കോട്ടയിൽ കാറ്റ്‌ പിടിക്കില്ല

Saturday Mar 27, 2021
വേണു കെ ആലത്തൂർ


‌പാലക്കാട്‌
പൊരിവെയിലിനൊപ്പം തെരഞ്ഞെടുപ്പ്‌ ചൂടിൽ തിളച്ചുമറിയുകയാണ്‌ കേരളത്തിന്റെ നെല്ലറ. മിക്ക ദിവസവും 40 ഡിഗ്രിക്കുമുകളിലാണ് ചൂട്. കർഷകരും കർഷകത്തൊഴിലാളികളും ഏറെയുള്ള ജില്ലയിൽ ഇടതുപക്ഷത്തിന്‌ എക്കാലവും മേൽക്കൈയുണ്ട്‌. അത്‌ പാലക്കാടൻ കോട്ട പോലെ ഉറച്ചത്‌‌.  പ്രതിപക്ഷം കിണഞ്ഞ്‌ പരിശ്രമിച്ചിട്ടും നുണക്കാറ്റുകൾ ഏൽക്കാത്ത കോട്ട.

നാലര ലക്ഷം ക്ഷേമപെൻഷൻകാർ, ഏഴ്‌ ലക്ഷം റേഷൻ ഗുണഭോക്താക്കൾ, ഒരു ലക്ഷം വരുന്ന ചെറുകിട–-ഇടത്തരം കർഷകർ, ആദിവാസി മേഖല, വ്യവസായ മേഖല, ഇവയെല്ലാം ഉൾപ്പെടുന്നതാണ്‌ പാലക്കാട്‌. 12 നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫിന്‌ ഒമ്പതും യുഡിഎഫിന്‌ മൂന്നും‌. പാലക്കാട്‌, മണ്ണാർക്കാട്‌, തൃത്താല എന്നിവ തിരിച്ചുപിടക്കാൻ പേരാടുന്നു‌ എൽഡിഎഫ്‌.

പ്രചാരണത്തിൽ ബഹുദൂരമുന്നേറ്റമുണ്ടാക്കിയ എൽഡിഎഫ്‌  സ്ഥാനാർഥികളുടെ സ്വീകരണം അവസാനഘട്ടത്തിലാണ്‌. യുഡിഎഫും ബിജെപിയും വൈകിയാണ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്‌‌. പിണറായി സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾതന്നെയാണ് മുഖ്യ പ്രചാരണ വിഷയം. 

മുഖ്യമന്ത്രി  പിണറായി വിജയന്റെ ജില്ലാ പര്യടനം വൻ ജനമുന്നേറ്റമായി. മന്ത്രി കെ കെ ശൈലജ, എം എ ബേബി എന്നിവരും എത്തി. യുഡിഎഫ് പ്രചാരണത്തിന് രാഹുൽ ഗാന്ധി, ഉമ്മൻചാണ്ടി എന്നിവർ എത്തി. ബിജെപിക്കുവേണ്ടി കേന്ദ്രമന്ത്രി അമിത്‌ ഷാ കഞ്ചിക്കോട്ട്‌ റോഡ്‌ഷോ നടത്തി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള, സുഭാഷിണി അലി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ 27നും പ്രധാനമന്ത്രി നരേന്ദ്രമോഡി 30നും പാലക്കാട്ടെത്തുന്നുണ്ട്‌.

കോൺഗ്രസിലെ ഗ്രൂപ്പ്‌ കലാപം നേതാക്കൾ ഇടപെട്ട്‌  വാഗ്ദാനങ്ങൾ നൽകി  തണുപ്പിച്ചെങ്കിലും മുറുമുറുപ്പ്‌ തീർന്നില്ല. ഇടഞ്ഞുനിൽക്കുന്ന മുൻ ഡിസിസി പ്രസിഡന്റ്‌ എ വി ഗോപിനാഥിന്റെ വീട്ടിൽ അർധരാത്രി എത്തിയാണ്‌ ഉമ്മൻചാണ്ടി ചർച്ച നടത്തിയത്‌. വനിതകളെ തഴയുന്നതിൽ പ്രതിഷേധിച്ച്‌  ഒറ്റപ്പാലം ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ കെ കെ ഗിരിജ രാജിവച്ചു.  മണ്ഡലം കോൺഗ്രസ് ഭാരവാഹികളക്കം സിപിഐ എമ്മുമായി സഹകരിക്കുന്നു.

കോങ്ങാട്‌, നെന്മാറ സീറ്റുകൾ ഘടകകക്ഷികൾക്ക്‌ നൽകിയതോടെയാണ്‌ കോൺഗ്രസിൽ പ്രശ്‌നം കൂടുതൽ രൂക്ഷമായത്‌. എന്നാൽ, യുഡിഎഫ്‌ പ്രതീക്ഷ ബിജെപി വോട്ടിലാണ്‌. മലമ്പുഴയിൽ യുഡിഎഫ്‌ വോട്ട്‌ ബിജെപിക്കും ‌നാലിടത്ത്‌ ബിജെപി വോട്ട്‌ യുഡിഎഫിനും എന്ന ഡീൽ ഇതിനകം വലിയ ചർച്ചയായി. 

ആലത്തൂർ, ചിറ്റൂർ, പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, തരൂർ, കോങ്ങാട്, നെന്മാറ  എന്നിവിടങ്ങളിൽ എൽഡിഎഫ്‌ ഏറെ മുന്നിലാണ്‌. മണ്ണാർക്കാട്‌  ശക്തമാണ്‌ മത്സരം. ‌‌

ത്രികോണ മത്സരമെന്ന്‌ പറയാവുന്ന പാലക്കാട്‌ മണ്ഡലത്തിൽ ബിജെപിയുടെ പ്രതീക്ഷ ഇടിയുന്നു. അവരുടെ എ ക്ലാസ്‌ മണ്ഡലമായ ഇവിടെ ഇ ശ്രീധരനാണ്‌ സ്ഥാനാർഥി. പ്രചാരണത്തിന്‌ വീടുകയറില്ല എന്ന്‌ നേരത്തേതന്നെ ഇ ശ്രീധരൻ വ്യക്തമാക്കി‌. മലമ്പുഴയിൽ ത്രികോണ മത്സരമാണെങ്കിലും കോൺഗ്രസ്‌  ദുർബലമാണ്‌. ബിജെപിക്ക്‌ വോട്ട്‌ മറിക്കാൻ  ഘടക കക്ഷിക്ക്‌ സീറ്റ്‌ നൽകാനായിരുന്നു  കോൺഗ്രസ്  തീരുമാനം. എന്നാൽ ഇത്  പരസ്യമായതോടെ സീറ്റ്‌ കോൺഗ്രസ്‌  ഏറ്റെടുത്തു. തൃത്താലയിൽ ഇത്തവണ മത്സരം തീപാറുന്നു. വി ടി ബൽറാമിന്റെ പ്രതീക്ഷകൾ തകർക്കുന്നവിധം എം ബി രാജേഷിന്റെ പ്രചാരണം മുന്നേറുന്നു. സാമുഹ്യ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും ജില്ലയിൽ സജീവമാണ്‌.