താങ്ങായത്‌ സർക്കാർ ; തുടർഭരണം ഉറപ്പാണ്

Friday Mar 26, 2021
കെ സി ലൈജുമോൻ


കാസർകോട്‌
‘‘തുച്ഛമായ വേതനത്തിൽ വർഷങ്ങളായി ജോലിചെയ്‌തിരുന്ന ഞങ്ങളെപ്പോലുള്ളവർക്ക്‌ സംസ്ഥാന സർക്കാരിനോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 5600 രൂപയിൽനിന്നാണ്‌ 12,000 രൂപയാക്കി തന്നത്’’–- കാസർകോട്‌ നഗരസഭയിലെ സ്‌കൗട്ട്‌ ഭവൻ അങ്കണവാടി വർക്കർ എൻ എസ്‌ അനിതയും ഹെൽപ്പർ ബദറുന്നീസയും മനസ്സുതുറന്നു.

006ൽ ജോലികിട്ടുമ്പോൾ 700 രൂപയായിരുന്നു ഓണറേറിയം. വിദ്യാനഗർ നെൽക്കളയിലെ കൊച്ചുവീട്ടിലായിരുന്നു അനിതയും ഓട്ടോഡ്രൈവറായ ഭർത്താവ്‌ സദാശിവനും മകൾ സയനയും താമസിച്ചിരുന്നത്‌. ആറുവർഷം മുമ്പ്‌ സദാശിവൻ മരിച്ചു. അമ്മയ്‌ക്കും മകൾക്കും അങ്കണവാടിയിൽനിന്ന്‌ ലഭിക്കുന്ന ഓണറേറിയം മാത്രമായിരുന്നു ജീവിതവരുമാനം. ഒന്നിനും പണം തികയാതെ വിഷമിച്ച നാളുകൾ.

2016ൽ എൽഡിഎഫ്‌ സർക്കാർ വന്നതോടെയാണ്‌ കഷ്ടതയ്‌ക്ക്‌ അൽപ്പം ആശ്വാസം ലഭിച്ചത്‌. ഓണറേറിയം വർധിപ്പിച്ചു. രണ്ടുവർഷത്തിനുള്ളിൽ 12000 രൂപയാക്കി ഉയർത്തിയതോടെ അല്ലലില്ലാതെ ജീവിക്കാവുന്ന അവസ്ഥയുമായി.  മകൾ സയന ബിഎസ്‌സി നേഴ്‌സിങ്‌ പഠനം പൂർത്തിയാക്കി. കോവിഡ്‌ കാലത്ത്‌  ആരോഗ്യവകുപ്പിൽ താൽക്കാലികമായി സേവനമനുഷ്‌ഠിച്ചു. ഓണറേറിയം മാറി ശമ്പളം ലഭിക്കുന്ന സ്ഥിതിവരണമെങ്കിൽ തുടർഭരണം വേണം. ഇത്തവണ അത്‌ ഉറപ്പാണെന്ന്‌ അനിതയും ബദറുന്നീസയും പറയുന്നു.

ജീവിക്കാൻ പ്രതീക്ഷ നൽകി

വീട്ടുലോൺ, വൈദ്യുതി ബില്ല്, പാചകവാതകം, മരുന്ന്...‌ എല്ലാംകൂടിയാകുമ്പോൾ കിട്ടുന്ന വരുമാനത്തിൽ ജീവിക്കാനാകാത്ത അവസ്ഥ. ജീവിതം അവസാനിപ്പിക്കാൻ തോന്നിയ നാളുകൾ. ഓണറേറിയം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം ജീവിക്കാൻ പ്രേരണയായി.

നെല്ലിക്കുന്ന്‌ അങ്കണവാടി വർക്കർ ഉളിയത്തടുക്കയിലെ പി സുജാത പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഭർത്താവ്‌ രാഘവൻ ഹൃദയ ശസ്‌ത്രക്രിയയെ തുടർന്ന്‌ ജോലിക്ക്‌ പോകാൻ കഴിയാതെ വീട്ടിലായി. ഇതോടെ ജീവിതക്രമങ്ങൾ താളംതെറ്റി. സർവീസിന്‌ ആനുപാതികമായി വേതനം വർധിപ്പിക്കുമെന്ന‌ ബജറ്റ്‌ പ്രഖ്യാപനത്തിലാണ്‌ ഇനി പ്രതീക്ഷകൾ.