാഞ്ചേരിയിലെ മഹാപ്രകടനത്തിന്റെ മുൻനിരയിൽ തുറന്ന ജീപ്പിൽ സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളിക്കൊപ്പം യെച്ചൂരിയും ചേർന്നതോടെ ജനസഹസ്രം ഇരമ്പിയാർത്തു.  ‘പൗരത്വ നിയമദേദഗതിയിലൂടെ നാടിനെ രണ്ടാക്കി മുറിക്കാനാണ്‌  മോഡി സർക്കാർ ശ്രമിക്കുന്നത്‌.‌  വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയശക്തികളിൽ നിന്ന്‌ നാടിനെ രക്ഷിക്കാനുള്ള പോരാട്ടത്തിന്‌ കേരളം ശക്തിപകരും’  യെച്ചൂരിയുടെ വാക്കുകൾ ജനം ഏറ്റെടുത്തു.   
വൈകിട്ട്‌  ഗുരുവായൂരിലെ എൽഡിഎഫ്‌ സ്ഥാനാർഥി എൻ കെ അക്‌ബറിന്റെ തെരഞ്ഞെടുപ്പു റാലിയിലും ആവേശം വിതറി. ചാവക്കാട്ടേക്ക്‌ കടലോളം സ്‌നേഹവുമായി തീരദേശ ജനത.

‘ആദ്യ കമ്യൂണിസ്‌റ്റ്‌ സർക്കാരിനെ അധികാരത്തിലേറ്റി ചരിത്രം സൃഷ്ടിച്ച കേരളം എൽഡിഎഫ്‌ തുടർഭരണമെന്ന പുതുചരിത്രം രചിക്കും. ആ വിജയാഹ്ലാദം പങ്കിടാനും താനെത്തും ’ നിലയ്‌ക്കാത്ത കയ്യടിക്കിടെ യെച്ചൂരി പറഞ്ഞു. ആ  അലയടി ചാവക്കാടൻ കടലിലെ തിരമാലകൾപോലെ ഇരമ്പിയാർത്തുകൊണ്ടേയിരുന്നു.