ത്രേസ്യാമ്മയ്ക്കിനി വെള്ളപ്പൊക്കത്തെ പേടിക്കേണ്ട

Friday Mar 26, 2021
കെ എസ്‌ ഗിരീഷ്


ആലപ്പുഴ
ത്രേസ്യാമ്മ ഗ്രിഗോറിയസ് എന്ന അറുപത്തിമൂന്നുകാരി ഇനി വെള്ളപ്പൊക്കത്തെ പേടിക്കണ്ട. പ്രളയത്തെ പ്രതിരോധിക്കുന്ന വീടാണ്‌ ആ ഉറപ്പ്‌. എൽഡിഎഫ്‌ സർക്കാരിന്റെ കേരള പുനർനിർമാണ പദ്ധതിയിൽ കുട്ടനാട്ടിൽ നിർമിച്ച പ്രളയാനന്തര വീടുകളിലൊന്നിന്റെ സുരക്ഷയിലും തണലിലുമാണ് ത്രേസ്യാമ്മ‌യും കുടുംബവും.  "സർക്കാർ തുണച്ചതിനാലാണ്‌ ഞങ്ങൾക്ക്‌ ഈ വീട്‌ കിട്ടിയത്‌‌. സർക്കാരിന്റെ നല്ല പദ്ധതിയാണിത്‌. ഏറെ സന്തോഷം'– ത്രേസ്യാമ്മ പറഞ്ഞു.

   കൈനകരി പത്താംവാർഡ്‌ തോട്ടുവാത്തല വേലംപറമ്പിൽ ഗ്രിഗോറിയസിന്റെ ഭാര്യയാണ്‌ ത്രേസ്യാമ്മ. 2018 ലെ മഹാപ്രളയത്തിൽ ഇവരുടെ വീടും വീട്ടിലേക്കുള്ള വഴിയും‌ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തെത്തുടർന്ന് കളർകോട്‌ ചിന്മയ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു താമസം.

വെള്ളം കുറഞ്ഞപ്പോൾ വീടിന്റെ അവസ്ഥയറിയാൻ ഗ്രിഗോറിയസ്‌ എത്തിയപ്പോഴാണ്‌ കരൾ പിളരും കാഴ്‌ച കണ്ടത്‌. എല്ലാം നശിച്ചിരുന്നു. ഇനി എന്തുചെയ്യുമെന്ന്‌ അറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ്‌ പ്രളയത്തെ അതിജീവിക്കുന്ന വീടുകളെക്കുറിച്ചും സർക്കാരിന്റെ പദ്ധതിയെക്കുറിച്ചും അറിഞ്ഞത്‌. കൃഷിക്കാരനാണ്‌ ഗ്രിഗോറിയസ്. മൂന്നു മക്കൾ. രണ്ട്‌ പെണ്ണും ഒരാണും. മറ്റ്‌ മാർഗങ്ങളില്ലാത്തതിനാൽ‌ കേരള പുനർനിർമാണ പദ്ധതിയിൽ വീടിനായി അപേക്ഷിച്ചു. സഹായം ഉറപ്പായി.

തൂണുകളിൽ ഉയർത്തിയാണ് വീട്‌ നിർമിച്ചത്‌‌. മൂന്നുമുറി, അടുക്കള, ഹാൾ അടങ്ങുന്നതാണ്‌ വീട്‌.  2021 ജനുവരി 24നായിരുന്നു‌ കേറിത്താമസം. പുതിയ വീട്‌ വയ്‌ക്കുംവരെ ഷെഡ്‌ കെട്ടിയായിരുന്നു താമസം. കുടുംബശ്രീയിൽനിന്ന്‌ അനുവദിച്ച ഒരുലക്ഷം രൂപയുടെ വായ്‌പ ഉപയോഗിച്ചാണ്‌ ഷെഡ്‌ വച്ചത്‌. നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള പ്രയാസം മൂലമാണ്‌ വീട്‌ പൂർത്തിയാക്കാൻ വൈകിയത്‌. ഒലിച്ചുപോയ വഴിക്ക്‌ പകരം പുതിയത്‌ നിർമിച്ചാണ് സാമഗ്രികളും മറ്റും കൊണ്ടുവന്നത്‌.‌

പ്രളയത്തെ തോൽപ്പിക്കുന്ന 1830 വീടാണ് കുട്ടനാട്ടിൽ  കേരള പുനർനിർമാണ പദ്ധതിയിൽ നിർമിക്കുന്നത്‌. ഇതിൽ 1389 എണ്ണം പൂർത്തിയായി. സർക്കാരിന്റെ നാലുലക്ഷം രൂപയുടെ സഹായത്തോടെ ഗുണഭോക്താവ് സ്വന്തം നിലയിൽ നിർമിക്കുന്ന 1755 ഉം സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ 75 ഉം വീടുകൾ. കെയർ ഹോമിലെ എല്ലാം പൂർത്തിയായി. ഗുണഭോക്താവ് സ്വന്തം നിലയിൽ നിർമാണം പൂർത്തിയാക്കിയ വീടുകൾ 1314. രണ്ടാംഘട്ട ഗഡു അനുവദിച്ചതടക്കം 1434.